ഇനി സൗദിയിലേക്ക് എല്ലാ രാജ്യക്കാർക്കും ഇ-ബിസിനസ് വിസിറ്റ് വിസ

ജിദ്ദ: സൗദി അറേബ്യയിലേക്കുള്ള ബിസിനസ് വിസിറ്റ് വിസ മുഴുവൻ രാജ്യങ്ങൾക്കുമായി വിപുലപ്പെടുത്തി. ഇനി എല്ലാ രാജ്യങ്ങളിലെയും പൗരന്മാർക്ക് ഓൺലൈനായി ലഭിക്കുന്ന ബിസിനസ് വിസയിൽ സൗദിയിലെത്താം. നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ചാണ് വിദേശകാര്യ മന്ത്രാലയം ഓൺലൈൻ ബിസിനസ് വിസ സംവിധാനം നടപ്പാക്കുന്നത്. ഇതുവരെ പരിമിത എണ്ണം രാജ്യങ്ങൾക്ക് മാത്രമേ ഈ സൗകര്യം അനുവദിച്ചിരുന്നുള്ളൂ. അതിനാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.

ഇതോടെ എല്ലാ രാജ്യക്കാർക്കും ഓൺലൈനായി ബിസിനസ്സ് വിസ നേടാനാകും. ഒരു വർഷ കാലാവധിയുള്ള വിസയിൽ പല തവണ സൗദിയിലേക്ക് വരാനും പോകാനുമാകും. കഴിഞ്ഞ ജൂണിലാണ് വിദേശ നിക്ഷേപകർക്കുള്ള ബിസിനസ് വിസിറ്റ് വിസ സംവിധാനം ആരംഭിച്ചത്. ലളിതവും എളുപ്പവുമായ ഓൺലൈൻ നടപടിയിലൂടെ വിസ നേടാം. വിദേശകാര്യ മന്ത്രാലയത്തിന്‍റെ പോർട്ടലിലാണ് ‘വിസിറ്റർ ഇൻവെസ്റ്റർ’ എന്ന പേരിലുള്ള ബിസിനസ് വിസിറ്റ് വിസക്ക് അപേക്ഷിക്കേണ്ടത്. ഡിജിറ്റൽ എംബസിയിൽനിന്ന് ഉടൻ വിസ ഇഷ്യൂ ചെയ്യും. അപേക്ഷകന് ഇമെയിൽ വഴി വിസ ലഭിക്കും.

സൗദി അറേബ്യയിലെ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് വിദേശ സംരംഭകന്‍റെ യാത്ര സുഗമമാക്കാനാണ് വിസ നടപടികൾ ലളിതമാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. സൗദി അറേബ്യയെ ആകർഷകമായ മത്സരക്ഷമതയുള്ള ഒരു മുൻനിര നിക്ഷേപ ശക്തിയാക്കുക എന്ന ‘വിഷൻ 2030’ന്‍റെ ലക്ഷ്യങ്ങളുടെ ഭാഗമാണിത്. വിദേശ നിക്ഷേപകർക്കും വിദേശ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഈ വിസ ഉപയോഗപ്പെടുത്താനാവുമെന്നും നിക്ഷേപക മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് അബു ഹുസൈൻ പറഞ്ഞു.

Tags:    
News Summary - E-business visit visa for all nationalities to Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.