മക്ക: ഈദുൽ ഫിത്റിന്റെ ഭാഗമായി നിർബന്ധ ദാനം ‘ഫിത്ർ സകാത്’ ധാന്യങ്ങളായി തന്നെ നൽകണമെന്നും പണമായി നൽകിയാൽ മതിയാകില്ലെന്നും സൗദി ഉന്നത പണ്ഡിത സഭ മേധാവിയും ഗ്രാൻഡ് മുഫ്തിയുമായ ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖ് വ്യക്തമാക്കി. ഗോതമ്പ്, അരി, ഉണക്കമുന്തിരി തുടങ്ങിയ ഭക്ഷണപദാർഥങ്ങളിൽ നിന്നാണ് ഫിത്ർ സകാത് നൽകേണ്ടതെന്നും റമദാൻ അവസാന ദിവസത്തെ സൂര്യാസ്തമയ സമയത്ത് എവിടെയാണോ ഉള്ളത് അവിടെയാണ് നൽകേണ്ടതെന്നും പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുമ്പ് നൽകാവുന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഒരാൾ അയാൾക്ക് വേണ്ടിയും ഭാര്യ, സന്താനങ്ങൾ എന്നിവർക്ക് വേണ്ടിയും സകാത് നൽകണമെന്നും ഭക്ഷണ സാധനങ്ങളിൽ നിന്ന് ഫിത്ർ സകാത് നൽകൽ മുസ്ലിംകളായ എല്ലാവരുടെയും ബാധ്യതയാണെന്നും പ്രവാചക വചനങ്ങൾ ഉദ്ധരിച്ച് മുഫ്തി പറഞ്ഞു. റമദാൻ 28, 29 ദിവസങ്ങളിൽ ഫിത്ർ സകാത് നൽകാനാവും. അർഹർക്ക് നേരിട്ടോ പ്രതിനിധി മുഖേനയോ വിതരണം ചെയ്യണം. പെരുന്നാൾ ദിവസത്തെ ചെലവ് കഴിച്ച് മിച്ചം വെക്കാൻ കഴിയുന്ന എല്ലാവർക്കും നിർബന്ധമാണ് ഫിത്ർ സകാത്. വ്രതം അവസാനിപ്പിക്കുക എന്നാണ് ‘ഫിത്ർ’ എന്ന വാക്കിനർഥം. റമദാൻ വ്രതം ആവസാനിക്കുന്നതോടെ നിർബന്ധമാകുന്ന ദാനമായത് കൊണ്ടാണ് ആ പേര് ലഭിച്ചത്. ഓരോ ആൾക്കും വേണ്ടി ഓരോ ‘സ്വാഅ്’ ധാന്യം നൽകണം. പ്രവാചകന്റെ കാലത്തുണ്ടായിരുന്ന അളവ് പാത്രമാണ് ‘സ്വാഅ്’. ഇന്ന് ഏകദേശം രണ്ടര കിലോ തൂക്കം വരും ഒരു സ്വാഅ്. പെരുന്നാൾ ദിവസം പാവങ്ങളുടെ പട്ടിണി അകറ്റുക എന്നതാണ് ഫിത്ർ സകാത് നൽകുന്നതിന്റെ പ്രധാന ലക്ഷ്യം. പെരുന്നാൾ നമസ്കാരത്തിനുമുമ്പ് ഫിത്ർ സകാത് വിതരണം പൂർത്തീകരിച്ചിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.