സാബിത്ത് മഞ്ചേരി
മക്ക: ജംറയിലെ അവസാന കല്ലേറ് കർമം ചൊവ്വാഴ്ച പൂർത്തിയാവുന്നതോടെ ഈ വർഷത്തെ ഹജ്ജിന് പരിസമാപ്തി കുറിക്കും. എന്നാൽ, ഹാജിമാരിൽ ഒരു വിഭാഗം തിങ്കളാഴ്ച വൈകീട്ടോടെ കല്ലേറ് കർമം ഉൾെപ്പടെ എല്ലാ ചടങ്ങുകളും പൂർത്തിയാക്കി മിനായിൽ നിന്നും പുറപ്പെട്ട് കഴിഞ്ഞിരുന്നു. അവശേഷിക്കുന്ന ഹാജിമാരാണ് ചൊവ്വാഴ്ചകൂടി ജംറയിലെ സ്തൂപങ്ങളിൽ കല്ലേറ് പൂർത്തിയാക്കി മിന താഴ്വാരം വിടുക.
ലോകത്തിലെ വിവിധ ദിക്കുകളിൽനിന്നു വന്ന വിശ്വാസി ലക്ഷങ്ങൾ വിശുദ്ധ ഭൂമിയിൽ തീർത്ത സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സായുജ്യവുമായാണ് ഓരോ തീർഥാടകനും പുണ്യനഗരത്തോട് വിടചൊല്ലുക. രാജ്യത്തിെൻറ മുഴുവൻ വിഭവങ്ങളും സൗകര്യങ്ങളും ഉപയോഗിച്ചാണ് സൗദി ഭരണകൂടം അല്ലാഹുവിെൻറ അതിഥികളെ വരവേറ്റതും സേവിച്ചതും. മുഴുവൻ സുരക്ഷാ വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥർ ഹജ്ജിന്റെ മുഴുവൻ ദിനങ്ങളിലും സംരക്ഷണത്തിെൻറ കോട്ടയൊരുക്കി അല്ലാഹുവിെൻറ അതിഥികൾക്ക് കാവലായി. ഹജ്ജ് പൂർണ വിജയകരമായതിന്റെ സന്തോഷത്തിലാണ് അധികൃതർ. ഹജ്ജ് കർമങ്ങൾക്ക് വിരാമമായതോടെ തീർഥാടകര് കഅ്ബയിലെ വിടവാങ്ങൽ പ്രദക്ഷിണം (ത്വവാഫുൽ വിദാഅ്) പൂർത്തിയാക്കി മക്കയോട് വിട പറഞ്ഞുതുടങ്ങി. ഇനി മദീന സന്ദർശനംകൂടി പൂർത്തിയാക്കിയാവും മടങ്ങുക. മൊത്തം 10 ലക്ഷം പേരാണ് ഇത്തവണ തീർഥാടകരായത്. അതിൽ ഒന്നര ലക്ഷം സൗദിയിൽ നിന്നുള്ള സ്വദേശികളും വിദേശികളുമായിരുന്നു. ബാക്കിയുള്ളവർ 164 രാജ്യങ്ങളിൽ നിന്നെത്തിയവരാണ്. ഇതിൽ മദീന വഴി മക്കയിലെത്തിയവർ ഇനി നേരിട്ട് ജിദ്ദയിൽനിന്ന് നാട്ടിലേക്ക് മടങ്ങും. അവർ ഹജ്ജിന് മുമ്പുതന്നെ എട്ടുദിവസം മദീനയിൽ തങ്ങി അവിടെ സന്ദർശനം പൂർത്തിയാക്കിയാണ് മക്കയിലെത്തിയത്. അതേസമയം, സ്വദേശങ്ങളിൽനിന്ന് നേരിട്ട് ജിദ്ദ വഴി മക്കയിലെത്തിയവരാണ് ഹജ്ജിനുശേഷം മദീന സന്ദർശനം നടത്തുക.
ഇന്ത്യയിൽനിന്നെത്തിയ ഭൂരിഭാഗം തീർഥാടകരും തിങ്കളാഴ്ചതന്നെ മിനായിൽനിന്ന് ദുൽഹജ്ജ് 12ലെ കല്ലേറ് കർമം പൂർത്തിയാക്കി അസീസിയിലെ ക്യാമ്പിലേക്ക് മടങ്ങിയിരുന്നു. തിങ്കളാഴ്ച രാത്രി മിനായിൽ തങ്ങാനുള്ള സൗകര്യവും ഹജ്ജ് ഏജൻസികൾ ഒരുക്കിയിരുന്നു. ബാക്കിവരുന്ന മുഴുവൻ തീർഥാടകരും ചൊവ്വാഴ്ച വൈകീട്ടോടെ താമസസ്ഥലങ്ങളിൽ തിരിച്ചെത്തും. തിരക്ക് ഒഴിവാക്കാൻ ഹജ്ജ് മന്ത്രാലയം ഓരോ സർവിസ് കമ്പനികൾക്കും മിനായിൽനിന്ന് മടങ്ങുന്നതിനു പ്രത്യേകം സമയം അനുവദിച്ചിരുന്നു. താമസസ്ഥലങ്ങളിലേക്ക് മടങ്ങുന്ന ഹാജിമാർക്ക് വഴി കാണിക്കാനായി മലയാളി സന്നദ്ധ സേവന സംഘങ്ങൾ സജീവമായി മിനായിലെ വിവിധ വഴികളിൽ തമ്പടിച്ചിരിക്കുകയാണ്.
കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ എത്തിയ മലയാളി ഹാജിമാർ അധികവും ചൊവ്വാഴ്ച കർമം പൂർത്തിയാക്കിയാവും മടങ്ങുക. ഹജ്ജിലെ കഅബ പ്രദക്ഷിണവും സഫാ മർവാ കുന്നുകൾക്കിടയിലെ പ്രയാണവും ഭൂരിഭാഗം മലയാളി തീർഥാടകരും പൂർത്തിയാക്കിയിട്ടില്ല. മിനായിൽനിന്ന് തിങ്കളാഴ്ച അസീസിയയിലെ താമസസ്ഥലങ്ങളിൽ തിരിച്ചെത്തിയതിനുശേഷം ചൊവ്വാഴ്ചയാവും ഇവ നിർവഹിക്കുക എന്ന് സംസ്ഥാന ഹജ്ജ് കോഓഡിനേറ്റർ അഷറഫ് അരയൻകോട് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളിൽ എത്തിയ മലയാളി ഹാജിമാർ അധികവും മൂന്നു ദിവസത്തെ കല്ലേറ് കർമം പൂർത്തീകരിച്ച് ചൊവ്വാഴ്ച വൈകീട്ടോടെയാണ് അസീസിയയിലെ താമസസ്ഥലത്ത് തിരിച്ചെത്തുക. ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര ജൂലൈ 15 മുതൽ ആരംഭിക്കും. ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കാണ് ആദ്യസംഘം മടങ്ങുക. മലയാളി ഹാജിമാരാണ് ആദ്യം മടങ്ങുന്നത്. ജൂലൈ 15ന് വൈകീട്ട് മൂന്നിന് പുറപ്പെട്ടു രാത്രി 10 ന് കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങും. മലയാളി തീർഥാടകരുടെ മദീന സന്ദർശനം ഹജ്ജിനു മുമ്പേ പൂർത്തീകരിച്ചിരുന്നു. ജിദ്ദ വഴിയാണ് മുഴുവൻ മലയാളി തീർഥാടകരും മടങ്ങുക. ഹാജിമാർക്കുള്ള സംസം അഞ്ച് ലിറ്റർ പാക്കറ്റുകൾ ഇതിനകം 10 എംബാർക്കേഷൻ പോയൻറുകളിൽ എത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.