ജിദ്ദ: ഇൗ വർഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കോവിഡ് പശ്ചാത്തലത്തിൽ ഹജ്ജ് കർമം പരിമിതമായ ആഭ്യന്തര തീർഥാടകർക്ക് മാത്രമാക്കിയിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട വകുപ്പുകൾക്ക് കീഴിൽ വിപുലമായ ഒരുക്കങ്ങളാണ് പ്രത്യേകിച്ച് ആരോഗ്യമേഖലയിൽ പൂർത്തിയാക്കിയിരിക്കുന്നത്.
മക്കയിലും പുണ്യസ്ഥലങ്ങളിലും വിവിധ വകുപ്പുകൾക്ക് കീഴിലെ ഒരുക്കങ്ങൾ മക്ക ഗവർണറും കേന്ദ്ര ഹജ്ജ് കമ്മിറ്റി അധ്യക്ഷനുമായ അമീർ ഖാലിദ് അൽഫൈസൽ, മന്ത്രിമാർ തുടങ്ങിയവർ കഴിഞ്ഞദിവസങ്ങളിൽ പരിശോധിച്ച് ഉറപ്പുവരുത്തി. പൗരന്മാരും രാജ്യത്തുള്ള വിദേശികളുമായി 60,000 പേർക്കാണ് ഇത്തവണ ഹജ്ജിന് അനുമതി നൽകിയിരിക്കുന്നത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള സ്വദേശികളും വിദേശികളുമായ തീർഥാടകർ ശനിയാഴ്ച (ദുൽഹജ്ജ് ഏഴ്) മുതൽ മക്കയിലേക്ക് തിരിക്കും.
കോവിഡ് സാഹചര്യത്തിൽ തീർഥാടകരുടെ ആരോഗ്യസുരക്ഷക്ക് ഏറ്റവും മുന്തിയ പരിഗണന നൽകിക്കൊണ്ടുള്ള ഒരുക്കങ്ങളാണ് ആരോഗ്യമന്ത്രാലയം ഇത്തവണയും പൂർത്തിയാക്കിയിരിക്കുന്നത്. കോവിഡ് വാക്സിൻ കുത്തിവെപ്പെടുത്തവർക്ക് മാത്രമാണ് ഹജ്ജിന് അനുതിനൽകിയിരിക്കുന്നത്. ഹജ്ജ് സേവനത്തിലേർപ്പെടുന്ന മുഴുവൻ ജോലിക്കാർക്കും കുത്തിവെപ്പ് നിർബന്ധമാക്കിയിട്ടുണ്ട്. നൂതനമായ സൗകര്യങ്ങളും സംവിധാനങ്ങളുമാണ് മക്ക ആരോഗ്യ കാര്യാലയത്തിന് കീഴിൽ പൂർത്തിയാക്കിയത്.
മക്കയിലെ ആശുപത്രികൾക്ക് പുറമെ പുണ്യസ്ഥലങ്ങളിൽ മൂന്ന് ആശുപത്രികളും ആറ് മെഡിക്കൽ സെൻററുകളും ഒരു മൊബൈൽ ആശുപത്രിയും തീർഥാടകർക്കായി ഒരുക്കിയിട്ടുണ്ട്. കോവിഡ് ബാധ ലക്ഷണം സംശയിക്കുന്നവരെ താമസിപ്പിക്കാൻ പ്രത്യേക പാർപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. സൂര്യാതപമേൽക്കുന്നവരെ ചികിത്സിക്കാൻ 45 കേന്ദ്രങ്ങളുണ്ട്. 32 മെഡിക്കൽ സംഘങ്ങൾ ചികിത്സാസേവനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്.
റെഡ് ക്രസൻറിന് കീഴിൽ മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലായി 51 ആംബുലൻസ് കേന്ദ്രങ്ങളുണ്ടാകും. ഇവിടങ്ങളിൽ ഡോക്ടർമാർ, സ്പെഷലിസ്റ്റുകൾ, ആംബുലൻസ് ടെക്നീഷ്യന്മാർ, അടിയന്തര ചികിത്സകർ എന്നീ വിഭാഗങ്ങളിലായി 549 പേരെ നിയോഗിച്ചിട്ടുണ്ട്. 144 ആംബുലൻസുകൾ, 22 മോേട്ടാർ സൈക്കിളുകൾ, 10 ഗോൾഫ് കാറുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ആരോഗ്യസേവനത്തിന് 300ലധികം സന്നദ്ധപ്രവർത്തകരുമുണ്ടാകും.
ശുചീകരണജോലികൾക്കായി മക്കയിലും മശാഇറുകളിലും 13,549 പേരെയാണ് മക്ക മുനിസിപ്പാലിറ്റി നിയോഗിച്ചിരിക്കുന്നത്. 912 ശുചീകരണ ഉപകരണങ്ങളും മാലിന്യവസ്തുക്കൾ ശേഖരിക്കാൻ പ്രഷർ സംവിധാനമുള്ള 1189 പെട്ടികളും ഇവ കൊണ്ടുപോകാൻ ഒമ്പത് ട്രക്കുകളും 135 ഗ്രൗണ്ട് ടാങ്കുകളും ഒരുക്കിയിട്ടുണ്ട്. പുണ്യസ്ഥലങ്ങളിലെ യാത്രക്ക് 68 ഗതാഗത കമ്പനിക്ക് കീഴിൽ 1700 ബസുകളും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് തീർഥാടകരെ എത്തിക്കുന്നതിന് 3000 ബസുകളുമാണ് ഒരുക്കിയിരിക്കുന്നത്. തമ്പുകളിൽ ഭക്ഷണം എത്തിക്കുന്നതിനും 237 വാഹനങ്ങളുണ്ടാകും.
ഗതാഗതം, വൈദ്യുതി, ജല, ടെലി കമ്യൂണിക്കേഷൻ രംഗത്തുവേണ്ട അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിട്ടുണ്ട്. സുരക്ഷാരംഗത്തും പഴുതടച്ച സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കെട്ടിടങ്ങളിലേയും തമ്പുകളിലേയും സുരക്ഷ സിവിൽ ഡിഫൻസ് ഉറപ്പുവരുത്തി. അനുമതിപത്രമില്ലാതെ കടക്കുന്നവരെ തടയാൻ 10 ചെക്ക്പോസ്റ്റുകളുണ്ട്. മസ്ജിദുൽ ഹറാമിലും മികച്ച സൗകര്യങ്ങളും സജ്ജീകരണങ്ങളുമാണ് ഇരു ഹറം കാര്യാലയം ഒരുക്കിയിരിക്കുന്നത്. ത്വവാഫിനായി മുഴുവൻ നിലകളും തുറന്നിടും. മത്വാഫിലെ പാതകളുടെ എണ്ണം 25 ആയി വർധിപ്പിച്ചിട്ടുണ്ട്. തീർഥാടകരുടെ പോക്കുവരവുകൾ എളുപ്പമാക്കാൻ കൂടുതൽ 20 കവാടങ്ങൾ തുറന്നിടാനും തീരുമാനിച്ചിട്ടുണ്ട്.
ജിദ്ദ: ഹജ്ജ് തീർഥാടകസംഘങ്ങളെ അനുഗമിക്കുന്നതിനും അവർക്ക് നിർദേശങ്ങളും മതബോധനവും നൽകുന്നതിനും 135 പ്രബോധകരെ മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് ചുമതലപ്പെടുത്തി.മുഴുവൻ സമയം ഹജ്ജുമായി ബന്ധപ്പെട്ട് സംഘത്തിലുള്ളവരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും പ്രബോധകർ മറുപടി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.