ജിദ്ദ: സൗദിയിൽ മാർക്കറ്റിങ്, ഓഫീസ് സെക്രട്ടറി, വിവർത്തനം, സ്റ്റോർ കീപ്പർ, ഡാറ്റാ എൻട്രി ജോലികൾ സ്വദേശിവത്കരിക്കാൻ തീരുമാനം. ഞായറാഴ്ചയാണ് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മ്മദ് ബിൻ സുലൈമാൻ അൽറാജിഹ് മാർക്കറ്റിങ്, ഓഫീസ് അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് ജോലികൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനം പുറപ്പെടുവിച്ചത്.
സ്വദേശികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും അനുയോജ്യമായ തൊഴിലവസരങ്ങൾ ഒരുക്കുന്നതിനും തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമാണിത്. തീരുമാനം രാജ്യത്തെ എല്ലാ മേഖലകളിലും ബാധകമാകും.
മാർക്കറ്റിങ് ജോലികളിൽ അഞ്ചോ അതിൽ കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ 30 ശതമാനം മാർക്കറ്റിങ് ജോലികൾ സ്വദേശിവത്കരിക്കാനാണ് തീരുമാനം. ഇങ്ങനെ നിയോഗിക്കുന്ന സ്വദേശികളുടെ മിനിമം വേതനം 5,500 റിയാലായിരിക്കണമെന്നും തീരുമാനത്തിലുണ്ട്. 12,000 ലധികം സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഓഫീസ് സെക്രട്ടറി, വിവർത്തനം, സ്റ്റോർ കീപ്പർ, ഡാറ്റാ എൻട്രി ജോലികളിൽ 20,000ത്തിലധികം ജോലികളാണ് ലക്ഷ്യമിടുന്നത്. വിവർത്തനം, സ്റ്റോർകീപ്പർ ജോലികളിൽ മിനിമം വേതനം 5000 റിയാലായിരിക്കണമെന്ന് തീരുമാനത്തിലുണ്ട്. 2022 മെയ് എട്ടിന് തീരുമാനങ്ങൾ പ്രാബല്യത്തിൽ വരും. സ്ഥാപനങ്ങൾക്ക് തീരുമാനങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ ഉറപ്പുവരുത്താനും നടപ്പിലാക്കുന്നതിനും ഗൈഡ്ലൈൻ പുറത്തിറക്കിയിട്ടുണ്ടെന്നും മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.