‘ഗസ്സ ഉപരോധവും അക്രമവും ഉടൻ അവസാനിപ്പിക്കണം’; ഇടപെടൽ ഊർജിതമാക്കി സൗദി

റിയാദ്​: ഇസ്രായേൽ-ഹമാസ്​ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഗസ്സക്കെതിരെ വെള്ളം, വൈദ്യുതി, ഭക്ഷ്യസാധനങ്ങളിലടക്കം ഏർപ്പെടുത്തിയ ഉപരോധം അടിയന്തരമായി പിൻവലിക്കണമെന്ന ആവശ്യം ശക്തമാക്കി സൗദി അറേബ്യ. ഫ്രഞ്ച്​, ഇറാൻ, തുർക്കിയ പ്രസിഡൻറുമാരുമായി ഫോണിൽ സംസാരിച്ച കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ സംഘർഷം അവസാനിപ്പിക്കേണ്ടതി​ന്റെയും മേഖലയിൽ സമാധാനം തിരികെ കൊണ്ടു​വരേണ്ടതി​​ന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞു.

ബുധനാഴ്​ച രാത്രി ഫ്രഞ്ച്​ പ്രസിഡ​ന്റ് ഇമാനുവേൽ മാക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ കിരീടാവകാശി ഗസ്സയിലെ ഉപരോധം പിൻവലിക്കേണ്ടതി​​ന്റെ അടിയന്തര ആവശ്യകതയിലാണ്​ ഊന്നിയത്​. ഗസ്സയിലും പരിസരങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന സൈനിക വിന്യാസത്തെ കേന്ദ്രീകരിച്ചായിരുന്നു അധികവും സംഭാഷണം. നിരപരാധികൾക്ക് ജീവഹാനി വരുത്തുന്ന സൈനിക പ്രവർത്തനങ്ങൾ നിർത്താൻ അടിയന്തര ഇടപെടൽ നടത്തേണ്ടതുണ്ടെന്ന്​ കിരീടാവകാശി എടുത്തുപറഞ്ഞു.

ഗസ്സക്കെതിരായ ഉപരോധം നീക്കുന്നതി​​ന്റെ നിർണായക വശം ഉൾപ്പെടെ അന്താരാഷ്​ട്ര മാനുഷിക നിയമങ്ങൾ പാലിക്കേണ്ടതി​​ന്റെ ആവശ്യകതയെ കുറിച്ച്​ പരാമർശിക്കുന്നതിനിടയിൽ, സംഘർഷത്തി​​ന്റെ തീവ്രത കുറക്കുന്നതിനുള്ള ആശയവിനിമയ ശ്രമങ്ങൾ സജീവമാക്കാനുള്ള രാജ്യത്തി​​ന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. മേഖലയുടെ സ്ഥിരതക്കും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഫലസ്തീൻ ജനതക്ക്​ നിയമാനുസൃതമായ അവകാശങ്ങൾ യാഥാർഥ്യമാക്കുന്നതിനുമുള്ള സാഹചര്യം ഒരുക്കുന്നതിൽ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്നും കിരീടാവകാശി വ്യക്തമാക്കി. ജനങ്ങളുടെ ജീവനും സ്വത്തും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതാക്കുന്ന ആക്രമണങ്ങൾ ഉൾപ്പെടെ, സാധാരണക്കാരെയും അവരുടെ ദൈനംദിന ജീവിതത്തെയും തടസ്സപ്പെടുത്തുന്ന പ്രവർത്തനങ്ങളെയും ലക്ഷ്യം വെക്കുന്ന ഏതൊരു നീക്കത്തെയും സൗദി തള്ളിക്കളയുന്നതായും അദ്ദേഹം അടിവരയിട്ട് പറഞ്ഞു.

നേരത്തെ കിരീടാവകാശി ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായും ഗസ്സയിലെ ഇസ്രായേൽ സൈനിക ധ്രുവീകരണത്തെ കുറിച്ച്​ ഫോണിൽ സംസാരിച്ചിരുന്നു. ഇറാൻ-സൗദി ബന്ധം പുനഃസ്ഥാപിച്ച ശേഷം പ്രസിഡന്റ് റൈസിയുമായി ആദ്യമായി​ നടത്തിയ ഫോൺ സംഭാഷണത്തിൽ രൂക്ഷമാവുന്ന പ്രതിസന്ധിക്ക് അറുതി വരുത്തുന്നതിന് രാജ്യാന്തരവും പ്രാദേശികവുമായ ശ്രമങ്ങൾ സജീവമാക്കുന്നതിൽ രാജ്യത്തി​​ന്റെ പ്രതിബദ്ധത കിരീടാവകാശി വ്യക്തമാക്കി. സിവിലിയന്മാരെ ലക്ഷ്യമിടുന്നതിനും നിരപരാധികളുടെ ദാരുണമായ നഷ്​ടത്തിനും എതിരെ സൗദി അറേബ്യയുടെ ശക്തമായ എതിർപ്പ്​ അദ്ദേഹം പ്രകടിപ്പിച്ചു. അന്താരാഷ്‌ട്ര മാനുഷിക നിയമത്തി​​ന്റെ തത്വങ്ങൾ നിർബന്ധമായും പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന നിലപാടിൽ ഊന്നിയ അദ്ദേഹം, ഗസ്സയിലെ ജനങ്ങളുടെ സ്ഥിതി വഷളാകുന്നതിലും മനുഷ്യജീവനുകളെ അത് ഗുരുതരമായി ബാധിക്കുന്നതിലും അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. പ്രതിസന്ധിക്ക്​ അയവുണ്ടാക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്നും അതിനായി സൗഹൃദ രാഷ്​ട്രങ്ങൾ ഒരുമിച്ചുനീങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഫലസ്തീൻ എന്ന ലക്ഷ്യത്തിനുവേണ്ടി നിലകൊള്ളുന്നതിൽ രാജ്യത്തി​​ന്റെ അചഞ്ചലമായ നിലപാട് കിരീടാവകാശി ആവർത്തിച്ചു. ഫലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾ ഉറപ്പാക്കിക്കൊണ്ട് സമഗ്രവും തുല്യവുമായ സമാധാനം കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾക്ക് സൗദി അറേബ്യയുടെ തുടർച്ചയായ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ബുധനാഴ്​ച രാത്രി തന്നെ തുർക്കിയ പ്രസിഡന്റ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാനുമായും ഫോണിൽ സംസാരിച്ചിരുന്നു. ഗസ്സയിലും പരിസരങ്ങളിലും നിലവിലുള്ള സൈനികവിന്യാസത്തെ കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. നിലവിലുള്ള സംഘർഷം തടയാൻ പ്രാദേശികവും അന്തർദേശീയവുമായ ആശയവിനിമയങ്ങളിലൂടെ എല്ലാവരെയും ഒരുമിപ്പിച്ച്​ നീങ്ങുന്നതിനുള്ള തീവ്രമായ ശ്രമങ്ങൾ സൗദി അറേബ്യ നടത്തുന്നുണ്ടെന്ന് കിരീടാവകാശി ഊന്നിപ്പറഞ്ഞു. സിവിലിയന്മാരെ ലക്ഷ്യം വെക്കുന്നതും നിരപരാധികളുടെ ജീവൻ അപഹരിക്കുന്നതുമായ അക്രമത്തെ തള്ളിക്കളയുന്നതാണ്​ രാജ്യത്തി​​ന്റെ നിലപാടെന്നും അദ്ദേഹം ആവർത്തിച്ചു. അന്താരാഷ്​ട്ര മാനുഷിക നിയമത്തി​​ന്റെ തത്വങ്ങൾ പാലിക്കേണ്ടതി​​ന്റെയും ഗസ്സ മുനമ്പിലെ ആക്രമണം അവസാനിപ്പിക്കേണ്ടതി​​ന്റെയും ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഫലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾ ഉറപ്പുനൽകുന്ന സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള ഫലസ്തീൻ ലക്ഷ്യത്തെയും ശ്രമങ്ങളെയും പിന്തുണക്കുന്നതിനുള്ള രാജ്യത്തി​ന്റെ ഉറച്ച നിലപാടും കിരീടാവകാശി ചൂണ്ടിക്കാട്ടി.

Tags:    
News Summary - 'Gaza blockade and violence must end immediately'; Saudi intensified intervention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.