ജിദ്ദ: ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ് വാക്‌സിൻ സൗദിയിലെ ആസ്ട്ര സെനെക വാക്‌സിൻ തന്നെയെന്ന് സൗദി അധികൃതർ അംഗീകരിച്ചതായി റിയാദ് ഇന്ത്യൻ എംബസി അറിയിച്ചു. സൗദി അറേബ്യയിൽ അംഗീകരിച്ച നാല് കോവിഡ് വാക്സിനുകളിൽ കോവിഷീൽഡ് വാക്സിൻ 'ആസ്ട്ര സെനെക' എന്ന പേരിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആസ്ട്ര സെനെക എന്ന കമ്പനിയുടെ വാക്സിെൻറ പേരാണ് കോവിഷീൽഡ്.
ഇന്ത്യയിലും സൗദിയിലും ഒരേ വാക്സിൻ രണ്ട് പേരുകളിൽ അറിയപ്പെടുന്നത് വിവിധ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. ഇന്ത്യയിൽ നിന്നും വാക്സിൻ എടുത്തു സൗദിയിലേക്ക് യാത്രചെയ്യേണ്ട പ്രവാസികൾക്ക് ലഭിച്ചിരുന്ന സർട്ടിഫിക്കറ്റിൽ കോവിഷീൽഡ് എന്ന് മാത്രം രേഖപ്പെടുത്തിയിരുന്നതിനാൽ അത്തരക്കാർ സൗദിയിലെത്തിയാൽ ഒരാഴ്ചത്തെ ഇൻസിറ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധിതമായിരുന്നു. ഇതിന് പരിഹാരമെന്നോണം കേരളത്തിൽ നിന്നും കോവിഷീൽഡ് വാക്സിൻ എടുക്കുന്ന പ്രവാസികളുടെ സർട്ടിഫിക്കറ്റിൽ ആസ്ട്ര സെനെക എന്ന് കൂടി രേഖപ്പെടുത്തണമെന്ന കേരള സർക്കാരിെൻറ തീരുമാനത്തോടെ പ്രശ്നത്തിന് പരിഹാരം ആയിരുന്നു. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളുടെ സർട്ടിഫിക്കറ്റിൽ നിലവിൽ കോവിഷീൽഡ് എന്ന് മാത്രമായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
എന്നാൽ ഇപ്പോൾ സൗദി അധികൃതരുടെ ഭാഗത്ത് നിന്ന് തന്നെ ഇക്കാര്യത്തിൽ ഔദ്യോഗിക അംഗീകാരം വന്നതിനാൽ ഇക്കാര്യത്തിൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമായിരിക്കുകയാണ്. അതോടൊപ്പം ഇന്ത്യയിൽ നിന്നോ സൗദിയിൽ നിന്നോ ഈ വാക്സിെൻറ ഒറ്റ ഡോസ് എടുത്തു യാത്ര ചെയ്യുന്നവർക്ക് അതിെൻറ രണ്ടാം ഡോസ് ഇരു രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിന്നും എടുക്കാനുള്ള സൗകര്യം കൂടി ഇതിലൂടെ ലഭ്യമാവും. ഇന്ത്യയിൽ വിതരണം ചെയ്യുന്ന മറ്റൊരു വാക്സിനായ കോവാക്സിൻ നിലവിൽ സൗദിയിൽ അംഗീകരിച്ചിട്ടില്ല. ഇതിനുള്ള അംഗീകാരം നേടിയെടുക്കാനുള്ള ശ്രമവും ഇന്ത്യൻ എംബസി നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.