ദമ്മാം: നിരവധി നിക്ഷേപ സാധ്യതകളാണ് കേരളത്തിൽ പ്രവാസികളെ കാത്തിരിക്കുന്നതെന്നും പ്രവാസത്തിലെ അനുഭവങ്ങളും അറിവും സമന്വയിപ്പിച്ച് അത് പ്രയോജനപ്പെടുത്താൻ തയാറാകണമെന്നും കേരള ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി സമാഹരണ പ്രചാരണ ഭാഗമായി ദമ്മാമിൽ പ്രവാസി നിക്ഷേപകർക്കുവേണ്ടി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിഴിഞ്ഞം തുറമുഖം പ്രവർത്തന സജ്ജമായതോടെ ലോജിസ്റ്റിക് രംഗത്തെ വമ്പൻ സാധ്യതകളാണ് വഴിതുറന്നത്.
തുറമുഖത്തിന്റെ നൂറുകിലോമീറ്റർ ചുറ്റളവിൽ സ്റ്റോറുകൾ ആരംഭിക്കാനോ മാനുഫാക്ചറിങ് യൂനിറ്റുകൾ തുടങ്ങാനോ പതിനായിരത്തിലധികം ഏക്കറുകൾ വേണ്ടിവരും. ഇവിടങ്ങളിൽ പല സംരംഭങ്ങൾക്കും പ്രവാസികൾക്ക് നേതൃത്വം കൊടുക്കാൻ സാധിക്കും.
ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും കേരളത്തെ മറ്റുള്ളവർ പിന്തുടരാൻ ശ്രമിക്കുകയാണ്. ഈ സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തി ഈ രണ്ട് രംഗങ്ങളിലും നിക്ഷേപം നടത്താൻ പ്രവാസികൾ മുന്നോട്ടു വരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പെൺകുട്ടികൾക്ക് നിർഭയമായി പഠിക്കാൻ പറ്റുന്ന സംസ്ഥാനം കേരളമാണ്. ഇന്ത്യയിലെ എല്ലാ സാഹചര്യങ്ങളെയും മറികടന്ന് മതസൗഹാർദം നിലനിൽക്കുന്ന കേരളം എല്ലാത്തരത്തിലും മുന്നോട്ടു പോകുമ്പോഴും ഏറ്റവും കൂടുതൽ വിമർശകർ ഉണ്ടാകുന്നതും കേരളത്തിൽനിന്നാണ്.
എന്നും ഏറ്റവും കൂടുതൽ കാർട്ടൂണിസ്റ്റുകൾ ഉണ്ടായിട്ടുള്ളതും കേരളത്തിൽനിന്നാണ്. അതുകൊണ്ട് ഇത്തരം വിമർശനങ്ങളെ പോസിറ്റിവായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
എല്ലാ മേഖലയിലും സർക്കാർ നിക്ഷേപം എന്ന ധാരണ മാറേണ്ടതുണ്ട്. സ്വകാര്യ മൂലധനങ്ങളെ കേരളത്തിലേക്ക് കൊണ്ടുവരുകയും അവർക്ക് പ്രവർത്തിക്കുന്നതിനുള്ള സുഗമമായ വഴികൾ ഒരുക്കിക്കൊടുക്കുകയുമാണ് സർക്കാറുകൾ ചെയ്യേണ്ടത്. ഇടതു സർക്കാറുകളുടെ എന്നത്തേയും നയം ഇത് തന്നെയാണ്. അതുകൊണ്ടാണ് ഇ.എം.എസ് ഗ്വാളിയോർ റയോൺ ഫാക്ടറിയെ കേരളത്തിലേക്ക് എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.