മു​ഹ​മ്മ​ദ് അ​ൽ ജ​ദ്ആ​ൻ

കരാറുകാർ-സർക്കാർ സ്ഥാപനങ്ങൾ തർക്കം തീർക്കാൻ നിർദേശം

റിയാദ്: പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കരാറുകാരും സർക്കാർ ഏജൻസികളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ ധനമന്ത്രി മുഹമ്മദ് അൽ-ജദ്ആൻ നിർദേശം നൽകി. തർക്കങ്ങൾ പരിഹരിക്കാൻ കൂടുതൽ സാധ്യതകൾ തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൂർത്തിയായിക്കഴിഞ്ഞ പദ്ധതികളുടെ കുടിശ്ശികയുള്ള കരാർ തുക എത്രയും വേഗം നൽകണമെന്നും സർക്കാർ വകുപ്പുകളോടും ഏജൻസികളോടും മന്ത്രി ആവശ്യപ്പെടുകയും ചെയ്തു.

മന്ത്രിയുടെ ഇടപെടലിൽ സൗദി നാഷനൽ കോൺട്രാക്ടേഴ്സ് കമ്മിറ്റി ചെയർമാൻ ഹമദ് അൽ-ഹമ്മാദ് തൃപ്തി രേഖപ്പെടുത്തി. മന്ത്രിയുടെ നീക്കം കരാർ മേഖലയിൽ പ്രതിഫലിപ്പിക്കുമെന്നും രാജ്യപുരോഗതിക്ക് വേഗം കൈവരുത്തുമെന്നും അദ്ദേഹം പ്രത്യാശിച്ചു. കുടിശ്ശിക ലഭിക്കുന്നതിലെ കാലതാമസം പദ്ധതി പ്രവർത്തനങ്ങൾ മുടങ്ങാൻ ഇടയാകുന്നുണ്ട്.

കരാറുകാർ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണിതെന്ന് അൽ-ഹമ്മാദ് ചൂണ്ടിക്കാട്ടി. ഫണ്ട് ലഭ്യത കരാർ കമ്പനികളുടെ മെച്ചപ്പെട്ട പ്രവർത്തനത്തിന് സഹായിക്കുമെന്നും അത് രാജ്യത്തിന്റെ അഭിവൃദ്ധിക്ക് മികച്ച സംഭാവന നൽകുമെന്നും അദ്ദേഹം പറഞ്ഞു. പണലഭ്യത നിർമാണ പ്രവർത്തനങ്ങളുടെ പ്രധാന ചാലകങ്ങളിലൊന്നായതിനാൽ മന്ത്രിതല നിർദേശം ദേശീയ കമ്പനികളുടെ നിലനിൽപ്പിനെയും സഹായിക്കും.

കരാറുകാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിലും അവ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിലും കോൺട്രാക്ടേഴ്‌സ് കമ്മിറ്റി ബദ്ധശ്രദ്ധരാണ്. കാഴ്ചപ്പാടുകളും നിർദേശങ്ങളും ബന്ധപ്പെട്ട സർക്കാർ ഏജൻസികളിലും മന്ത്രാലയത്തിലും അവതരിപ്പിക്കുന്നതിലും കമ്മിറ്റി മുന്നിൽതന്നെയുണ്ടെന്ന് അൽ-ഹമ്മാദ് അവകാശപ്പെട്ടു.

1,76,000ത്തിലധികം സ്ഥാപനങ്ങളാണ് കരാർ മേഖലയിൽ പ്രവർത്തിക്കുന്നത്. ഏകദേശം മൂന്ന് ശതമാനം വാർഷിക വളർച്ചനിരക്ക് രേഖപ്പെടുത്തുന്ന മേഖല രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജി.ഡി.പി) 5.5 ശതമാനവും എണ്ണ ഇതര ജി.ഡി.പിയിൽ 10.7 ശതമാനവും സംഭാവന ചെയ്യുന്നുണ്ട്.2021ൽ രാജ്യം മുന്നോട്ടുവെച്ച 1,200 കോടി ഡോളർ മൂല്യമുള്ള 540ലധികം പദ്ധതികളാണ് കമ്പനികൾ ഏറ്റെടുത്തത്. അവയിലേറെയും കെട്ടിട നിർമാണം, ഊർജം, ഗതാഗതം എന്നീ മേഖലകളിലാണ്.

Tags:    
News Summary - Contractors-Government institutions are directed to settle the dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.