അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ മന്ത്രിതല സമിതി അംഗങ്ങൾ യോഗത്തിനുശേഷം
റിയാദ്: ഗസ്സയിൽ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണം വെടിനിർത്തൽ കരാർ, യു.എൻ പ്രമേയങ്ങൾ, അന്താരാഷ്ട്ര ഉടമ്പടികൾ, അന്താരാഷ്ട്ര മാനുഷിക നിയമം എന്നിവയുടെ വ്യക്തമായ ലംഘനമാണെന്ന് അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ മന്ത്രിതല സമിതി കുറ്റപ്പെടുത്തി.
പ്രതിരോധമില്ലാത്ത സാധാരണക്കാർ അധിവസിക്കുന്ന പ്രദേശങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ കമ്മിറ്റി ശക്തമായി അപലപിക്കുന്നു. നൂറുകണക്കിന് ഫലസ്തീനികളുടെ മരണത്തിനും പരിക്കിനും ഇത് കാരണമായി. ഇത് ഗസ്സ മുനമ്പിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യങ്ങളെ കൂടുതൽ വഷളാക്കുന്നു.
മേഖലയിലെ സുരക്ഷക്കും സ്ഥിരതക്കും അധിക ഭീഷണിയും നാശവും ഉണ്ടാക്കുന്നു. പ്രാദേശിക സംഘർഷം കൂടുതൽ ഭീഷണമാക്കുന്നതും മേഖലയിൽ ശാന്തവും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്നും മന്ത്രിതല സമിതി പറഞ്ഞു.
ധാർമികവും നിയമപരവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും ഇസ്രായേൽ ആക്രമണവും ലംഘനങ്ങളും ഉടനടി അവസാനിപ്പിക്കാനും യു.എൻ പ്രമേയങ്ങൾ, അന്താരാഷ്ട്ര നിയമം, അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ എന്നിവ പാലിക്കാനും സമ്മർദം ചെലുത്താൻ അടിയന്തിരമായി ഇടപെടാനും ഫലസ്തീൻ ജനതയെ സംരക്ഷിക്കാനും അന്താരാഷ്ട്ര സമൂഹത്തോടുള്ള ആഹ്വാനം സമിതി ആവർത്തിച്ചു.
ഗസ്സയിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ ഇസ്രായേലിനെ നിർബന്ധിക്കണം. മാനുഷിക ദുരന്തം നേരിടുന്ന ഗസ്സ മുനമ്പിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാനുഷിക സഹായം പ്രവേശിക്കുന്നത് ഉറപ്പാക്കാൻ എല്ലാ അതിർത്തികളും തുറക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
ശാശ്വതവും സുസ്ഥിരവുമായ വെടിനിർത്തലിന്റെ അടിയന്തര ആവശ്യകത, ഇസ്രായേൽ ആക്രമണം നിർത്തുക, സംഭാഷണം പുനരാരംഭിക്കുക, ചർച്ചകളിലേക്ക് മടങ്ങുക എന്നിവ കമ്മിറ്റി ഊന്നിപ്പറഞ്ഞു. യു.എൻ പ്രമേയങ്ങൾക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും അനുസൃതമായി ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും അറബ് സമാധാന സംരംഭത്തിന്റെയും ചട്ടക്കൂടിനുള്ളിൽ ഫലസ്തീൻ പ്രശ്നത്തിന് നീതിയുക്തവും സുസ്ഥിരവുമായ പരിഹാരം കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന ഉറച്ച നിലപാട് കമ്മിറ്റി ആവർത്തിച്ചു.
1967ലെ അതിർത്തിയിൽ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതും കിഴക്കൻ ജറസലേം തലസ്ഥാനമായി പാലസ്തീൻ രാഷ്ട്രത്തിന്റെ രൂപവത്കരണവും ഉൾപ്പെടെ ഫലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.