സാബു മേലതിൽ
ജുബൈൽ: അറബി അക്ഷരങ്ങൾ കൊണ്ടുള്ള ചിത്രവേലയിൽ കരവിരുതു തെളിയിച്ച് പ്രവാസി വീട്ടമ്മ. കാലിഗ്രഫിയിൽ വിരിഞ്ഞ മിഴിവാർന്ന രചനകളുടെ വലിയ സമ്പാദ്യമാണ് ജുബൈലിൽ പ്രവാസിയായ കണ്ണൂർ തലശ്ശേരി സ്വദേശിനി ഫാത്വിമ ഷഹന സ്വന്തമാക്കിയിരിക്കുന്നത്. ചോയ്യാൻകണ്ടി മൂസ-ഹൈറുന്നിസ ദമ്പതികളുടെ മകളും ജുബൈൽ ഡിവിടാഗ് കമ്പനിയിൽ അക്കൗണ്ട് മാനേജറായ ഹഷീറിെൻറ ഭാര്യയുമായ ഫാത്വിമ ഷഹന സ്വയം പഠിച്ചെടുത്തതാണ് കാലിഗ്രഫി. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമുള്ള ഷഹനക്ക് പാഴ്വസ്തുക്കളിൽനിന്ന് മികവുറ്റ കലാരൂപങ്ങൾ ഉണ്ടാക്കുകയായിരുന്നു പ്രധാന ഹോബി.
ലുലു ഹൈപ്പർമാർക്കറ്റിെൻറ ജുബൈൽ ശാഖ നടത്തിയ 'ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ്' മത്സരത്തിൽ ഒന്നാം സമ്മാനം നേടിയിരുന്നു. വിവിധ രൂപങ്ങളായി പുനർജനിച്ച പാഴ്വസ്തുക്കൾകൊണ്ട് വീടകം നിറഞ്ഞപ്പോഴാണ് കാലിഗ്രഫിയിൽ ഒരുകൈ നോക്കാൻ തീരുമാനിച്ചത്. ലോകത്തിലെ വിവിധ ഇടങ്ങളിലെ കാലിഗ്രഫി വിദഗ്ധരുടെ വിഡിയോകൾ കണ്ടു. അതിെൻറ സങ്കേതങ്ങൾ പല ഇടങ്ങളിൽനിന്നായി പഠിച്ചെടുത്തു. ആദ്യം അവ പേപ്പറിൽ പരീക്ഷിച്ചു.
പിന്നീട് കാൻവാസ് വാങ്ങി അതിൽ ചെയ്തുനോക്കി. അത്ഭുതമായിരുന്നു ഫലം. കാൻവാസിൽ പെൻസിലും അക്രിലിക് പെയിൻറും ഉപയോഗിച്ചാണ് കാലിഗ്രഫി ചെയ്യുന്നത്. വാർണിഷ് കൂടി പൂശുന്നതോടെ ഇവക്ക് തിളക്കം വർധിക്കുകയും ദീർഘനാൾ കേടുകൂടാതെ ഇരിക്കുകയും ചെയ്യും. വൃത്തിയാക്കാനും എളുപ്പമാണെന്ന് ഷഹന പറയുന്നു. തുളുത്ത്, ദിവാനി, നെസ്ക്, കൂഫി എന്നിങ്ങനെ നാലു രചനാരീതികളാണ് കാലിഗ്രഫിക്ക് പൊതുവായി ഉള്ളത്. ഇതിൽ തുളുത്ത് രീതിയാണ് ഷഹന പിന്തുടരുന്നത്. അക്ഷരങ്ങളുടെ മികച്ച സ്റ്റൈലും ദുഷ്കരമല്ലാത്ത വായനയും സാധ്യമാകുന്നതിനാലാണ് തുളുത്ത് പിന്തുടരാൻ കാരണം.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ എണ്ണമറ്റ രചനകൾ പൂർത്തിയാക്കി. ജുബൈൽ ബീച്ച് ക്യാമ്പിൽ നടന്ന ഫ്രറ്റേണിറ്റി ഫോറത്തിെൻറ പരിപാടിയിലും പ്രവാസി സാംസ്കാരിക വേദി വനിത ഘടകം ദമ്മാമിൽ നടത്തിയ പരിപാടിയിലും ഷഹനയുടെ കാലിഗ്രഫി പ്രദർശനം അരങ്ങേറി. സ്റ്റുഡൻറ്സ് ഇന്ത്യ ജുബൈൽ സംഘടിപ്പിച്ച പരിശീലനക്കളരിയിൽ വിദ്യാർഥികൾക്ക് കാലിഗ്രഫിയുടെ രചനാരീതികൾ പഠിപ്പിച്ചുകൊടുത്തു.
പൂർത്തിയാക്കിയ സൃഷ്ടികൾ ചിലതൊക്കെ സുഹൃത്തുക്കൾക്കും അടുത്ത ബന്ധുക്കൾക്കും നൽകി. ഇപ്പോൾ ഓർഡറുകൾ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. കാലിഗ്രഫിയുടെ നൂതനവും മികവുമുള്ള സങ്കേതങ്ങൾ സ്വായത്തമാക്കി മറ്റു ഭാഷകളുടെ ലിപികളിലും അവ പരീക്ഷിക്കണമെന്നാണ് ആഗ്രഹമെന്ന് ഷഹന പറയുന്നു. മക്കൾ: അബ്ദുല്ലാഹ് റബാഹ്, അബ്ദീൻ ഹഷീർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.