ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ നവോദയ സാംസ്കാരിക വേദിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും, മുൻ രക്ഷാധികാരിയും, സി.പി.എം. നേതാവുമായിരുന്ന കണ്ണൂർ ചേലേരി സ്വദേശി പ്രേംരാജ് (64) മംഗളൂരു യെനപ്പോയ മെഡിക്കൽ കോളേജിൽ മരണപ്പെട്ടു. കുറച്ചുകാലമായി കാൻസർ ബാധിതനായിരുന്നു. ചികിത്സയെതുടർന്ന് ആരോഗ്യം പൂർവസ്ഥിതിയിലേക്കു തിരിച്ചെത്തിയെങ്കിലും കഴിഞ്ഞ ദിവസം രോഗം വീണ്ടും മൂർഛിച്ചതിനെതുടർന്ന് മംഗലാപുരം യെനപ്പോയ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും ചൊവ്വാഴ്ച പുലർച്ചെ മരണപ്പെടുകയായിരുന്നു. മുപ്പത്തിരണ്ട് വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാല് കൊല്ലങ്ങൾക്കു മുമ്പാണ് പ്രേം രാജും കുടുംബവും നാട്ടിലേക്കു മടങ്ങിയത്.
21വർഷങ്ങൾക്കു മുമ്പ് കിഴക്കൻ പ്രവിശ്യയിൽ നവോദയ സാംസ്കാരിക വേദിയുടെ ആശയം രൂപപ്പെട്ടതുമുതൽ സംഘടനയെ കെട്ടിപ്പടുക്കാൻ മുൻനിരയിലുണ്ടായിരുന്ന നേതാവായിരുന്നു പ്രേംരാജ്. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ പ്രവർത്തന മേഖലകൂടിയായ ജുബൈലിൽ സംഘടനയെ അതിശക്തമായ അടിത്തറയിൽ പടുത്തുയർത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് പ്രവാസ ചരിത്രത്തിന് മറക്കാനാകുന്നതല്ല. പ്രവാസകാലത്ത് കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഉറച്ച നിലപാടുകൾക്കൊപ്പം സൗമ്യവും, ഹൃദ്യവുമായ പെരുമാറ്റ രീതി ശത്രുപക്ഷത്തുള്ളവരുടെ പോലും ബഹുമാനം പിടിച്ചുപറ്റുന്നതിനു കാരണമായി.
രണ്ട് പതിറ്റാണ്ടോളം നവോദയയുടെ നേതൃത്വ നിരയിലുണ്ടായിരുന്ന അദ്ദേഹം സംഘടനയുടെ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. മൂഖ്യ രക്ഷാധികാരിയായിരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിത മടക്കം. പ്രവിശയിലെ എല്ലാ സംഘടനാനേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം പൊതുവിഷയങ്ങളുടെ പരിഹാരങ്ങൾക്ക് പലപ്പോഴും നേതൃത്വപരമായ പങ്കു വഹിച്ചു. രാഷ്ട്രീയ സംഘടന എന്നതിലുപരി പ്രവാസ സമൂഹത്തിന്റെ സാംസ്കാരിക ഉന്നമനത്തിന് ഉതകുന്ന രീതിയിൽ നവോദയയെ പരിവർത്തിപ്പിക്കുന്നതിൽ പ്രേംരാജ് ശ്രദ്ധചെലുത്തി. പരന്ന വായനക്കാരൻകൂടിയായ പ്രേംരാജ് ജുബൈലിൽ വെളിച്ചം ഉൾപ്പെടെ നവോദയനേതൃത്വത്തിലുള്ള സാഹിത്യ ഇടപെടലുകളെ ശാക്തീകരിച്ചു.
പ്രേം രാജിന്റെ നിര്യാണത്തിൽ ഒ.ഐ.സി.സി. നേതാക്കൾ ഉൾപ്പെടെയുള്ളവർ അനുശോചിച്ചു. ബുധനാഴ്ച രാവിലെ 8.30 മുതൽ അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലമായ താഴേചൊവ്വ ഇലക്ട്രിസിറ്റി ഓഫിസിനു സമീപത്തുള്ള വീട്ടിൽ ഭൗതിക ശരീരം പൊതുദർശനത്തിനു വെക്കും. ശേഷം ചേലേരിയിലുള്ള തറവാട്ട് വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും. ഭാര്യ സീന, മക്കൾ പ്രസിൻ, പ്രിംന. പ്രേം രാജിന്റെ വേർപാട് നിലപാട് രാഷ്ട്രീയ രംഗത്തിന് നഷ്ടമാണന്ന് നവോദയ കേന്ദ്ര കമ്മിറ്റി സെക്രട്ടറി രഞ്ജിത് വടകര അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.