ദമ്മാം: ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ മലയാളി വിദ്യാർഥികളുടെ ക്ഷേമം മുൻനിർത്തി പ്രവർത്തിക്കാൻ രൂപം കൊണ്ട ‘ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ പേരൻറ്സ് അസോസിയേഷൻ കേരള’ എന്ന സംഘടനയെ ഒന്നിപ്പിക്കാനുള്ള ശ്രമവും പൊളിഞ്ഞു. അധികാരതർക്കങ്ങളിൽ മുഴുകിയ സംഘടന നേതാക്കൾ സമവായ നിർദേശങ്ങൾ തള്ളിയതോടെ രണ്ട് കൂട്ടരും വാശിയിൽ സമാന്തരപ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയാണ്. ഇതോടെ സാധാരണ രക്ഷിതാക്കൾ ആരുടെ കൂടെ നിൽക്കണമെന്നറിയാത്ത അങ്കലാപ്പിലാണ്.
സ്കുളിൽ അടിയന്തരമായി പരിഹരിക്കേണ്ട നിരവധി വിഷയങ്ങൾ നിലനിൽക്കുമ്പോൾ നേതാക്കളുടെ തമ്മിലടി പൊതു സമൂഹത്തിൽ പരിഹാസ്യമാവുകയാണ്. രണ്ട് വിഭാഗത്തിലെയും നേതാക്കൾ മറ്റ് നിരവധി സംഘടനയിൽ പ്രവർത്തിക്കുന്നവരാണ്. എന്നിട്ടും എന്തിനാണ് രക്ഷാകർതൃസമിതികളിൽ ഇങ്ങനെ ഗ്രൂപ് തിരിഞ്ഞ് പ്രവർത്തിക്കുന്നു എന്നതാണ് സാധാരണക്കാരുടെ ചോദ്യം.
2015ൽ രൂപംകൊണ്ട ഡിസ്പാക്കിന് പിന്നീട് പുതിയ ഭാരവാഹികൾ ഉണ്ടാകുന്നത് 2018ലാണ്. അതിനുശേഷം 2024ലാണ് ആദ്യമായി ജനറൽ ബോഡി വിളിക്കുന്നതും തെരഞ്ഞെടുപ്പ് നടത്തുന്നതും. 7000ലധികം മലയാളി വിദ്യാർഥികൾ പഠിക്കുന്ന സ്കുളിന്റെ രക്ഷാകർതൃ സമിതിയിൽ ആയിരത്തിന് താഴെമാത്രമേ അംഗങ്ങളുള്ളു. അതിൽ തന്നെ ജനറൽ ബോഡി വിളിച്ചപ്പോൾ എത്തിയത് 65 ഓളം അംഗങ്ങൾ മാത്രം. മുൻധാരണകൾ കാരണമുണ്ടായ തർക്കങ്ങളിലും മുൻഭാരവാഹികളിൽനിന്നുണ്ടായ ചില പരാമർശങ്ങളിലും പ്രതിഷേധിച്ച് 42ഓളം പേർ ഇറങ്ങിപ്പോവുകയായിരുന്നു. എന്നാൽ, ഇവരാരെയും തങ്ങൾ ക്ഷണിച്ചതല്ലെന്നാണ് മുൻഭാരവാഹികളടെ വാദം.
അതേ സമയം സാധാരണ രക്ഷിതാക്കളെ ഉൾപ്പെടുത്താതെ ചിലർ സ്വാർഥമായി സംഘടനയെ കൈവശം വെക്കുകയായിരുന്നുവെന്നും അതിനെ മറികടക്കാനാണ് രക്ഷിതാക്കൾ കേട്ടറിഞ്ഞ് യോഗത്തിനെത്തിയതെന്നും മറുഭാഗവും വാദിക്കുന്നു. മാധ്യമ പ്രവർത്തകരായ ഹബീബ് ഏലംകുളം, സാജിദ് ആറാട്ടുപുഴ, നൗഷാദ് ഇരിക്കൂർ, ലോക കേരളസഭാ അംഗം ആൽബിൻ ജോസഫ് എന്നിവരാണ് സമവായശ്രമത്തിന് മധ്യസ്ഥം പറയാനെത്തിയത്.
ഇരു വിഭാഗവും പ്രഖ്യാപിച്ച എകസ്ിക്യുട്ടിവ് കമ്മിറ്റിയിൽ നിന്ന് ഒരു പൊതു കമ്മിറ്റിയെ തെരഞ്ഞെടുക്കുകയോ,കൃത്യമായുള്ള അംഗത്വ കാമ്പയിനുശേഷം ഇരുപാനലുകളും പൊതുതെരഞ്ഞെടുപ്പിനെ നേരിടുകയോ ചെയ്യുക എന്ന നിർദേശമാണ് മധ്യസ്ഥർ മുന്നോട്ട് വെച്ചത്. എന്നാൽ ഒരു വിഭാഗം ഇതിനെ സ്വാഗതം ചെയ്തെങ്കിലും കേവലം 25 അംഗങ്ങൾ മാത്രംചേർന്ന് തെരഞ്ഞെടുത്ത തങ്ങളാണ് ഔദ്യോഗിക വിഭാഗമെന്ന് വാദിക്കുന്നവർ ഈ നിർദേശത്തെ തള്ളിക്കളയുകയായിരുന്നു.
വരണാധികാരിയായ സുനിൽ മുഹമ്മദ് പക്ഷപാതപരമായി പെരുമാറയെന്ന ആരോപണമുന്നയിച്ച മറുമുന്നണി അദ്ദേത്തെ സമവായ ചർച്ചയിൽ പങ്കെടുക്കാനും അനുവദിച്ചില്ല. തർക്കമുണ്ടാകുമ്പോൾ മറ്റൊരുദിവസത്തേക്ക് തിരഞ്ഞെടുപ്പ് മാറ്റിവെച്ച് അംഗത്വ പരിശോധന കൃത്യമായി പൂർത്തിയാക്കുകയായിരുന്നു വരണാധികാരി ചെയ്യേണ്ടിയിരുന്നതെന്നാണ് മറു ഗ്രൂപ്പിന്റെ വാദം.
കാര്യങ്ങൾ എന്തായായലും ഇപ്പോൾ കുടുങ്ങിയിരിക്കുന്നത് സാധാരണക്കാരാണ്. ശനിയാഴ്ച ഒരു വിഭാഗം സ്കൂൾ ടോപ്പേഴ്സ് അവാർഡ് പരിപാടി ദമ്മാമിൽ നടത്തുമെന്ന് പ്രഖ്യാപിച്ചപ്പോൾ മറുവിഭാഗം അതേസമയത്ത് അൽഖോബാറിൽ സംഘടനയുടെ യോഗം വിളിച്ചിരിക്കുകയാണ്. ഇവരുടെ തർക്കം കാരണം ടോപ്പേഴ്സ് പരിപാടി സ്പോൺസർ ചെയ്യാൻ തയാറായ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പും പിന്മാറി.
സംഘടനകളടെ തർക്കം മുറുകുമ്പോഴും സ്കൂളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇപ്പോഴും സജീവമായി നിലനിൽക്കുകയാണ്. കടുത്ത ചൂടിൽ എ.സി പ്രവർത്തിക്കാത്തതിനെതുടർന്ന് മിക്കപ്പോഴും ഓൺലൈൻ ക്ലാസുകളാണ് നടക്കുന്നത്. അതേസമയം, ബസ് ഫീസ് ഉൾപ്പെടെ സ്കൂൾ രക്ഷിതാക്കളിൽനിന്ന് ഈടാക്കുന്നുമുണ്ട്. ബന്ധപ്പെട്ടവരെ കണ്ട് ശാശ്വത പരിഹാരം നേടാൻ രണ്ട് ഗ്രൂപ്പുകൾക്കും ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് സാധാരണ രക്ഷിതാക്കളെ നിരാശരാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.