ജിസാൻ: സൗദിയിലെ കാർഷിക മേഖലയിൽ സുസ്ഥിരവികസനം ഉറപ്പുവരുത്തുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന ജിസാനിലെ മൃഗസംരക്ഷണ മേഖല ശ്രദ്ധേയമാകുന്നു. ഭക്ഷ്യസുരക്ഷ, കാർഷിക സുസ്ഥിരത എന്നിവയുടെ വിളനിലമായ ഇവിടെ കന്നുകാലി വളർത്തലിന്റെ സമ്പൽ സമൃദ്ധിയാണ് പ്രകടമാകുന്നത്.
ആടുകളും ഒട്ടകങ്ങളും മറ്റു കന്നുകാലികളും ഇവിടെ തഴച്ചുവളരുന്നു. ഫലഭൂയിഷ്ഠമായ സമതലങ്ങളും പർവത പ്രദേശങ്ങളും കാലാനുസൃതമായ മഴയും സമന്വയിക്കുന്ന ഈ മേഖലയിലെ പരിസ്ഥിതി കന്നുകാലികളെ വളർത്താൻ അനുയോജ്യമാണ്.
വിവിധ ഇനം ആടുകളും ഒട്ടകങ്ങളും ഇവിടെ വളരുന്നു. മാംസത്തിനും പാലുൽപ്പന്നങ്ങൾക്കുമുള്ള വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലൂടെ പ്രാദേശിക സമ്പദ്വ്യവസ്ഥയിലേക്ക് വലിയ സംഭാവനയാണ് ഈ പ്രദേശം നൽകുന്നത്. പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 17.2 ലക്ഷത്തിലധികം ചെമ്മരിയാടുകളും 21 ലക്ഷം കോലാടുകളും പശുക്കളും കാളകളും ഉൾപ്പെടെ 95,400 മറ്റ് കന്നുകാലികളും 57,400 ഒട്ടകങ്ങളുമാണ് ഈ ഭാഗത്ത് കർഷകരുടെ ഉടമസ്ഥതയിലുള്ളത്.
ജിസാൻ പ്രവിശ്യയിലെ മൊത്തം കന്നുകാലികളുടെ എണ്ണം 39.77 ലക്ഷം കവിഞ്ഞതായാണ് മന്ത്രാലയ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇവിടുത്തെ കോഴി ഉൽപാദന മേഖലയും വൻ വികസനത്തിന്റെ പാതയിലാണ്. പ്രതിവർഷം ഏകദേശം 19.44 ലക്ഷം ബ്രോയിലർ കോഴികളെ പ്രദേശത്ത് ഉൽപാദിപ്പിക്കുന്നു.
ഈ കണക്കുകൾ ജിസാനിലെ കന്നുകാലി മേഖലയുടെ സമ്പൽ സമൃദ്ധിയെയാണ് കാണിക്കുന്നത്. പ്രദേശത്തെ കര്‍ഷകരുടെ വരുമാന വർധനവിനും ഇത് സുപ്രധാന പങ്കുവഹിക്കുന്നു. ഈ പ്രദേശത്തിന്റെ കന്നുകാലി വളർത്തൽ തലമുറകളിലൂടെ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെട്ടതായി വിലയിരുത്തുന്നു.
പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ വൈവിധ്യം കാലി വളർത്തൽ വ്യാപകമാക്കാനും നിലനിർത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്നു. ഗ്രാമീണ കുടുംബങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനത്തിന് കന്നുകാലി മേഖലയുടെ സംഭാവന വിവിധ തലങ്ങളിലാണ്. കന്നുകാലി മേഖലയിലെ ഉല്പാദനം കാര്‍ഷിക വരുമാനത്തിലും ഗ്രാമീണ മേഖലയിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും ഗുണപരമായ സ്വാധീനം ചെലുത്തുന്നു.
പ്രത്യേക ഗ്രാമീണ വികസന പരിപാടി നടപ്പാക്കി മന്ത്രാലയം കർഷകർക്കും ഗ്രാമീണ കുടുംബങ്ങൾക്കും സാമ്പത്തികവും സാങ്കേതികവുമായ സഹായം ഉറപ്പു വരുത്തുന്നു. കന്നുകാലികളുടെ ഉൽപാദനക്ഷമതയും വിപണനക്ഷമതയും മെച്ചപ്പെടുത്തി സുസ്ഥിര വികസനത്തിന് ആവശ്യമായ എല്ലാ പിന്തുണയും അധികൃതർ നൽകുന്നു.
വെറ്റിനറി ഡിപ്പാർട്മെന്റും അതിന് കീഴിലുള്ള മെഡിക്കൽ ക്ലിനിക്കുകളും നൽകുന്ന മൃഗചികിത്സാ സേവനങ്ങൾ, മൃഗസംരക്ഷണം, രോഗ നിര്‍മാര്‍ജനം, കന്നുകാലി, ആട്, കോഴി എന്നിവയുടെ വികസനം, ജന്തുജന്യ രോഗങ്ങളുടെ നിയന്ത്രണം, കര്‍ഷകര്‍ക്കും വെറ്ററിനറി ഉദ്യോഗസ്ഥര്‍ക്കുമുള്ള പരിശീലന പരിപാടികളും അവയുടെ ഏകോപനവും, വാക്സിനുകളുടെ ഉൽപാദനം എന്നിവ മന്ത്രാലയം മേഖലയിൽ ചെയ്യുന്ന പ്രധാന സേവനങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.