റിയാദ്: സ്വകാര്യവത്കരണ, ഉദാരീകരണം പോലുള്ള സാമ്പത്തിക നയങ്ങളുടെ പ്രയോഗവത്കരണത്തിലൂടെ ഇന്ത്യൻ സമ്പദ് ഘടനയുടെ വളർച്ചക്ക് ഭരണപരവും താത്ത്വികവുമായ നേതൃത്വം നൽകിയ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ഇന്ത്യ, സൗദി ബന്ധം കൂടുതൽ ഊഷ്മളവും ദൃഢവുമാക്കിയ നയതന്ത്രജ്ഞൻ കൂടിയാണ്. ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ഉപജീവനം നടത്തുന്ന രാജ്യങ്ങളിലൊന്നായ സൗദി അറേബ്യയുമായി ബന്ധം ഊട്ടിയുറപ്പിച്ചത് പ്രവാസികളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് മാത്രമല്ല ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര പങ്കാളിത്തം സജീവമാക്കുന്നതിനും ഏറ്റവും ശക്തമായ വ്യാപാര പങ്കാളികളായി മാറുന്നതിനും സഹായിച്ചു.
2010 ഫെബ്രുവരി 27 മുതൽ മാർച്ച് ഒന്ന് വരെ ഡോ. മൻമോഹൻ സിങ് നടത്തിയ സൗദി സന്ദർശനം ചരിത്രപരമായിരുന്നു. കാരണം 28 വർഷത്തിനു ശേഷം ആദ്യാമായായിരുന്നു ഒരു ഇന്ത്യൻ പ്രധാനമന്ത്രി റിയാദിലെത്തുന്നത്. 1982 ഏപ്രിൽ 21 മുതൽ നാല് ദിവസം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നടത്തിയ സന്ദർശനത്തിനുശേഷം ഈ കാലം വരെ ഒരു ഇന്ത്യൻ ഭരണത്തലവനും സൗദിയിലേക്ക് വന്നിരുന്നില്ല. ഇന്ദിരാഗാന്ധി അന്ന് തുടങ്ങിവെച്ച ഉഭയകക്ഷി സൗഹൃദം കാൽനൂറ്റാണ്ടിലേറെ വളരെ സാധാരണനിലയിൽ കാര്യമായ ഒരു ചലനമോ നേട്ടമോ ഉണ്ടാക്കാതെ മുന്നോട്ടു പോവുകയായിരുന്നു.
എന്നാൽ ഡോ. മൻമോഹൻ സിങ് റിയാദിൽ കാലുകുത്തിയത് ആ ബന്ധത്തിൽ പുതിയൊരു യുഗപ്പിറവിക്ക് നാന്ദികുറിക്കാനായിരുന്നു. 1955ൽ ജവഹർലാൽ നെഹ്റുവിനും പിന്നീട് ഇന്ദിരാഗാന്ധിക്കും ശേഷം സൗദിയിലെത്തുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണ് അദ്ദേഹം. എന്നാൽ ബന്ധത്തിന്റെ ദിശ മാറ്റിയ ആദ്യ പ്രധാനമന്ത്രി എന്ന വിശേഷണത്തിന് അദ്ദേഹം അർഹനാണ്. ലോകം ബഹുമാനിക്കുന്ന ഒരു ധനതത്ത്വശാസ്ത്രജ്ഞനും അധ്യാപകനുമെന്ന നിലയിൽ സൗദി അറേബ്യക്ക് നേരത്തേതന്നെ ചിരപരിചിതനായ അദ്ദേഹം തന്റെ ഉദാരീകരണ സമീപനം തന്ത്രപൂർവം പയറ്റി ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തി. വളരെ പെട്ടെന്ന് ഉഭയകക്ഷി വ്യാപാരത്തിൽ സൗദി അറേബ്യ ഇന്ത്യയുടെ നാലാമത്തെ വലിയ പങ്കാളിയായി മാറി.
ഡോ. സിങ് സൗദിയിലേക്ക് വരും മുമ്പ് അന്നത്തെ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിനെ 2006ലെ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നു. സൗദി ഭരണസാരഥ്യം ഏറ്റെടുത്ത ഉടൻ കിഴക്കുമായി നല്ല ബന്ധം ഊട്ടിയുറപ്പിക്കാൻ ആഗ്രഹിക്കുകയും ഏഷ്യൻ പര്യടനത്തിന് തുടക്കമിടുകയും ചെയ്ത കാലമായിരുന്നതിനാൽ അബ്ദുല്ല രാജാവ് ഏറെ സന്തോഷത്തോടെ ആ ക്ഷണം സ്വീകരിക്കുകയും ന്യൂ ഡൽഹിയിലെത്തി ഇന്ത്യൻ ജനതയുടെ ഹൃദയം കവരുകയും ചെയ്തു. വിമാനത്താവളത്തിലെത്തി ഡോ. മൻമോഹൻ സിങ് രാജാവിനെ വരവേറ്റു. ഇന്ത്യ, സൗദി സൗഹൃദം കൂടുതൽ ഉൗഷ്മളവും ശക്തവുമാക്കുന്നതിനുള്ള തുടക്കമായിരുന്നു അത്.
ഡോ. സിങ് റിയാദിലെത്തിയപ്പോൾ ഇരുവരും രാജാവിന്റെ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തുകയും ഏതൊക്കെ മേഖലയിലാണ് പരസ്പരം സഹകരിക്കേണ്ടതെന്ന് വിശദമായി ചർച്ച ചെയ്യുകയും ചെയ്തു. ഉഭയകക്ഷി ബന്ധം സംബന്ധിച്ച് ഒരു ‘റിയാദ് പ്രഖ്യാപനം’ നടത്തി.
അന്ന് പ്രധാനമന്ത്രിക്കൊപ്പം വന്ന മന്ത്രി, ഉദ്യോഗസ്ഥതല പ്രതിനിധി സംഘങ്ങൾ വിവിധ സൗദി മന്ത്രാലയങ്ങളും വകുപ്പുകളും ഏജൻസികളുമായി ഒപ്പുവെച്ച 11 സുപ്രധാന കരാറുകളാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ ബന്ധം ഇന്ന് കാണുംവിധം ശക്തിപ്പെടുത്താൻ വർത്തിച്ചത്. കുറ്റവാളികളുടെയും തടവുപുള്ളികളുടെയും കൈമാറ്റം, സാംസ്കാരിക വിനിമയം, ശാസ്ത്രസാങ്കേതിക മേഖലകളിലെ സഹകരണം, വ്യാപാര പങ്കാളിത്തം, പ്രതിരോധ മേഖലയിലെ സഹകരണം, വാർത്തവിതരണ രംഗത്തെ സഹകരണം തുടങ്ങി സമഗ്ര പുരോഗതിക്ക് സഹായിക്കുന്നതായിരുന്നു എല്ലാ കരാറുകളും.
ഇതെല്ലാം ഉൾപ്പെട്ട റിയാദ് പ്രഖ്യാപനം അബ്ദുല്ല രാജാവും ഡോ. മൻമോഹൻ സിങ്ങും കൂടിച്ചേർന്ന് നിർവഹിക്കുകയും അതിന്റെ രേഖകളിൽ ഒപ്പുവെക്കുകയും പരസ്പരം കൈമാറുകയും ചെയ്തു.
അബ്ദുല്ല രാജാവ് ഡോ. സിങ്ങിന് സൗദി അറേബ്യയുടെ പരമോന്നത ബഹുമതി സമ്മാനിച്ചു. രാജ്യത്തെ ഏറ്റവും പഴക്കമുള്ളതും പ്രശസ്തവുമായ റിയാദിലെ ഇമാം സഊദ് യൂനിവേഴ്സിറ്റി ഡി ലിറ്റ് നൽകി ആദരിച്ച ചടങ്ങോടെയായിരുന്നു ഡോ. മൻമോഹൻ സിങ്ങിന്റെ സന്ദർശന പരിപാടി സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.