ജിദ്ദ: സൗദി അറേബ്യയുടെ ക്രൂസ് കപ്പലായ ‘അറോയ’യുടെ ആദ്യ അന്താരാഷ്ട്ര യാത്ര ഈജിപ്തിലെ ശറമുൽ ശൈഖിലേക്ക്. ജിദ്ദ ഇസ്ലാമിക് പോർട്ടിൽനിന്ന് പുറപ്പെടുന്ന കപ്പലിന്റെ യാത്രാനടപടിക്രമങ്ങൾ സൗദി പാസ്പോർട്ട് വകുപ്പ് (ജവാസത്) പൂർത്തിയാക്കി. യാത്രക്കാരുടെ നടപടികൾ പൂർത്തിയാക്കാനും മികച്ച സേവനങ്ങൾക്കും ആധുനിക സാങ്കേതിക ഉപകരണങ്ങളും യോഗ്യരായ ഉദ്യോഗസ്ഥരെയും തുറമുഖത്ത് പാസ്പോർട്ട് വകുപ്പ് ഒരുക്കിയിരുന്നു.
ഈ മാസം തുടക്കത്തിലാണ് ക്രൂസ് കപ്പലായ ‘അറോയ’ ജിദ്ദയിലെത്തുമെന്നും ചെങ്കടലിൽ ആഡംബര ടൂറിസം സർവിസ് ആരംഭിക്കുമെന്നും സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പി.ഐ.എഫ്)ന്റെ പൂർണ ഉടമസ്ഥതയിലുള്ള കമ്പനികളിലൊന്നാണ് സൗദി ക്രൂസ്.
സൗദിയിലെ ക്രൂസ് ടൂറിസം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബ്രെമർ ഹവൻ, റോട്ടർ ഡാം തുറമുഖങ്ങളിൽ പുനർനിർമാണത്തിനും വികസന പ്രവർത്തനങ്ങൾക്കും വിധേയമാക്കിയ ശേഷം കപ്പൽ ജിദ്ദയിലെത്തിച്ചത്. തുടർന്ന് ചെങ്കടലിൽ ആദ്യ വിനോദസഞ്ചാര യാത്രയും കപ്പൽ നടത്തിയിരുന്നു.
അതിനുശേഷമാണ് ഇപ്പോൾ അന്താരാഷ്ട്ര യാത്ര നടത്താനൊരുങ്ങുന്നത്. ആധികാരിക അറബ് സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നതും സൗദി സംസ്കാരത്തെ ഉയർത്തിക്കാട്ടുന്നതുമായ ‘അറേബ്യൻ തരംഗങ്ങൾക്കൊപ്പം’ എന്ന അസാധാരണ സമുദ്ര ടൂറിസം അനുഭവങ്ങൾ വിനോദസഞ്ചാരികൾക്ക് പകർന്നുനൽകാൻ ഉതകുംവിധമാണ് കപ്പലിന്റെ ആന്തരികവും ബാഹ്യവുമായ 95 ശതമാനം ഭാഗവും ഒരുക്കിയിട്ടുള്ളത്.
ഏറ്റവും ഉയർന്ന അന്താരാഷ്ട്ര നിലവാരത്തിൽ രൂപകൽപന ചെയ്തിട്ടുള്ള വിവിധ സൗകര്യങ്ങൾ കപ്പലിൽ ഉൾപ്പെടുന്നു. വിശ്രമ മുറികളും 29 റസ്റ്റാറന്റുകളും കഫേകളും 20 വിനോദ സൗകര്യങ്ങളും കുട്ടികളുടെ പ്രത്യേക വിനോദ ഇടങ്ങളും ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും അറോയ ക്രൂസ് കപ്പലിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.