അൽഖോബാർ: മൈക്രോസോഫ്റ്റ് വിൻഡോസ് ഓപറേഷൻസ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ വന്ന സാങ്കേതികത്തകരാറുകൾ സൗദി അറേബ്യയിലെ സ്ഥാപനങ്ങളിൽ സൃഷ്ടിച്ച ആഘാതം വളരെ കുറവാണെന്ന് നാഷനൽ സൈബർ സെക്യൂരിറ്റി അതോറിറ്റി (എൻ.സി.എ) റിപ്പോർട്ട് ചെയ്തു.
ശക്തമായ നേതൃപിന്തുണയും സജീവമായ നടപടികളും സൈബർ ഭീഷണികളെ നിരീക്ഷിക്കുന്നതിനും പ്രതികരിക്കുന്നതിനും സഹായകമായെന്ന് എൻ.സി.എ എടുത്തുപറഞ്ഞു. രാജ്യത്തിന്റെ സൈബർസ്പേസിന്റെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കിക്കൊണ്ട് ദേശീയ വിഭവശേഷിയും സാങ്കേതിക പരമാധികാരവും വർധിപ്പിക്കുന്നതിനുള്ള വിശാലമായ സംരംഭത്തിന്റെ ഭാഗമാണ് ഈ ശ്രമങ്ങൾ.
എൻ.സി.എയുടെ ശക്തമായ സൈബർ സുരക്ഷ മാനദണ്ഡങ്ങൾ ദേശീയ സ്ഥാപനങ്ങളെയും നിർണായക അടിസ്ഥാന സൗകര്യങ്ങളെയും ഭീഷണികളിൽനിന്ന് സംരക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ദമ്മാമിലെ കിങ് ഫഹദ് ഇൻറർനാഷനൽ എയർപോർട്ട്, റിയാദിലെ കിങ് ഖാലിദ് ഇൻറർനാഷനൽ എയർപോർട്ട്, ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ഇൻറർനാഷനൽ എയർപോർട്ട്, ക്ലസ്റ്റർ ടു എയർപോർട്ട് എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള പ്രധാന വിമാനത്താവളങ്ങളിൽ പ്രവർത്തനം സാധാരണ നിലയിലായതായി മാതരത് ഹോൾഡിങ് കമ്പനി അറിയിച്ചു.
യാത്രക്കാർ തങ്ങളുടെ വിമാനങ്ങളെക്കുറിച്ചുള്ള അപ്ഡേറ്റുകൾക്കായി അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടാനും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അംഗീകരിച്ച പാസഞ്ചർ റൈറ്റ് ചാർട്ടർ അവലോകനം ചെയ്യാനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.