ചേലക്കര: ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിെൻറ തോൽവിയിൽ നേതാക്കൾക്കെതിരെ കോൺഗ്രസിൽ വിമർശനം. തോൽവിക്ക് കാരണം പ്രവർത്തകരല്ല, രമ്യ ഹരിദാസ് തന്നെ സ്ഥാനാർഥിയാകണമെന്ന് വാശിപിടിച്ച നേതൃത്വമാണെന്നാണ് പാർട്ടി വാട്സ്ആപ് ഗ്രൂപ്പുകളിൽ വിമർശനമുയരുന്നത്. പഞ്ചായത്ത് അംഗത്തെ നിർത്തി വോട്ട് വർധിപ്പിക്കാൻ ബി.ജെ.പിക്ക് സാധിച്ചു.
എന്നാൽ, കോൺഗ്രസിൽ പ്രാദേശികനേതാക്കളെ പരിഗണിക്കാൻ തയാറായില്ല. പല തവണ ഇക്കാര്യം പറഞ്ഞിട്ടും നേതൃത്വം ചെവിക്കൊണ്ടില്ല. താഴേത്തട്ടിലുള്ള പ്രവർത്തകരോടുള്ള മനോഭാവം സ്ഥാനാർഥി മാറ്റാത്തതും തിരിച്ചടിയായി. തോറ്റാലും നേതാക്കൾക്ക് പ്രശ്നമില്ലെന്നും രാപ്പകലില്ലാതെ പണിയെടുത്ത പ്രവർത്തകർക്കാണ് നഷ്ടമെന്നും ഗ്രൂപ്പിൽ അഭിപ്രായമുയർന്നു.
പാർട്ടി രക്ഷപ്പെടണമെങ്കിൽ പ്രാദേശിക തലത്തിലുള്ള നേതാക്കളെ ഉയർത്തിക്കൊണ്ടുവരാൻ നേതാക്കൾ ശ്രമിക്കണമെന്ന നിർദേശവും പ്രവർത്തകർ പങ്കുവെക്കുന്നു. എന്നാൽ, പാർട്ടിയുടെ ഔദ്യോഗിക ഗ്രൂപ്പുകളിൽ ഒന്നിലും ഇത്തരം ചർച്ചകൾ ഉണ്ടായിട്ടില്ലെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.എം. അനീഷ് പറഞ്ഞു. സ്ഥാനാർഥിയെ ഒറ്റക്കെട്ടായാണ് തീരുമാനിച്ചത്. സി.പി.എം കോട്ടയിൽ 2021ൽ നേടിയ 39,400 വോട്ടിന്റെ ഭൂരിപക്ഷം മൂന്നിലൊന്നായി കുറക്കാൻ സാധിച്ചത് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.