ജിദ്ദ: കോവിഡിനെ പ്രതിരോധിക്കുന്നതിൽ മഹാമാരിയുടെ രൂക്ഷകാലത്ത് നാം നേടിയെടുത്ത നേട്ടങ്ങൾ സംരക്ഷിക്കാനുള്ള ഒരേയൊരു മാർഗം ആരോഗ്യ മുൻകരുതൽ പാലിക്കലാണെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. ആരോഗ്യ മുൻകരുതൽ പാലിക്കുന്നതിൽ ആരും അലംഭാവം കാണിക്കരുതെന്നും മന്ത്രി ട്വിറ്ററിൽ ആവശ്യപ്പെട്ടു.
സഹകരണത്തോടൊപ്പം ഒരുപാട് ബുദ്ധിമുട്ടുകൾ നാം നേരിട്ടിട്ടുണ്ട്. അതിലൂടെ നേടിയെടുത്ത നേട്ടങ്ങൾ സംരക്ഷിക്കണം. അലംഭാവം കാരണം അപകടത്തിന് വഴിയൊരുക്കരുത്. മുൻകരുതൽ നടപടികൾ പാലിക്കാനും മറ്റുള്ളവരെ അത് ഒാർമപ്പെടുത്താനും എല്ലാവരും തയാറാവണം. പൊതുവിടങ്ങളിലെല്ലാം നിശ്ചയിക്കപ്പെട്ടിരിക്കുന്ന രോഗപ്രതിരോധ നിർദേശങ്ങൾ അക്ഷരംപ്രതി അനുസരിക്കണം. ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും മന്ത്രി ആവർത്തിച്ച് ആവശ്യപ്പെട്ടു.
കോവിഡ് മുൻകരുതൽ ചട്ടലംഘനത്തിന് എതിരെ രാജ്യത്തെ വിദേശ തൊഴിലാളികളെ ഒാർമിപ്പിച്ച് പബ്ലിക് പ്രോസിക്യൂഷനും രംഗത്തുവന്നു. തൊഴിലാളികൾ സ്വന്തം താമസസ്ഥലങ്ങളിൽ അല്ലാതെ ഒരുമിച്ച് കൂടരുത്. അങ്ങനെ അഞ്ചിൽ കൂടുതലാളുകൾ ഒരുമിച്ച് കൂടിയാൽ അത് ചട്ടലംഘനമാവും. അത് കോവിഡ് പ്രോേട്ടാകോൾ ലംഘനവും കുറ്റകൃത്യവുമാവുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. കോവിഡ് തടയാനുള്ള ആരോഗ്യ മുൻകരുതലും പ്രതിരോധ നടപടികളും എല്ലാവരും പാലിക്കണം. നിർമാണത്തിലിരിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, വിശ്രമ കേന്ദ്രങ്ങൾ, ഫാമുകൾ തുടങ്ങിയ സ്ഥലങ്ങളിൽ അവിടങ്ങളുമായി ബന്ധമില്ലാത്ത അഞ്ചോ അതിലധികമോ ആളുകൾ ഒത്തുചേരുന്നത് നിരോധിച്ചതാണ്. ചട്ടങ്ങൾക്ക് വിരുദ്ധമാണത്. നിയമലംഘനം നടത്തുന്നവർ ശിക്ഷാനടപടികൾക്ക് വിധേയമാകേണ്ടിവരുമെന്നും പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.