സൗദി ഗ്രീൻ ബിൾഡിങ്​ ഹോറം നേതൃത്വത്തിൽ അൽമാശാഇർ പ്രദേശത്ത്​ സസ്യങ്ങൾ നടുന്നു

പച്ചത്തണലിലെ ഹജ്ജാണ് ലക്ഷ്യം

ദമ്മാം: ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ആതിഥേയ ഇടമായ ഹജ്ജ്​ കേന്ദ്രങ്ങൾ ഹരിതാഭവും പ്രകൃതി സുന്ദരവുമാക്കി മാറ്റുകയാണ്​ തങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന്​ സൗദി ഗ്രീൻ ബിൽഡിങ് ഫോറം സി.ഇ.ഒ ഫൈസൽ അൽഫദൽ പറഞ്ഞു. അറഫ, മുസ്ദലിഫ, മിന തുടങ്ങിയ 119 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അൽമശാഇർ ​പ്രദേശം ഹരിതാഭമാക്കുകയാണ്​ ലക്ഷ്യം. മനുഷ്യാനുഭവങ്ങൾക്കായി മിനയും മുസ്ദലഫിയും ചുറ്റുമുള്ള പർവതപ്രദേശങ്ങളും മാറ്റിയെടുക്കുക എന്നതാണ്​ പ്രധാനമായും ലക്ഷ്യംവെക്കുന്നത്​.

ഇവിടെ മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നതിലൂടെ ഇതിന്‍റെ പാരിസ്ഥിതിക ശേഷി വീണ്ടെുക്കാൻ സഹായിക്കും. ഇത്​ ഇവിടെയെത്തുന്ന മനുഷ്യർക്കും പ്രദേശവാസികൾക്കും കടുത്ത ചൂടിനെ പ്രതിരോധിക്കാനും ശീതളിമയുള്ള അന്തരീക്ഷം സംജാതമാകാനും സഹായകമാകും. ഈ പ്രദേശങ്ങളിലെ കെട്ടിടനിർമിതികൾ ചൂട്​ വർധിപ്പിക്കാൻ ഇടയാക്കും. അതുകൊണ്ട്​ പരിസ്ഥിതിസൗഹൃദ രീതിയാണ്​ ഇവിടെ പുനർനിർമിക്കാൻ ഉപയോഗിക്കുക. അന്തരീക്ഷത്തിൽ കാർബണിന്റെ അളവും​ കടുത്ത ചൂടും കുറച്ച് ശുദ്ധവായു ലഭ്യമാകുന്ന അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്​ ഇതിനുള്ള മാർഗരേഖ.

2060ഓടെ കാർബൻ മുക്തമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന സൗദി കിരീടാവകാശിയുടെ പ്രഖ്യാപനത്തിന്‍റെ ചുവടുപിടിച്ചുള്ളതാണ്​ ഈ പദ്ധതിയും. ഫോറം സ്ഥാപിതമായതു മുതൽ 'ഹരിത ഹജ്ജ്' എന്ന ലക്ഷ്യപ്രാപ്തിക്കുള്ള പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും ഇപ്പോൾ കൂടുതൽ അവബോധത്തോടെ, ടീം അതിന്റെ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണെന്നും അൽ-ഫദ്ൽ പറഞ്ഞു. ഇത് കേവലം ആചാരപരമായ സ്ഥലം മാത്രമല്ല, ഇത് ഒരു മനുഷ്യാനുഭവമാണ്. അതിന്റെ സ്വഭാവം വീണ്ടെടുക്കേണ്ടതുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്‌ട്ര ആതിഥേയ ഇടമാണിത്​. അതിനാൽ മനുഷ്യന്റെ അനുഭവം അദ്വിതീയമാകുന്നതിന് ഇക്കോ-കപ്പാസിറ്റി പുനഃസ്ഥാപിക്കുന്നത് അത്യന്താപേക്ഷിതമാണ്. അൽമശാഇർ പ്രദേശത്ത് സസ്യങ്ങൾക്ക് വളരാൻ പറ്റുന്ന അന്തരീക്ഷമായിരുന്നില്ലെന്നും ഇവിടെ ഒരു ശതമാനത്തിൽ താഴെ മാത്രമേ പച്ചപ്പുകളോ ഏതെങ്കിലും തരത്തിലുള്ള സസ്യങ്ങളോ ഉണ്ടായിരുന്നുള്ളൂവെന്നും അൽഫദ്ൽ പറഞ്ഞു.

എന്നാൽ, 2000ത്തിനും 2010നും ഇടയിൽ സസ്യങ്ങളുള്ള ഭാഗത്തിന്റെ വിസ്തൃതി 122 ചതുരശ്ര മീറ്ററിൽനിന്ന് 878 ചതുരശ്ര മീറ്ററായി വർധിച്ചതായി അദ്ദേഹം പറഞ്ഞു. ഇത് 800 ശതമാനം വർധനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Hajj is the goal in the shade of green

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.