റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് ഒക്ടോബർ 21ലേക്ക് മാറ്റി. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പറിനാണ് കോടതി ഇത് സംബന്ധിച്ച സന്ദേശം അയച്ചത്. നേരത്തെ കോടതി ഒക്ടോബർ 17 ആയിരുന്നു സിറ്റിങ്ങിനായി നിശ്ചയിച്ചിരുന്നത്. പുതിയ സാഹചര്യം വിലയിരുത്താൻ റിയാദിലെ റഹീം സഹായ സമിതി അടിയന്തിര സ്റ്റിയറിങ് കമ്മറ്റി ചേരുകയും റഹീമിന്റെ അഭിഭാഷകനുമായി സംസാരിക്കുകയും ചെയ്തതായും മോചന ഹരജിയിൽ തിങ്കളാഴ്ച അനുകൂലമായ വിധിയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
റഹീം കേസുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള കാര്യങ്ങൾ പൊതുസമൂഹത്തോടെ വിശദീകരിക്കുന്നതിന് വേണ്ടി നാളെ വൈകീട്ട് ഏഴിന് ബത്ഹ ഡി-പാലസ് ഹാളിൽ പൊതുയോഗം ചേരുമെന്ന് സഹായ സമിതി ചെയർമാൻ സി.പി. മുസ്തഫ, ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ എന്നിവർ അറിയിച്ചു.
സംഘടന നേതാക്കൾ, മാധ്യമപ്രവർത്തകർ, പൊതുപ്രവർത്തകർ തുടങ്ങി കേസുമായി തുടക്കം മുതൽ സഹകരിച്ച എല്ലാവരെയും യോഗത്തിന് ക്ഷണിക്കുന്നതായും വിവിധ ഗ്രൂപ്പുകളിൽ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയതായും സഹായ സമിതി ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.