റിയാദില്‍ ഫര്‍ണിച്ചര്‍ ഫാക്ടറിയില്‍ തീപിടിത്തം; ആറ് ഇന്ത്യാക്കാരുള്‍പ്പെടെ 10 മരണം

റിയാദ്: ഞായറാഴ്ച പുലര്‍ച്ചെ റിയാദ് നഗരത്തിന്‍െറ പടിഞ്ഞാറ് ഭാഗത്തെ ശിഫയില്‍ ഫര്‍ണീച്ചര്‍ കമ്പനിയുടെ ഫാക്ടറിക്ക് തീപിടിച്ച് ആറ് ഇന്ത്യാക്കാരുള്‍പ്പെടെ 10 വിദേശ തൊഴിലാളികള്‍ മരിച്ചു. രണ്ട് ബംഗ്ളാദേശികളും രണ്ട് പാകിസ്താനികളുമാണ് മരിച്ച മറ്റുള്ളവര്‍. മരിച്ചവരിൽ മലയാളികളില്ല. 

ഇന്ത്യാക്കാര്‍ ഏത് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്. ബദര്‍ ജില്ലയിൽ ശിഫ സനാഇയയിലാണ് സംഭവം. ഫര്‍ണീച്ചറുകള്‍ക്കുള്ള മര ഉരുപ്പടികള്‍ നിരർമ്മിക്കുന്ന കമ്പനിയാണിത്. മരപ്പടികള്‍ക്ക് പെയിന്‍റടിക്കലാണ് പ്രധാന ജോലി. മലയാളികളാരും ഇവിടെ ജോലി ചെയ്യുന്നില്ല. ഞായറാഴ്ച പുലര്‍ച്ചെ 4.17ഓടെയാണ് സംഭവമെന്ന് സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. ഫാക്ടറിയില്‍ തീ ആളിക്കത്താന്‍ സഹായിക്കുന്ന പെയിന്‍റും പോളിമര്‍ വസ്തുക്കളും മര ഉരുപ്പടികളുമാണുണ്ടായിരുന്നത്. തകരം കൊണ്ടുള്ള മേല്‍ക്കൂരയാണ് ഫാക്ടറിക്കുണ്ടായിരുന്നത്. ഇതെല്ലാമാണ് അപകടത്തിന്‍െറ ആഘാതം വര്‍ദ്ധിപ്പിച്ചത്. 

ഫാക്ടറിക്കുള്ളിലാണ് തൊഴിലാളികള്‍ താമസിച്ചിരുന്നത്. തീപിടിത്തമുണ്ടായ ഉടനെ സിവില്‍ ഡിഫന്‍സിന്‍െറ നേതൃത്വത്തില്‍ അഗ്നിശമന സേനയും പൊലീസ്, റെഡ്ക്രസന്‍റ് വിഭാഗവും സ്ഥലത്തത്തെി രക്ഷാപ്രവര്‍ത്തനം നടത്തി. ഫക്ടറിയുടെ ഉള്ളിലാണ് മൃതദേഹങ്ങള്‍ കിടന്നത്. 

പരിക്കേറ്റവർ ഫാക്ടറിക്ക് പുറത്താണ് കിടന്നത്. പുകശ്വസിച്ച് ശ്വാസം മുട്ടിയ അവസ്ഥയിലായിരുന്ന ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങളും സമീപത്തെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നിരവധി പണിശാലകളുള്ള പ്രദേശത്താണ് സംഭവം. മറ്റ് സ്ഥാപനങ്ങളിലേക്ക് തീപടരാതിരിക്കാന്‍ സുരക്ഷാവിഭാഗം നടത്തിയ പരിശ്രമം വിജയം കണ്ടത് വലിയ ദുരന്തത്തില്‍ നിന്ന് മേഖലയെ രക്ഷപ്പെടുത്തി. 

Tags:    
News Summary - Fire In Riyadh Furniture Factory 10 Death-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.