റിയാദ്: അറബ് മേഖലയിലെ പരിസ്ഥിതികാര്യങ്ങളുടെ തലസ്ഥാനമായി റിയാദ് നഗരത്തെ തിരഞ്ഞെടുത്തു. സൗദി അറേബ്യയുടെ അധ്യക്ഷതയിൽ ജിദ്ദയിൽ നടന്ന അറബ് രാജ്യങ്ങളിലെ പരിസ്ഥിതികാര്യ മന്ത്രിമാരുടെ കൗൺസിലിന്റെ 35ാമത് സെഷനിലാണ് രണ്ടു വർഷത്തേക്ക് ‘അറബ് പരിസ്ഥിതി തലസ്ഥാനം’ ആയി റിയാദിനെ തിരഞ്ഞെടുത്തത്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലും സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിലും റിയാദ് മുൻകൈയെടുത്ത് നടത്തുന്ന ശ്രമങ്ങൾക്കുള്ള അംഗീകാരമായാണിത്.
അറബ് ലീഗിന്റെ സഹകരണത്തോടെ ഈ മാസം 13 മുതൽ 17 വരെ സൗദി പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം സംഘടിപ്പിച്ച കൗൺസിൽ യോഗത്തിൽ വിവിധ അറബ് രാജ്യങ്ങളിലെ മന്ത്രിമാരും പ്രാദേശിക പ്രതിനിധികളും അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. ‘അറബ് പരിസ്ഥിതിയുടെ തലസ്ഥാനം’ എന്ന പദവി ലഭിച്ചതിനാൽ ഇനി ജനങ്ങൾക്കിടയിൽ പരിസ്ഥിതി അവബോധം വർധിപ്പിക്കുന്നതിനും സുസ്ഥിരതയെ പിന്തുണക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള കാമ്പയിനുകൾക്കും പദ്ധതികൾക്കും മറ്റു നിരവധി പ്രവർത്തനങ്ങൾക്കും ഇവന്റുകൾക്കും റിയാദ് നഗരം സാക്ഷ്യം വഹിക്കും.
‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി പരിസ്ഥിതി പ്രവർത്തനത്തിനും സുസ്ഥിര വികസനത്തിനുമുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ റിയാദിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ഈ അംഗീകാരം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.