റിയാദ്: ശഖ്റ യൂനിവേഴ്സിറ്റി ലെക്ചററും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ ഡോ. മുഹമ്മദ് നജീബിന് റിയാദ് കേരളീയ സമൂഹം യാത്രയയപ്പ് നൽകി. 11 വർഷം നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് കൂടിയായ മുഹമ്മദ് നജീബ്. തനിമ സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റും കേന്ദ്ര സമിതിയംഗം കൂടിയാണ്. നാട്ടിൽ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ്, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാരതീയ പ്രവാസി പുരസ്കാര ജേതാവ് ശിഹാബ് കൊട്ടുകാട് പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രതിസന്ധി ഘട്ടങ്ങളിൽ പ്രചോദിപ്പിക്കാനും പ്രവാസികളെ ഉണർത്താനും അദ്ദേഹം നമ്മളോടൊപ്പമുണ്ടായിരുന്നതായി ശിഹാബ് കൊട്ടുകാട് പറഞ്ഞു. യുക്തിവാദികൾക്കും ഇതര വിമർശകർക്കും സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും മറുപടി നൽകിയിരുന്ന പ്രവാസത്തിന്റെ ധൈഷണിക സാന്നിധ്യമായിരുന്നു മുഹമ്മദ് നജീബെന്ന് ചടങ്ങിൽ സംബന്ധിച്ച ഇന്ത്യൻ ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് ജലീൽ പറഞ്ഞു. കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ, ഫോർക ചെയർമാൻ സത്താർ കായംകുളം, പ്രവാസി ജനറൽ സെക്രട്ടറി ഖലീൽ പാലോട്, എൻജി. അബ്ദുറഹ്മാൻ കുട്ടി എന്നിവർ സംസാരിച്ചു. തനിമ ആക്ടിങ് പ്രസിഡന്റ് ലത്തീഫ് ഓമശ്ശേരി അധ്യക്ഷത വഹിച്ചു.
ഡോ. മുഹമ്മദ് നജീബ് മറുപടി പ്രസംഗം നടത്തി. സൗദിയിലെ പ്രവാസി സമൂഹം നൽകിയ കരുതലിനും സ്നേഹത്തിനും താൻ എപ്പോഴും കടപ്പെട്ടിരിക്കുന്നതായും തിരക്കുകൾക്കിടയിലും സാമൂഹിക സേവനത്തിന് സ്വയം സമർപ്പിച്ച് മുന്നോട്ടുവരുന്ന പ്രവാസികളായ നല്ല മനുഷ്യർ തന്നെ പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമം മീഡിയവൺ ഓപറേഷൻ മാനേജർ സലീം മാഹി സ്വാഗതവും തനിമ ജനറൽ സെക്രട്ടറി സദ്റുദ്ദീൻ കീഴിശ്ശേരി നന്ദിയും പറഞ്ഞു. തൗഫീഖ് റഹ്മാൻ ഖിറാഅത്ത് നടത്തി. അഷ്റഫ് കൊടിഞ്ഞി അവതാരകനായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.