റിയാദ്: ഗസ്സയിലെ വെടിനിർത്തൽ പ്രമേയം യു.എൻ രക്ഷാ കൗൺസിൽ അംഗീകരിച്ചതിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. ഗസ്സയിലെ പ്രതിസന്ധിക്ക് സുസ്ഥിരമായ പരിഹാരങ്ങൾ കണ്ടെത്തുകയും അവിടത്തെ മനുഷ്യരുടെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കുകയും ലക്ഷ്യമിട്ടാണ് അമേരിക്ക, ഗസ്സയിൽ ഉടനടി വെടിനിർത്തൽ, ബന്ദികളെ കൈമാറ്റം ചെയ്യാനുള്ള കരാർ, സുസ്ഥിരത കണ്ടെത്തുന്നതിനുള്ള രാഷ്ട്രീയ ചർച്ചകളിലേക്ക് മടങ്ങൽ എന്നീ ആവശ്യങ്ങളുന്നയിച്ച് കരട് പ്രമേയം അവതരിപ്പിച്ചത്. ഇത് യു.എൻ രക്ഷാ കൗൺസിൽ അംഗീകരിച്ചത് സ്വാഗതാർഹമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നീണ്ടുനിൽക്കുന്ന യുദ്ധം എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന് എല്ലാ കക്ഷികളുടെയും പ്രതിബദ്ധതയുടെ പ്രാധാന്യം സൗദി ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര പ്രമേയങ്ങൾക്ക് അനുസൃതമായി സുസ്ഥിര വെടിനിർത്തലിലെത്താനും ഫലസ്തീൻ പ്രശ്നം പരിഹരിക്കാനുമുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങൾക്കും പൂർണ പിന്തുണയുണ്ടാകും. മേഖലയുടെ സ്ഥിരതക്ക് ഇത് സംഭാവന നൽകുകയും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും കൈവരിക്കുന്നതിന് പിന്തുണ നൽകുകയും ചെയ്യുമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.