മക്ക: ഭക്ഷ്യസുരക്ഷ നിബന്ധനകൾ ലംഘിച്ച രണ്ടു ട്രക്കുകൾ മുനിസിപ്പാലിറ്റി ഉദ്യോഗസ് ഥർ പിടികൂടി. കഠിനമായ ചൂടിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിന് വേണ്ട സംവിധാനങ ്ങളില്ലാതെ വന്ന ട്രക്കുകളാണ് ജനൂബ് മക്ക ബലദിയ ഒാഫിസിന് കീഴിലെ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇരു ട്രക്കുകളിലെയും ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. ഒരു ട്രക്കിൽ 178 പെട്ടി കോഴിയും മറ്റൊന്നിൽ 253 പെട്ടി കേക്കുമായിരുന്നു. പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുകയും ട്രക്കുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
ഹജ്ജ് സീസണായതോടെ മക്കയിൽ ഭക്ഷ്യവിൽപന കേന്ദ്രങ്ങളിലും ഗോഡൗണുകളിലും മുനിസിപ്പാലിറ്റി പരിശോധന ശക്തമാക്കി. നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ വിവിധ ബ്രാഞ്ച് ഒാഫിസുകൾക്ക് കീഴിൽ പരിശോധന തുടരുകയാണ്. കൂടുതൽ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ബേക്കറികൾ, ഹോട്ടലുകൾ, ബഖാലകൾ, ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന ഗോഡൗണുകൾ, ഇറച്ചിക്കടകൾ തുടങ്ങിയവ ലക്ഷ്യമിട്ടാണ് പരിശോധന. കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. യൂനിഫോം ധരിക്കാതിരിക്കുക, മെഡിക്കൽ കാർഡില്ലാതിരിക്കുക തുടങ്ങി ആരോഗ്യ നിബന്ധനകൾ ലംഘിച്ച 39 തൊഴിലാളികൾ പിടിയിലായി. ഉൽപാദന കേന്ദ്രം അറിയാത്ത 13,673 കിലോ ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു. ഹജ്ജ് സീസണായതോടെ മക്കയിലേക്ക് ഭക്ഷ്യവസ്തുക്കളുമായെത്തുന്ന ട്രക്കുകളും നിരീക്ഷിക്കുന്നുണ്ട്. കർശന പരിശോധനക്കുശേഷമാണ് ട്രക്കുകൾ മക്കയിലേക്ക് കടത്തിവിടുന്നത്. വിവിധ റോഡുകളിൽ ഇതിനായി പ്രത്യേക ചെക്ക്പോസ്റ്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഫുഡ് ആൻഡ് ഡ്രഗ്സ് അതോറ്റിയും റോഡ് സുരക്ഷ വിഭാഗവും സഹകരിച്ചാണ് പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.