റിയാദ്: രണ്ടു പതിറ്റാണ്ടിലധികം നീണ്ട പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ നേത്രരോഗ വിദഗ്ധനും സാമൂഹിക പ്രവർത്തകനുമായ ഡോ. എ.വി. ഭരതന് ബത്ഹയിലെ ന്യൂസഫാമക്ക പോളിക്ലിനിക്ക് മാനേജ്മെൻറും സഹപ്രവർത്തകരും യാത്രയയപ്പ് നൽകി. 21 വർഷമായി സഫാമക്ക മെഡിക്കൽ ഗ്രൂപ്പിൽ സേവനം അനുഷ്ഠിച്ച ശേഷമാണ് വിരമിച്ച് മടങ്ങിയത്. 18 വർഷമായി ന്യൂസഫാമക്ക പോളിക്ലിനിക്കിൽ നേത്രരോഗ വിദഗ്ധനും മെഡിക്കല്‍ ഡയറക്ടറുമായി സേവനം അനുഷ്ഠിക്കുകയായിരുന്നു. നാട്ടിൽ റെഡ്ക്രോസ് സൊസൈറ്റി, അന്ധത നിവാരണ സമിതി, കാന്‍സര്‍ കെയര്‍ സൊസൈറ്റി തുടങ്ങിയ സംഘടനകളുമായി സഹകരിച്ച് പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം റിയാദിലെത്തിയത്.
റിയാദില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, പയ്യന്നൂര്‍ സൗഹൃദവേദി, റിസ തുടങ്ങിയ കൂട്ടായ്മകളിൽ സജീവ പ്രവർത്തകനായിരുന്നു. കൂടാതെ സാംസ്കാരിക സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വഴി സൗജന്യ നേത്രരോഗ നിർണയ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. റിയാദിലെ ലയൺസ് ക്ലബ് വർഷംതോറും സംഘടിപ്പിക്കുന്ന സൈറ്റ് ഫോർ കിഡ്സ് എന്ന കുട്ടികളുടെ നേത്ര പരിശോധന ക്യാമ്പിെൻറ ചുമതല വഹിച്ചിരുന്നതും ഡോ. ഭരതനായിരുന്നു. 1977ല്‍ കേരള ആരോഗ്യ വകുപ്പില്‍ അസി. സർജനായി തുടക്കം കുറിച്ച ഡോ. ഭരതെൻറ ആതുര സേവനം നാലു പതിറ്റാണ്ട് പിന്നിട്ടു.
ഉദുമ, കൊയിലാണ്ടി, കാസര്‍കോട് സർക്കാർ ആശുപത്രികളിലും സേവനമനുഷ്ഠിച്ചു. രണ്ടു പതിറ്റാണ്ടിലധികം നീണ്ട സർക്കാർ സർവിസിനൊടുവിൽ കണ്ണൂര്‍ ജില്ല മെഡിക്കല്‍ ഓഫിസർ ചുമതലയായിരിക്കെയാണ് വിരമിച്ചത്. അതിനുശേഷമാണ് പ്രവാസം ആരംഭിച്ചത്. പ്രഫ. എം.പി. മന്മഥന് സ്ഥാപിച്ച അക്ഷയ പുസ്തകനിധിയുടെ 2010ലെ ആരോഗ്യ സേവനരംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള അക്ഷയ ഗ്ലോബല്‍ അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ കരിെവള്ളൂരാണ് സ്വദേശം. ഭാര്യ: പ്രമീള. മക്കള്‍: നിമിത (സിവില്‍ എൻജിനീയര്‍, എറണാകുളം), സുമിത (പിഎച്ച്.ഡി, കാലിഫോർണിയ), പ്രമിത (ബയോ മെഡിക്കല്‍ എൻജിനീയര്‍, ബംഗളൂരു). ന്യൂസഫാമക്ക പോളിക്ലിനിക്ക് ഹാളിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ വി.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. ഡോ. ഷാഹിദ് അലി, ഡോ. റെജി കുര്യൻ, ഡോ. ഹാഷിം, ഡോ. ജോഷി ജോസഫ്, ഡോ. അഖീൽ ഹുസൈൻ, ഡോ. നഖീബ് മിയ, ഡോ. കമാൽ, ഡോ. ഷേർളി കുര്യൻ, ഡോ. ലൈല ഫർഹാന, ഡോ. സലിം ഖാൻ, ഡോ. സജിത്ത്, ഡോ. നിഷാദ് അഹമ്മദ്, ഡോ. ഇംതിസാൽ, ഷിേൻറാ മോഹൻ, ക്ഷേമ സൂസൻ കോശി, സിജി മേരി, ഡോ. നാസർ അബ്ബാസ്, നിഷാദ്, ജംഷീർ മുണ്ടോടൻ, സൈതലവി ഫൈസി, ഹമീദ്, ഫൈസൽ എന്നിവർ സംസാരിച്ചു. ഡോ. ഭരതനുള്ള ക്ലിനിക്കിെൻറ ഉപഹാരം അഡ്മിനിസ്ട്രേറ്റർ ഹെഡ് ബിൻ അവാദ് ബിൻ അവാദ് സമ്മാനിച്ചു. ഭാര്യ പ്രമീള ഭരതനുള്ള ഉപഹാരം അദീബ് കൈമാറി. ഡോക്ടർമാരുടെ ഉപഹാരം ഡോ. ഷേർളി കുര്യൻ സമ്മാനിച്ചു. ഡോ. ഷാനവാസ് സ്വാഗതവും അഡ്വ. അനീർ ബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.