റിയാദ്: കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽനിന്ന് ഇറാഖിലെ നജഫിലേക്ക് നേരിട്ടുള്ള വിമാന സർവിസ് ആരംഭിച്ചു. ശനിയാഴ്ച രാവിലെയാണ് കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് നജഫിലേക്ക് നാസ് എയർ വിമാനം പറന്നത്. രണ്ട് സഹോദര രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സഹകരണം വർധിപ്പിക്കുകയും ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമാണിത്. ദമ്മാം വിമാനത്താവളത്തിലെ ഉദ്ഘാടനചടങ്ങിൽ സൗദിയിലെ ഇറാഖ് അംബാസഡർ സഫിയ താലിബ് അൽ-സുഹൈൽ, എംബസി പ്രതിനിധി സംഘം എന്നിവർ പങ്കെടുത്തു.
നജഫ് വിമാനത്താവളത്തിലെത്തിയ ആദ്യ വിമാനത്തെ ഇറാഖി അധികൃതരും പൗരന്മാരും സ്വീകരിച്ചു. ഇറാഖിലെ സൗദി അംബാസഡർ അബ്ദുൽ അസീസ് അൽ ശമ്മരി തുടങ്ങിയവർ സ്വീകരണചടങ്ങിൽ പങ്കെടുത്തു. ദമ്മാമിൽ നിന്ന് നജഫിലേക്കും തിരിച്ചും ആഴ്ചയിൽ മൂന്ന് ഫ്ലൈറ്റുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ബാഗ്ദാദ്, ഇർബിൽ നഗരങ്ങൾക്കു ശേഷം ഇറാഖിലെ സൗദി വിമാനങ്ങളുടെ മൂന്നാമത്തെ സ്റ്റോപ്പാണ് നജഫ്. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും സൗദിക്കും ഇറാഖിനുമിടയിൽ നേരിട്ടുള്ള വ്യോമഗതാഗത പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനും പ്രതിവർഷ യാത്രക്കാരുടെ എണ്ണം 330 ദശലക്ഷത്തിലധികമാക്കി ലോകത്തെ 250 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസ് നടത്താനും ലക്ഷ്യമിട്ടാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.