ഗൾഫ് മാധ്യമം ‘ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ്’ റിയാദിൽ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ ഉദ്ഘാടനം ചെയ്തപ്പോൾ

ഗൾഫ് മാധ്യമം ‘ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ്’ മഹോത്സവത്തിന് തുടക്കം

റിയാദ്: ഗൾഫ് മാധ്യമം രജത ജൂബിലിയുടെ ഭാഗമായി സൗദി തലസ്ഥാന നഗരിയിൽ സംഘടിപ്പിക്കുന്ന ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ് ദ്വിദിന ഇന്ത്യൻ മഹോത്സവത്തിന് തുടക്കമായി. റിയാദിലെ നാനാദേശക്കാരായ പ്രവാസികളും സൗദി പൗരരുമടങ്ങുന്ന വൻ ജനസഞ്ചയം എത്തി. മഹോത്സവ വേദിയായ റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ ഒരുങ്ങിയ വേദിയിൽ വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു.

സദസ്​

ഇന്ത്യ, സൗദി സൗഹൃദത്തിന്‍റെ ആശയം പ്രതിഫലിപ്പിക്കുന്ന തീം സോങ്ങോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ ഉദ്ഘാടനം നിർവഹിച്ചു.ഇന്ത്യയും സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹവും തമ്മിൽ ബന്ധം ശക്തിപ്പെടുത്താൻ വേണ്ടി പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധനാണെന്നും ഉപജീവനത്തിന് വേണ്ടി നാടും വീടും വിട്ട് വിദൂരത്തിൽ പ്രവാസം നയിക്കുന്നവരുടെ ക്ഷേമവും വിദ്യാഭ്യാസവും ഔദ്യോഗിക രേഖാസബന്ധമായതുമായ ഏത് ആവശ്യങ്ങൾക്കും പരിഹാരം കാണാൻ എംബസി സദാസന്നദ്ധമാണെന്നും അംബാസഡർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. മാധ്യമം ആൻഡ് ഗൾഫ് മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് സ്വാഗതം പറഞ്ഞു. ഗൾഫ് മാധ്യമം മിഡിലീസ്റ്റ് ഡയറക്ടർ സലീം അമ്പലൻ, ഗ്ലോബൽ ഹെഡ് മുഹമ്മദ് റഫീഖ്, സൗദി റെസിഡന്‍റ് മാനേജർ സലീം മാഹി, ഗൾഫ് മാധ്യമം മാനേജിങ് കമ്മിറ്റിയംഗങ്ങളായ നജ്മുദ്ദീൻ, കെ.എം. ബഷീർ, സിദ്ദിഖ് ബിൻ ജമാൽ, ലുലു ഗ്രൂപ്പ് സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മീര റഹ്മാൻ, ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർപേഴ്സൺ ഷഹ്നാസ് അബ്ദുൽ ജലീൽ, ഹൈഫ നാജിൽ, അൽ ഹുമൈദി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ റാഷിദ് അബ്ദുൽ അസീസ് അൽ ഹുമൈദി, ബാങ്ക് അൽ രാജ്ഹി ഡയറക്ടർ എക്സ്പാറ്റ്സ് സെഗ്മെൻറ് ഒമൈർ ജീലാനി, ഹോട്ട്പാക് ഗ്ലോബൽ വൈസ് പ്രസിഡൻറ് സുഹൈൽ അബ്ദുല്ല, മൂലൻസ് ഗ്രൂപ്പ് ഓവർസീസ് എം.ഡി ജോയ് മൂലന്​ വേണ്ടി പ്രവീൺ മൂലൻസ്​, ഇസ്മ മെഡിക്കൽ സെൻറർ എം.ഡി വി.എം. അഷ്റഫ് എന്നിവരും പങ്കെടുത്തു.

വാണിജ്യ പ്രദർശനമേള ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബൂ മാത്തൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

 ഇന്ത്യയുടെയും സൗദി അറേബ്യയുടെയും ദേശീയഗാനങ്ങൾ ആലപിച്ചു. വൈകീട്ട് ആറോടെ മഹോത്സവത്തിെൻറ ഭാഗമായ വാണിജ്യ പ്രദർശനമേള ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബൂ മാത്തൻ ജോർജ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റിയംഗങ്ങളായ സദ്റുദ്ദീൻ കിഴിശ്ശേരി, എൻജി. അബ്ദുറഹ്മാൻ കുട്ടി, ഷാനിദ് അലി, മുഹമ്മദ് ഫൈസൽ, നൗഷാദ് എടവണ്ണക്കാട് എന്നിവർ വിശിഷ്ടാതിഥികളെ വരവേറ്റു. ഇന്ത്യയിൽനിന്നും സൗദിയിൽനിന്നുമുള്ള വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരായ 20ഓളം കമ്പനികളുടെ പവിലിയനാണ് ട്രേഡ് എക്സ്പോയിൽ പങ്കെടുക്കുന്നത്.

സദസ്​

വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ രുചിവൈവിധ്യം വിളമ്പുന്ന ‘ടേസ്റ്റി ഇന്ത്യ’ ഫുഡ് കാർണിവൽ ഏരിയയും ഡി.സി.എം അബൂ മാത്തൻ ജോർജും മറ്റ് വിശിഷ്ടാതിഥികളും സന്ദർശിച്ചു. മഹേഷ് ജെയിെൻറ നേതൃത്വത്തിലുള്ള ബീറ്റ്സ് ഓഫ് റിയാദ് കലാകാരന്മാർ അണിനിരന്ന നാസിക് ഡോൾ വാദ്യം ഉദ്ഘാടന ചടങ്ങിന് മേളപ്പെരുക്കം നൽകി.

ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ്​ ഖാൻ, ഗൾഫ്​ മാധ്യമം ചീഫ്​ എഡിറ്റർ ഹംസ അബ്ബാസ്​, ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ്​ ഓഫ്​ മിഷൻ അബൂ മാത്തൻ ജോർജ്​ എന്നിവർ

രാത്രി എട്ടോടെ ബോളിവുഡ് ഗായകൻ സൽമാൻ അലി നയിച്ച ‘താൽ’ എന്ന സംഗീത പരിപാടിയിൽ യുവഗായകരായ ഭൂമിക, രചന ചൊപ്ര, സൗരവ് എന്നിവരും സ്വരമാധുരിയുമായി അണിചേർന്നു. ഷെറിൻ വതാരകയായി. ശനിയാഴ്ച വൈകീട്ട് 7.30 മുതൽ മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ നയിക്കുന്ന ‘വൈബ്സ് ഓഫ് കേരള’ കലാസംഗീത മേളയോടെ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിന് സമാപനമാകും.

Tags:    
News Summary - Gulf Madhyamam 'Great India Fest' festival started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.