മ​ര​ങ്ങ​ൾ വെ​ച്ചു​പി​ടി​പ്പി​ച്ച്​ മ​രു​ഭൂ​മി പ​ച്ച​പി​ടി​പ്പി​ക്കാ​നു​ള്ള ഭൂ​മി പ​ഠ​ന​ത്തി​നി​ടെ

ഹരിതവത്കരണം; വിവിധ സ്ഥലങ്ങളിൽ പഠനം തുടരുന്നു

1000 കോടി മരങ്ങൾ നട്ടുപിടിപ്പിക്കും •40 ഹെക്ടർ ഭൂമി വീണ്ടെടുക്കും

സ്വന്തം ലേഖകൻ

റിയാദ്: ആയിരം കോടി മരങ്ങൾ നട്ട് മരുഭൂമി പച്ചപിടിപ്പിക്കാനുള്ള സൗദി അറേബ്യയുടെ അഭിലാഷ പദ്ധതിക്കായി വിവിധ സ്ഥലങ്ങളിൽ വിദഗ്ധരുടെ നേതൃത്വത്തിൽ പഠനം തുടരുന്നു. മരുഭൂവത്കരണത്തെ ചെറുക്കുന്നതിനും സസ്യമേഖലയുടെ വ്യാപനത്തിനുമായി പ്രവർത്തിക്കുന്ന ദേശീയ കേന്ദ്രത്തിന്റെ സി.ഇ.ഒ ഡോ. ഖാലിദ് അൽ അബ്ദുൽ ഖാദർ സൗദി ഹരിതസംരംഭത്തിനും വനവത്കരണത്തിനും വേണ്ടിയുള്ള ജോലികൾ നടക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ചു. റിയാദ് പ്രവിശ്യയിലെ ശഖ്റ ഗവർണറേറ്റിലുള്ള റൗദ ഗലാഷ് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് വനവത്കരണത്തിനുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

ഡോ. ഖാലിദ് അൽ അബ്ദുൽ ഖാദർ ഈ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽനിന്ന് സാമ്പിളുകൾ ശേഖരിക്കുകയും ഇതുവരെ നടന്ന പ്രവർത്തനങ്ങളെ കുറിച്ച് വിശദമായി ചോദിച്ചറിയുകയും ചെയ്തു. 1000 കോടി മരങ്ങൾ നട്ടുപിടിപ്പിച്ച് മരുഭൂവത്കരണത്തെ ചെറുക്കുന്നതിനോടൊപ്പം കൃഷിക്കും മറ്റൊരു ആവശ്യത്തിനും ഉപയോഗക്ഷമമല്ലാതെ കിടക്കുന്ന 400 ലക്ഷം ഹെക്ടർ ഭൂമിയുടെ പുനരധിവാസത്തിനും കൂടിയാണ് സൗദി ഹരിത സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. തദ്ദേശീയവും ആഗോളതലത്തിലുള്ളതുമായ നിരവധി വിദഗ്ധരുടെയും സംരംഭക പങ്കാളികളുടെയും സഹകരണത്തോടെ ശാസ്ത്രീയ ശിൽപശാലകളുടെ പരമ്പര നടത്തിയാണ് ദേശീയ കേന്ദ്രം പദ്ധതി നടപ്പാക്കുന്നത്.

Tags:    
News Summary - greening; Studies continue at various locations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.