റിയാദ്: സൗദി ഡ്രൈവിങ് ലൈസന്‍സ് നിയമത്തില്‍ ഭേദഗതി വരുത്തി ട്രാഫിക് വിഭാഗം ഉത്തരവിറക്കി. ട്രാഫിക് വിഭാഗത്തിലെ അഡ്മിനിസ്ട്രേഷന്‍ മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അബ്ദുല്ല അല്‍ബസ്സാമിയാണ് നിയമഭേദഗതി പ്രഖ്യാപിച്ചത്. വിദേശ രാജ്യങ്ങളില്‍ വാഹനമോടിച്ച് പരിചയവും ലൈസന്‍സുമുള്ളവര്‍ക്ക് നേരിട്ട് ഡ്രൈവിങ് ടെസ്റ്റ് കൊടുക്കാനുള്ള അവസരം ഇതോടെ ഇല്ലാതാവും.
മറിച്ച് സൗദിയില്‍ ലൈസന്‍സ് എടുക്കാന്‍ ഉദ്ദേശിക്കുന്നവരെല്ലാം ഡ്രൈവിങ് സ്കൂളില്‍ ചേര്‍ന്ന് നിശ്ചിത മണിക്കൂര്‍ പരിശീലനം നേടിയിരിക്കണമെന്നതാണ് പുതിയ നിയമം പറയുന്നത്. ഡ്രൈവിങ് അറിയാവുന്നവര്‍ സ്വകാര്യ വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സിനാണ് അപേക്ഷിക്കുന്നതെങ്കില്‍ 30 മണിക്കൂര്‍ ക്ലാസിൽ ഹാജരായിരിക്കണം. ടാക്സി ഓടിക്കുന്നതിനും വലിയ വാഹനങ്ങള്‍ ഓടിക്കുന്നതിനുമുള്ള ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ സാധാരണ ലൈസന്‍സ് ലഭിച്ച് രണ്ട് വര്‍ഷം പിന്നിട്ടവരായിരിക്കണം. ഇവര്‍ക്കും 30 മണിക്കൂര്‍ ക്ലാസ് നിര്‍ബന്ധമാണ്.
ഡ്രൈവിങ് വശമില്ലാത്തവര്‍ക്ക് 90 മണിക്കൂര്‍ ക്ലാസാണ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നാല്‍ ടാക്സിയോ വലിയ വാഹനങ്ങളോ ഓടിക്കാനുള്ള ലൈസന്‍സിന് പുതുതായി അപേക്ഷിക്കുന്നവര്‍ 120 മണിക്കൂര്‍ ക്ലാസിന് ഹാജരാവണം. ദിനേന മൂന്ന് മണിക്കൂറിലധികം പരിശീലനം എന്നതാണ് പുതിയ നിര്‍ദേശം. ഇതനുസരിച്ച് നിശ്ചിത മണിക്കൂറുകള്‍ പൂര്‍ത്തീകരിക്കാന്‍ ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പും പുതിയ ലൈസന്‍സ് അപേക്ഷകരുടെ കടമ്പകളായിരിക്കും. വനിത ഡ്രൈവിങിെൻറ പശ്ചാത്തലത്തില്‍ ഡ്രൈവിങ് സ്കൂളുകളുടെ നിരക്ക് പുതുക്കി നിശ്ചയിക്കുമ്പോള്‍ മണിക്കൂറിനാണ് ഫീസ് ഇടാക്കുക. ഇതനുസരിച്ച് ലൈസന്‍സ് എടുക്കാനുള്ള ചെലവും ഗണ്യമായി വര്‍ധിക്കും. പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുന്നതിെൻറ ഭാഗമായാണ് ഇത്തരം പരിഷ്കരണങ്ങള്‍ നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.