റിയാദ്: അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേലിന്റെ നയങ്ങളെയും പ്രയോഗങ്ങളെയും കുറിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിച്ച പ്രസ്താവനയെ സൗദി വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. 57 വർഷമായി ഫലസ്തീൻ പ്രദേശങ്ങളിൽ തുടരുന്ന ഇസ്രായേൽ അധിനിവേശം നിയമവിരുദ്ധമാണെന്ന് സ്ഥിരീകരിക്കുന്നതാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അഭിപ്രായം.
അറബ് സമാധാന സംരംഭത്തിനും അന്താരാഷ്ട്ര പ്രമേയങ്ങൾക്കും അനുസൃതമായി ഫലസ്തീൻ പ്രശ്നത്തിന് ന്യായവും സമഗ്രവുമായ ഒരു പരിഹാരത്തിലെത്താൻ പ്രായോഗികവും വിശ്വസനീയവുമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്ന് സൗദി അഭിപ്രായപ്പെട്ടു.
കിഴക്കൻ ജറൂസലം തലസ്ഥാനമായി 1967ലെ അതിർത്തിയിൽ ഫലസ്തീൻ ജനതക്ക് സ്വയം നിർണയത്തിനുള്ള അവരുടെ അവകാശവും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതും ഉറപ്പുനൽകുന്ന വിധത്തിലായിരിക്കണം പരിഹാരമെന്നും സൗദി വിദേശകാര്യാലയം പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ തുടരുന്നത് നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ശക്തമായ അഭിപ്രായം പ്രകടിപ്പിച്ചത്. ഈ പ്രദേശങ്ങളിൽനിന്ന് ഇസ്രായേൽ എത്രയുംവേഗം പിന്മാറണമെന്നും കോടതി പ്രസ്താവനയിൽ പറഞ്ഞു.
മക്ക: അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേലിന്റെ നയങ്ങളെയും പ്രയോഗങ്ങളെയും കുറിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിച്ച അഭിപ്രായത്തെ മുസ്ലിം വേൾഡ് ലീഗ് സ്വാഗതം ചെയ്തു. 57 വർഷമായി അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ സാന്നിധ്യത്തിന്റെ നിയമവിരുദ്ധത സ്ഥിരീകരിക്കുന്നതാണിത്.
ഫലസ്തീൻ ജനതയുടെ മാനുഷികവും നിയമപരവുമായ അവകാശങ്ങളിലേക്കുള്ള നല്ല ചുവടുവെപ്പായ ഈ തീരുമാനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽകരീം അൽഈസ പറഞ്ഞു.
അറബ് സമാധാന സംരംഭത്തിനും അന്താരാഷ്ട്ര പ്രമേയങ്ങൾക്കും അനുസൃതമായി ഫലസ്തീൻ പ്രശ്നത്തിന് ന്യായവും സമഗ്രവുമായ ഒരു പരിഹാരത്തിൽ എത്തിച്ചേരണം. അത് സ്വയം നിർണയത്തിനും സ്വതന്ത്ര രാഷ്ട്രത്തിനുമുള്ള അവരുടെ നിയമാനുസൃത അവകാശങ്ങൾ ഉറപ്പാക്കുന്ന വിധത്തിലായിരിക്കണമെന്നും സെക്രട്ടറി ജനറൽ പറഞ്ഞു.
അധിനിവിഷ്ട ഫലസ്തീനിലെ ഇസ്രായേൽ നിലനിൽപ്പ് നിയമവിരുദ്ധമായി കണക്കാക്കുന്നുവെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അഭിപ്രായത്തെ അറബ് പാർലമെൻറും സ്വാഗതം ചെയ്തു.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അഭിപ്രായവും മുമ്പത്തെ എല്ലാ തീരുമാനങ്ങളും നടപ്പാക്കാൻ ബാധ്യസ്ഥരാക്കുന്നതിന് ഇസ്രായേലിന്റെ മേൽ സമ്മർദം ചെലുത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ സെക്യൂരിറ്റി കൗൺസിലിനോടും പ്രധാന രാഷ്ട്രങ്ങളോടും അറബ് പാർലമെൻറ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഫലസ്തീൻ ജനതക്കെതിരായ കുറ്റകൃത്യങ്ങളും ലംഘനങ്ങളും നടത്തുന്ന കുറ്റവാളികളെ വിചാരണ ചെയ്യണം. ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ അനുവദിക്കരുത്. ഫലസ്തീനിനോടൊപ്പം നിൽക്കണം. സ്വയം നിർണയാവകാശം, ജറൂസലം നഗരം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കൽ എന്നീ കാര്യങ്ങളിൽ ഫലസ്തീൻ ജനതക്ക് നീതി ലഭിക്കണമെന്നും അറബ് പാർലമെൻറ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.