റിയാദ്: സയാമീസ് ഇരട്ടകളുടെ വേർപെടുത്തൽ ശസ്ത്രക്രിയ രംഗത്ത് ഡിജിറ്റലൈസേഷനും ആർട്ടിഫിഷ്യൽ ഇന്റലിജൻസും വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കിങ് സൽമാൻ റിലീഫ് കേന്ദ്രം ജനറൽ സൂപ്പർവൈസറും സയാമീസ് ശസ്ത്രക്രിയ വിഭാഗം മേധാവിയുമായ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. റിയാദിൽ ഇരട്ടകളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ മെക്കാനിസങ്ങൾ ഉൾപ്പെടുന്ന ഒരു മുൻനിര ആരോഗ്യ സംവിധാനമാണ് സൗദി അറേബ്യക്കുള്ളത്. ഒപ്പം സയാമീസ് ഇരട്ടകളുടെ കാര്യത്തിൽ ഉയർന്ന സാങ്കേതികവിദ്യ ഉപയോഗിക്കുകയും ചെയ്യുന്നു.
ഗർഭാവസ്ഥയിൽ തന്നെ സയാമീസുകളാണെന്ന് കണ്ടെത്താനായാൽ കാര്യങ്ങൾ വളരെ എളുപ്പമാണ്. ഗർഭം ധരിച്ച് ഒമ്പത് ആഴ്ചക്കുള്ളിൽ സയാമീസാണെന്ന് തിരിച്ചറിയാനായാൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. ഗർഭാവസ്ഥയിൽ തന്നെ ശസ്ത്രക്രിയ നടത്താനാവും. അതിന് വിജയ സാധ്യത വളരെ കൂടുതലാണ്.
സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും സയാമീസ് ഇരട്ടകളുടെ വേർപെടുത്തൽ ശസ്ത്രക്രിയ പദ്ധതിക്ക് തുറന്ന പിന്തുണയാണ് നൽകുന്നത്. ശസ്ത്രക്രിയയെക്കാൾ ചെലവ് അതിനുശേഷമുള്ള പരിചരണത്തിനാണ്. അതിനുവേണ്ടി ഫണ്ടുകൾ സ്ഥാപിക്കാനുള്ള ശിപാർശകളും തീരുമാനങ്ങളും ഉടനുണ്ടാകും. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തത്തെക്കുറിച്ചും ഞങ്ങൾ സംസാരിക്കും. ബിസിനസുകാരിൽനിന്നുള്ള പിന്തുണയുമുണ്ടാകും. സർക്കാറുകൾ, ഐക്യരാഷ്ട്ര സഭക്ക് കീഴിലെ സംഘടനകൾ, ലാഭരഹിത സംഘടനകൾ എന്നിവക്കിടയിലുള്ള സഹകരണവും ഒത്തൊരുമയും സമൂഹത്തിെൻറ ജാഗ്രതയും സയാമീസ് കേസുകൾക്ക് ആവശ്യമാണെന്നും അൽറബീഅ പറഞ്ഞു.
സയാമീസ് ഇരട്ടകൾക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണ നൽകാനും അവർക്കിടയിൽ അവബോധം വർധിപ്പിക്കാനുമായി ഒരു വെബ്സൈറ്റ് ആരംഭിക്കും. സയാമീസ് വേർപെടുത്തൽ ശസ്ത്രക്രിയ രംഗത്ത് മികച്ച ശസ്ത്രക്രിയ വിദഗ്ധർ രാജ്യത്തിനുണ്ട്. ഏതൊരു ശസ്ത്രക്രിയ വിദഗ്ധനും നിയമപരവും മതപരവുമായ അറിവും അനുഭവപരിചയവും ഉണ്ടായിരിക്കണം. ഇരട്ടകളെ രക്ഷിക്കാനും അവരുടെ ജീവൻ സംരക്ഷിക്കാനും സർജന്മാർ എല്ലാവിധത്തിലും ശ്രമിക്കുന്നു. അതാണ് അവരുടെ മുൻഗണന. വിവിധ രാജ്യങ്ങളിലെ ആരോഗ്യ പരിപാലന കേന്ദ്രങ്ങളിൽ സയാമീസ് ഇരട്ടകളെ എത്തിക്കുന്നതിന് നയതന്ത്ര ഏകോപനം സാധ്യമാക്കുന്നതിൽ സൗദി വിദേശകാര്യ മന്ത്രാലയം വളരെ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സയാമീസുകളുടെ മേഖലയിൽ സൗദി അറേബ്യയുടെ മികച്ച പങ്ക് സാധാരണ സിവിൽ കാര്യങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. തുർക്കിയ, സിറിയ, സംഘർഷ മേഖലകൾ എന്നിവിടങ്ങളിലെ അഭയാർഥികൾക്കിടയിൽ സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിന് കിങ് സൽമാൻ റിലീഫ് സെൻറർ ഇത്തരത്തിലുള്ള ഏറ്റവും വലിയ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഒരു ദിവസം 40 ശസ്ത്രക്രിയകൾ വരെ നടത്തി. അങ്ങനെ ലോക റെക്കോഡ് സ്ഥാപിച്ചു.
സാധാരണ സിവിൽ സാഹചര്യങ്ങളിൽ പോലും സംഭവിക്കാത്ത റെക്കോഡാണിതെന്നും അൽറബീഅ പറഞ്ഞു. ലോകമെമ്പാടുമുള്ള അപൂർവമായ ഒരു രോഗാവസ്ഥയാണ് ജന്മനാ ശാരീരികമായി ഒട്ടിപ്പിടിച്ച ഇരട്ടകൾ. അതിനാൽ ഏകോപനം നയപരമായ തലത്തിനപ്പുറത്തേക്ക് പോകണം. യമനിലെ സംഘർഷത്തിനിടയിൽ സൻആ, തയ്സ് എന്നിവിടങ്ങളിൽ നിന്നുള്ള സയാമീസ് ഇരട്ടകളെ ഞങ്ങൾ കൈകാര്യം ചെയ്തു. മാനുഷിക, യു.എൻ ഏജൻസികളുടെയും രാഷ്ട്രീയക്കാരുടെയും ഏകോപനത്തിെൻറ പങ്ക് ഇവിടെയുണ്ട്.
ഈ സമ്മേളനം അതിനുള്ള അടിത്തറയിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അൽറബീഅ പറഞ്ഞു. ഏഴ് സയാമീസ് ഇരട്ടകൾ വേർപ്പെടുത്തൽ തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും ഈ മാനുഷിക മേഖലയിലെ സൗദി നടത്തിയ ശ്രമങ്ങളുടെ പുരോഗതി വിദശീകരിക്കവെ അൽറബിഅ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.