റിയാദ്: ഫാഷിസത്തിനെതിരെയും വർഗീയതക്കെതിരെയും സന്ധിയില്ല പോരാട്ടം നടത്തിയ മഹാനായ ദേശീയ നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് റിയാദ് നവോദയ സംഘടിപ്പിച്ച അനുശോചനയോഗം ചൂണ്ടിക്കാട്ടി. സി.പി.എമ്മിന്റെ ദേശീയ, അന്തർദേശീയ മുഖമായിരുന്നു യെച്ചൂരി. അടിയന്തരാവസ്ഥക്കെതിരെ പോരാടിയ അതേ ആവേശത്തിൽതന്നെ സംഘ്പരിവാർ ഫാഷിസത്തിനെതിരെയും മരണംവരെ യെച്ചൂരി പോരാടിക്കൊണ്ടിരുന്നു. ജെ.എൻ.യു ചാൻസലർ പദവിയിൽനിന്നും ഇന്ദിരാഗാന്ധിയെ രാജിവെപ്പിച്ചത് അവരുടെ വസതിയിലേക്ക് യെച്ചൂരിയുടെ നേതൃത്വത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ മാർച്ച് ചെയ്തതിനെ തുടർന്നായിരുന്നു. മോദിയുടെ ഫാഷിസ്റ്റ് സർക്കാറിനെതിരെ തൊഴിലാളികൾ, കർഷകർ, വിദ്യാർഥികൾ തുടങ്ങി വിവിധ വിഭാഗങ്ങൾ നടത്തിയ പ്രക്ഷോഭത്തിലും യെച്ചൂരിയുടെ നേതൃത്വപരമായ പങ്ക് വ്യക്തമാണ്. യെച്ചൂരിയുടെ പ്രസംഗങ്ങൾ ഓരോന്നും രാഷ്ട്രീയ വിദ്യാർഥികളുടെ റഫറൻസുകളാണ്.
സ്വന്തം ജീവിതത്തിൽപോലും മതതരത്വം ഉയർത്തിപ്പിടിച്ചു മാതൃകയായ വ്യക്തിയായിരുന്നു സീതാറാം യെച്ചൂരിയെന്നും പ്രസംഗകർ അഭിപ്രായപ്പെട്ടു. പ്രസിഡൻറ് വിക്രമലാൽ അധ്യക്ഷത വഹിച്ചു. അനിൽ പിരപ്പൻകോട്, കുമ്മിൾ സുധീർ, ഷൈജു ചെമ്പൂര്, നാസർ പൂവാർ, അബ്ദുൽ കാലം, മനോഹരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.