റിയാദ്: കേരള എൻജിനീയേഴ്സ് ഫോറം (കെ.ഇ.എഫ്) റിയാദ് ചാപ്റ്ററിനെ നയിക്കാൻ പുതിയ നേതൃത്വം. 2025-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അബ്ദുൽ നിസാർ (പ്രസി.), മുഹമ്മദ് ഹഫീസ് (ജന.സെക്ര.), മുഹമ്മദ് ഷെബിൻ (ട്രഷ.), ആഷിക് പാണ്ടികശാല, ഷഫാന മെഹ്റു മൻസിൽ (വൈസ് പ്രസി.), ശ്യാം രാജ്, സന്ദീപ് ആനന്ദ് (ജോ. സെക്ര.), മുഹമ്മദ് ഷെബിൻ (ട്രഷ.), നിഹാദ് അൻവർ (അസി. ട്രഷ.) എന്നിവരാണ് പുതിയ ഭാരവാഹികൾ.
2022ൽ പ്രവർത്തനമാരംഭിച്ച ഈ പ്രഫഷനൽ ഫോറത്തിൽ നിലവിൽ ആയിരത്തോളം അംഗങ്ങളാണുള്ളത്. എൻജിനീയർമാരുടെ ഉന്നമനത്തിനും തൊഴിൽ നൈപുണ്യത്തിനും പുറമെ കലാകായിക സാംസ്കാരിക പരിപാടികളും ആസൂത്രണം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. തൊഴിൽ അന്വേഷകരായ എൻജിനീയറിങ് ബിരുദധാരികൾക്ക് മാർഗനിർദേശങ്ങൾ നൽകാനായി പ്രത്യേക പ്ലേസ്മെൻറ് സെല്ലും പ്രവർത്തിക്കുന്നുണ്ട്.
അംഗങ്ങൾക്കായി നിരവധി സാങ്കേതികവും അല്ലാത്തതുമായ പരിപാടികൾ സംഘടിപ്പിച്ചുവരുന്നതായും ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ, ഫോറം ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. അംഗത്വം 300ൽനിന്ന് ഏകദേശം ആയിരമായി എന്നത് ഈ വളർച്ചയുടെ ഒരു നാഴികക്കല്ലാണ്. മുന്നോട്ടുള്ള പാതയിൽ കെ.ഇ.എഫ് കൂടുതൽ വൈവിധ്യമാർന്ന പരിപാടികൾ നടത്താൻ പ്രതിജ്ഞാബദ്ധമാണ്. സംഘടനയിലെ അംഗങ്ങൾക്കും സമൂഹത്തിനും ഉപകാരപ്രദമായ കൂടുതൽ സാങ്കേതിക പരിപാടികൾ സംഘടിപ്പിക്കാൻ പദ്ധതിയിടുന്നു.
സൗദി അറേബ്യയിലെ എൻജിനീയറിങ് മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുക, മേഖലയിലെ പുതിയ എൻജിനീയർമാർക്കും കേരളത്തിൽനിന്ന് സൗദി അറേബ്യയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും മാർഗനിർദേശങൾ നൽകുക എന്നിവയാണ് ഫോറത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ. സൗദി ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന 2034ലെ ഫുട്ബാൾ ലോകകപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളെക്കുറിച്ച് പുതിയ തലമുറയിലെ എൻജിനീയർ പ്രഫഷനലുകൾക്കിടയിൽ ബോധവത്കരണം നടത്താനും കൂടുതൽ മലയാളി എൻജിനീയർമാരെ ഈ പദ്ധതിയുടെ ഭാഗമാകാൻ സജ്ജമാക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യാനും പദ്ധതിയുണ്ട്.
എൻജിനീയറിങ് മേഖലയിലെ ബിസിനസ് സാധ്യതകൾ റിയാദിലെ ബിസിനസ് സമൂഹത്തെ അറിയിക്കുന്നതിന് അവരുമായി സഹകരിച്ച് കൂടുതൽ പരിപാടികൾ സംഘടിപ്പിക്കാനും ഫോറം ഉദ്ദേശിക്കുന്നു.
ഊർജസ്വലരായ എൻജിനീയർമാരുടെ ഒരു സമൂഹത്തെ വളർത്തുന്നതിനും സാങ്കേതിക അറിവ് മറ്റുള്ളവരിലേക്ക് പകരൽ പ്രോത്സാഹിപ്പിക്കുന്നതിനും അതിലൂടെ പ്രഫഷനൽ വളർച്ച സുഗമമാക്കുന്നതിനും കേരള എൻജിനീയേഴ്സ് ഫോറം പ്രതിജ്ഞാബദ്ധമാണ്.
ഈ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും ഭാവിയിൽ കൂടുതൽ വിജയത്തിലേക്ക് ഫോറത്തെ നയിക്കുന്നതിലും പുതിയ കമ്മിറ്റി നിർണായക പങ്കുവഹിക്കുമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.