റിയാദ് മർകസ് കമ്മിറ്റി ഗ്രാൻഡ് ഇഫ്താർ സംഗമം ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: റമദാൻ നൽകുന്നത് കാരുണ്യത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും സന്ദേശമാണെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും ജാമിഅ മർകസ് വൈസ് ചാൻസലറുമായ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അഭിപ്രായപ്പെട്ടു. റിയാദ് മർകസ് കമ്മിറ്റി വനാസ ഇസ്തിറാഹയിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്രതാനുഷ്ടാനം കൊണ്ടർഥമാക്കുന്നത് വിശപ്പും ദാഹവും സഹിക്കൽ മാത്രമല്ല, മനുഷ്യന്റെ സർവ ചലനങ്ങളും സ്രഷ്ടാവിന്റെ ഹിതത്തിന് അനുസരിച്ചാവുക എന്നതാണ്. പരസ്പരം സ്നേഹിക്കാനും മറ്റുള്ളവരെ ഉൾക്കൊള്ളാനുമുള്ള ഹൃദയവിശാലത കൈവരിക്കുമ്പോൾ മാത്രമേ വ്രതത്തിന്റെ ആന്തരിക സത്ത ഉൾക്കൊണ്ടവരായി നാം മാറുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കുടുംബിനികൾ അടക്കം ആയിരങ്ങൾ പങ്കെടുത്ത ഗ്രാൻഡ് ഇഫ്താർ പരിപാടിയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി പ്രാർഥന നടത്തി. പരിപാടിയിൽ റിയാദ് മർകസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ നാസർ അഹ്സനി അധ്യക്ഷത വഹിച്ചു.
പുതുതായി ചുമതലയേറ്റ ഐ.സി.എഫ്, ആർ.എസ്.സി ഭാരവാഹികളെ പരിപാടിയിൽ ആദരിച്ചു. റിയാദ് മർകസ് ജനറൽ സെക്രട്ടറി ഫസൽ കുട്ടശ്ശേരി സ്വാഗതവും സ്വാഗത സംഘം കൺവീനർ മൻസൂർ പാലത്ത് നന്ദിയും പറഞ്ഞു.
ഗ്രാന്റ് ഇഫ്താറിന് മുജീബ് കാലടി, മുനിർ കൊടുങ്ങല്ലൂർ, മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ, ഇബ്രാഹിം കരിം, മൻസൂർ പാലത്ത്, കരിം ഹാജി, മജിദ് മട്ടന്നൂർ, അബ്ദുസമദ് മാവൂർ, ശാക്കിർ കൂടാളി, അഷ്റഫ് ഉള്ളാട്ടിൽ, അബ്ദുല്ലത്വീഫ് മിസ്ബാഹി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.