അബ്​ദുൽ സത്താർ, ആലിയ

മദീന പ്രവാസികൾക്ക് നൊമ്പരമായി അബ്​ദുൽ സത്താറിന്‍റെയും മകളുടെയും അപകട മരണം

മദീന: മകളുടെ വിവാഹത്തിനായി മദീനയിൽനിന്നും നാട്ടിലെത്തി കൊച്ചി വിമാനത്താവളത്തിലിറങ്ങി വീട്ടിലേക്കുള്ള യാത്രാമധ്യേ വാഹനാപകടത്തിൽ മരിച്ച ആലപ്പുഴ വള്ളികുന്നം പള്ളിക്കുറ്റി താളിരാടി വെങ്ങാലേത്ത് വിളയിൽ അബ്​ദുൽ സത്താറി​െൻറയും (49) മകൾ ആലിയ (20)യുടെയും വിയോഗം മദീനയിലെ പ്രവാസികൾക്ക് നൊമ്പരമായി. മദീനയിൽനിന്നും ബുധനാഴ്ച ഉച്ചക്ക് ഗൾഫ് എയർ വിമാനത്തിൽ ബഹ്‌റൈൻ വഴിയാണ് അബ്​ദുൽ സത്താർ നാട്ടിലേക്ക് തിരിച്ചത്.

വ്യാഴാഴ്​ച പുലർച്ചെ 3.30-ഓടെ കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ ഇദ്ദേഹത്തെ സ്വീകരിക്കാൻ മകൾ ആലിയയും മറ്റു കുടുംബാംഗങ്ങളും വിമാനത്താവളത്തിലെത്തിയിരുന്നു. വീട്ടിലേക്കുള്ള വഴിമധ്യേ ആറംഗ കുടുംബം സഞ്ചരിച്ച ഇന്നോവ കാർ ദേശീയപാതയിൽ ഹരിപ്പാട് കരുവാറ്റ കെ.വി ജെട്ടി ജങ്ഷനിൽവെച്ച് രാവിലെ ഏഴോടെ റോഡരികിൽ നിർത്തിയിട്ട തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിക്ക് പിന്നിൽ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ അബ്​ദുൽ സത്താറും മകൾ ആലിയയും തൽക്ഷണം മരിച്ചു. കാറിലുണ്ടായിരുന്ന കുടുംബാംഗങ്ങളും ഡ്രൈവറും അടക്കം മറ്റ് നാലു പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

കഴിഞ്ഞ 20 വർഷത്തോളമായി സൗദിയിൽ പ്രവാസിയായ അബ്​ദുൽ സത്താർ ദമ്മാം അൽ ഖോബാറിനടുത്ത് തുഖ്ബയിലും അൽ അഹ്​സയിലും റിയാദിലും ജോലി ചെയ്​ത ശേഷം ഒരു വർഷം മുമ്പാണ് മദീനയിലെത്തിയത്. മദീനയിൽ ഈത്തപ്പഴം വില്പനയായിരുന്നു ജോലി. ആരോടും വളരെ സൗമ്യമായി സംസാരിക്കുന്ന, മദീനയിലെത്തുന്ന സന്ദര്ശകരെയും മറ്റും സ്വന്തം വീട്ടിൽ വിളിച്ചുകൊണ്ടുപോയി സൽക്കരിക്കുന്ന ഏവർക്കും പരോപകാരിയായിരുന്ന ഒരു വ്യക്തിയിരുന്നു അബ്​ദുൽ സത്താർ എന്ന് സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു.

ഇക്കഴിഞ്ഞ ഹജ്ജ് സമയത്ത് മദീനയിലെത്തിയ തീർഥാടകരെ സേവിക്കുന്നതിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു ഇദ്ദേഹം. തുഖ്ബയിലും അൽ അഹ്​സയിലും മദീനയിലുമെല്ലാം ഐ.സി.എഫ് സംഘടനയുമായി ബന്ധപ്പെട്ട്​ പ്രവർത്തിച്ചുവരികയായിരുന്നു. അപകടത്തിൽ മരിച്ച മൂത്ത മകൾ ആലിയയുടെ നിക്കാഹ് ഖത്തർ പ്രവാസിയുമായി നടത്താൻ നേരത്തെ ധാരണയായിരുന്നു. ഈ വിവാഹം മംഗളകരമായി നടത്തുക എന്ന മോഹവുമായാണ് അബ്​ദുൽ സത്താർ നാട്ടിലേക്ക് തിരിച്ചതെങ്കിലും വീട്ടിലെത്തുന്നതിന് മുമ്പ് തന്നെ ഉപ്പയും മകളും ഒന്നിച്ചു മരണത്തിലേക്ക് യാത്രയായ വിവരം ഏറെ ഞെട്ടലോടെയാണ് മദീനയിലെ സഹപ്രവർത്തകരും മറ്റും ശ്രവിച്ചത്.

വ്യഴാഴ്ച വൈകീട്ട് കാഞ്ഞിപ്പുഴ കിഴക്ക് മഹല്ല് ജമാഅത്തിന് കീഴിൽ പള്ളികുറ്റി പള്ളി മഖ്ബറയിൽ ഇരു മൃതദേഹങ്ങളും ഖബറടക്കി. ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങൾ മയ്യിത്ത്​ നമസ്കാരത്തിന് നേതൃത്വം നൽകി. പിതാവ്: പരേതനായ ശംസുദ്ധീൻ, മാതാവ്: റുഖിയത്ത്, ഭാര്യ: ഹസീന, മക്കൾ: അപകടത്തിൽ മരിച്ച ആലിയ, അർഷദ് (17), ആൽഫിയ (13).

Tags:    
News Summary - death of Abdul Sattar and daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.