കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
റിയാദ്: സൗദി അറേബ്യയിലെ നഗരങ്ങളിലെ എല്ലാത്തരം നിർമാണങ്ങളും ഇനി മുൻ നിശ്ചിത തനത് വാസ്തുവിദ്യ ശൈലികളിൽ മാത്രം. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ സവിശേഷതകളുടെ അടിസ്ഥാനത്തിൽ രൂപകൽപന ചെയ്ത 19 വാസ്തുവിദ്യ മാതൃകകൾ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പുറത്തിറക്കി.
‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി നഗരങ്ങളുടെ പൈതൃകം ആഘോഷിക്കുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിനും നഗര ഭൂപ്രകൃതി വികസിപ്പിക്കുന്നതിനുമുള്ള കിരീടാവകാശിയുടെ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണിത്. തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട രാജ്യത്തെ പരമ്പരാഗത കെട്ടിട മാതൃകകളെ അടിസ്ഥാനമാക്കിയാണ് ഓരോ മാതൃകയും നിർണയിച്ചത്.
സൗദി വാസ്തുവിദ്യ രാജ്യത്തിന്റെ സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് കിരീടാവകാശി പറഞ്ഞു. പ്രാദേശിക പ്രകൃതിയുമായി ഇണങ്ങുന്ന സുസ്ഥിര നഗരങ്ങൾ വികസിപ്പിക്കുന്നതിനും ആധുനിക രീതികളോടെ പരമ്പരാഗത വാസ്തുവിദ്യ ശൈലി ഉപയോഗിക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്കിടയിലാണ് ഇത് വരുന്നത്.
പുരാതന പൈതൃകത്തിന്റെയും സമകാലിക രൂപകൽപനയുടെയും സംയോജനത്തെ ഇത് പ്രതിനിധീകരിക്കുന്നു. നഗര ഭൂപ്രകൃതി മെച്ചപ്പെടുത്തുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനും പ്രവർത്തിക്കുന്നു. ഭൂതകാലവും വർത്തമാനവും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കുന്നതിനാണ് ഇതെന്നും കിരീടാവകാശി പറഞ്ഞു.
വാസ്തുവിദ്യ ഡിസൈനുകളുടെ നവീകരണത്തിനുള്ള പ്രചോദനത്തിന്റെ ആഗോള ഉറവിടമായിരിക്കുമിത്. നഗരങ്ങളുടെ ആകർഷണീയത വർധിപ്പിച്ച് പരോക്ഷമായ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിന് ഈ വാസ്തുവിദ്യ മാതൃകകൾ സഹായിക്കും. സന്ദർശകരുടെയും വിനോദസഞ്ചാരികളുടെയും എണ്ണത്തിൽ വർധന കൈവരിക്കാനാകും.
ടൂറിസം, ഹോസ്പിറ്റാലിറ്റി, നിർമാണം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളുടെ വളർച്ചയെ പിന്തുണക്കും. നമ്മുടെ നഗരങ്ങളും കമ്യൂണിറ്റികളും അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ഭാവി കെട്ടിപ്പടുക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുവെന്നും കിരീടാവകാശി പറഞ്ഞു. സൗദി വാസ്തുവിദ്യ രാജ്യത്തിന്റെ വാസ്തുവിദ്യ വൈവിധ്യം വർധിപ്പിക്കാനും നഗരങ്ങളിലെ നഗര ഭൂപ്രകൃതി മെച്ചപ്പെടുത്താനും പ്രാദേശിക കഴിവുകൾ ശാക്തീകരിക്കാനും ലക്ഷ്യമിട്ടാണ്. രാജ്യത്തിന്റെ ആഭ്യന്തര ഉൽപാദനത്തിൽ വാസ്തുവിദ്യ 800 കോടി റിയാൽ സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
വിവിധ വാസ്തുവിദ്യ മാതൃകകൾ
2030ഓടെ എൻജിനീയറിങ്, നിർമാണ, നഗരവികസന മേഖലകളിൽ നേരിട്ടും അല്ലാതെയും 34,000 തൊഴിലവസരങ്ങൾ നൽകുന്നതിനും സഹായിക്കും. ഉടമസ്ഥർക്കോ ഡെവലപ്പർമാർക്കോ അധിക സാമ്പത്തിക ബാധ്യതകൾ ചുമത്താതെ പ്രാദേശിക നിർമാണ സാമഗ്രികളുടെ ഉപയോഗം അനുവദിക്കുന്ന ഫ്ലെക്സിബിൾ ഡിസൈൻ മാർഗനിർദേശങ്ങളെ ആശ്രയിക്കുന്നതായിരിക്കും സൗദി വാസ്തുവിദ്യ.
പരമ്പരാഗത, പരിവർത്തന, സമകാലികം ഇത് മൂന്ന് പ്രധാന ശൈലികളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ഓരോ നഗരത്തിന്റെയും യഥാർഥ വാസ്തുവിദ്യാശൈലിയും ഭൂമിശാസ്ത്രപരമായ വ്യാപ്തിയും സംരക്ഷിച്ചുകൊണ്ട് സൃഷ്ടിപരമായ രൂപകൽപനക്ക് ഇടം നൽകുന്നുവെന്നും കിരീടാവകാശി പറഞ്ഞു.
നജ്ദി, വടക്കൻ നജ്ദി, തബൂക്ക് തീരദേശം, മദീന, മദീന ഗ്രാമീണം, ഹിജാസി തീരദേശം, ത്വാഇഫ്, സറവാത് പർവതം, അസീർ, തിഹാമ, തിഹാമ തീരദേശം, അബഹ ഹൈറ്റ്സ്, ഫറസാൻ ദ്വീപുകൾ, ബിഷ മരുഭൂമി, നജ്റാനി, അൽഅഹ്സ ഒയാസിസ്, ഖത്വീഫ്, കിഴക്കൻ തീരദേശം, കിഴക്കൻ നജ്ദി എന്നീ തനത് ശൈലിയിലുള്ള വാസ്തുവിദ്യകളാണ് കിരീടാവകാശി രാജ്യത്ത് അതാതിടങ്ങളിൽ സ്വീകരിക്കാൻ വേണ്ടി അവതരിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.