ജിദ്ദ: റമദാൻ അവസാന പത്തിലേക്ക് കടന്നതോടെ ഇരുഹറമുകളിലും തിരക്കേറി. ഉംറ ചെയ്യാനും റമദാന്റെ രാപ്പകലുകളിൽ ഹറമുകളിൽ പ്രാർഥനകളിൽ കഴിഞ്ഞുകൂടാനും സ്വദേശികളും വിദേശികളുമായ ആയിരങ്ങളാണ് മക്കയിലും മദീനയിലുമെത്തുന്നത്. രാജ്യത്തെ സ്കൂളുകൾ അടക്കുന്നതോടെ വരും ദിവസങ്ങളിൽ ഹറമുകളിലെത്തുന്നവരുടെ എണ്ണം ഇനിയും കൂടും. മക്ക, മദീന എന്നിവിടങ്ങളിൽ താമസകേന്ദ്രങ്ങളിൽ തിരക്കേറി.
തിരക്ക് കണക്കിലെടുത്ത് അവസാന പത്തിലെ പ്രവർത്തനപദ്ധതി ആരംഭിച്ചതായി ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. ആരോഗ്യസുരക്ഷ നിലനിർത്തി തീർഥാടകർക്ക് മികച്ചസേവനം നൽകാൻ എല്ലാ കഴിവുകളും ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തീർഥാടകർക്ക് മികച്ച സേവനമാണ് ഒരുക്കിയതെന്നും എല്ലാവരും ഉംറക്ക് അനുവദിച്ച സമയക്രമം പാലിക്കണമെന്ന് ക്രൗഡ് മാനേജ്മെൻറ് വിഭാഗം അണ്ടർ സെക്രട്ടറി എൻജി. ഉസാമ അൽ ഹുജൈലി പറഞ്ഞു. മത്വാഫ് പൂർണമായും ഉംറക്കാർക്ക് മാത്രമാക്കി. പ്രായം കൂടിയവർക്ക് പ്രത്യേക പാത ഒരുക്കിയെന്നും അദ്ദേഹം പറഞ്ഞു.
മക്ക ഹറമിൽ ശുചീകരണ, അണുമുക്തമാക്കൽ ജോലിക്ക് 4,000 പേരെ നിയോഗിച്ചു. സേവനപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ 600 ഉദ്യോഗസ്ഥരുണ്ട്.
മസ്ജിദുന്നബവിയിലും ഒരുക്കം പൂർത്തിയാക്കി. അവസാന പത്തിൽ ദിവസവും പത്ത് ലക്ഷം പേർ പള്ളിയിലെത്തിയേക്കും. ഇതനുസരിച്ച് ആവശ്യമായ ഒരുക്കം പൂർത്തിയാക്കി. ഇഅ്തികാഫിനെത്തിയവർക്ക് പ്രത്യേക സ്ഥലവും സമിതിയും രംഗത്തുണ്ട്.
റമദാൻ ആരംഭിച്ച് 20 ദിവസം പിന്നിട്ടപ്പോൾ 42,00,000 ലക്ഷത്തിലധികം തീർഥാടകർ മക്ക ഹറമിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.