ജറൂസലം: ഗസ്സയിൽ ഒരു വർഷത്തിലേറെയായി തുടരുന്ന വംശഹത്യയെ വിമർശിക്കുന്ന ഫലസ്തീൻ പൗരന്മാരെ ഇസ്രായേൽ തടവിലിട്ട് പീഡിപ്പിക്കുന്നതായി റിപ്പോർട്ട്. ജയലിൽ കടുത്ത പീഡനങ്ങൾ ഏൽക്കേണ്ടിവരുമെന്ന് ഭയന്ന് പലർക്കും പ്രതിഷേധത്തിൽനിന്ന് മാറിനിൽക്കേണ്ടിവരുന്നതായും അസോസിയേറ്റഡ് പ്രസ് തയാറാക്കിയ റിപ്പോർട്ട് പറയുന്നു. ഗസ്സ ആക്രമണം തുടങ്ങിയതിന് പിന്നാലെ രാജ്യത്തെ 400ലേറെ ഫലസ്തീൻ പൗരന്മാരെ അറസ്റ്റ് ചെയ്തെന്നാണ് കണക്ക്. ഇവരിൽ ഭൂരിഭാഗം പേർക്കുമെതിരെ ഭീകരവാദമടക്കമുള്ള കുറ്റമാണ് ചുമത്തിയതെന്ന് ഇസ്രായേലിലെ ന്യൂനപക്ഷങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ അദലാഹ് ചൂണ്ടിക്കാട്ടി. ക്രിമിനൽ കുറ്റം ചുമത്തപ്പെട്ടതോടെ ജോലി നഷ്ടപ്പെടുകയും നിരന്തരം പൊലീസ് നിരീക്ഷണത്തിന് ഇരയാവുകയുമാണ് ഇവർ.
കഴിഞ്ഞ വർഷം ഒക്ടോബറിൽ യുദ്ധത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിലാണ് ഫലസ്തീൻ പൗരനായ അഹ്മദ് ഖലീഫയെ അറസ്റ്റ് ചെയ്തത്. ഇയാൾ മൂന്നു മാസമാണ് ജയിലിൽ കടുത്ത പീഡനം അനുഭവിച്ചത്. തുടർന്ന് ആറുമാസം അപ്പാർട്മെന്റിൽ തടവിലിടുകയും ചെയ്തു. കേസിൽ അന്തിമ വിധി എന്ന് വരുമെന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. അതുവരെ വീട്ടിൽനിന്ന് പുറത്തിറങ്ങുന്നതും അധികൃതർ വിലക്കിയിരിക്കുകയാണ്. പൗരന്മാർ എന്നതിലുപരി ശത്രുക്കളായാണ് ഫലസ്തീൻ പൗരന്മാരെ ഇസ്രായേൽ കാണുന്നതെന്ന് ഖലീഫ പറഞ്ഞു.
ഗസ്സ ആക്രമണത്തോടെ ഫലസ്തീൻ പൗരന്മാർക്കെതിരെ കഴിഞ്ഞ അഞ്ചു വർഷത്തേക്കാൾ കൂടുതൽ ഭീകരവാദ കേസുകളാണ് രജിസ്റ്റർ ചെയ്തത്. കുറ്റം ചുമത്തപ്പെട്ടതിനെയും തടവുശിക്ഷ വിധിച്ചതിനെയും കുറിച്ച് നീതിന്യായ മന്ത്രാലയത്തിൽ വ്യക്തമായ കണക്കുകളില്ല.
ഒക്ടോബർ ഏഴിന്റെ ഹമാസ് ആക്രമണത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ യുദ്ധവിരുദ്ധ അഭിപ്രായങ്ങൾ പങ്കുവെച്ച നിരവധി ഫലസ്തീൻ പൗരന്മാർക്കെതിരെയാണ് ഭീകരവാദ കുറ്റം ചുമത്തിയത്. ഫലസ്തീൻ അനുകൂല അഭിപ്രായം പ്രകടിപ്പിക്കുന്നവരെ കണ്ടെത്താനും കേസെടുക്കാനും പ്രതിരോധ മന്ത്രി ഇതാമർ ബെൻ ഗവീറിന്റെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സേനയെത്തന്നെ നിയോഗിച്ചിരിക്കുകയാണ്.
യുദ്ധവിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ എട്ടുമാസമാണ് ഉമയ ജബരീന്റെ മകൻ ജയിലിൽ കിടന്നത്. ഉമ്മുൽ ഫഹമിൽ ഇസ്രായേൽ ആക്രമണത്തിനെതിരെ ജബരീനടക്കമുള്ള നൂറുകണക്കിന് പേർ ഈ മാസാദ്യം വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിനു ശേഷം നടന്ന ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നായിരുന്നു ഇത്. മുമ്പ് ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ ആയിരക്കണക്കിനു പേർ പങ്കെടുക്കാറുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ യുദ്ധത്തിനെതിരെ എന്തെങ്കിലും പറയാൻ ജനങ്ങൾക്ക് ഭയമാണെന്ന് ജബരീൻ പറഞ്ഞു. യുദ്ധത്തിനെതിരെ സംസാരിച്ചാൽ ജയിലിലിടുകയും ജോലിസ്ഥലത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പീഡനത്തിനിരയാവുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇസ്രായേലിലെ മൊത്തം ജനസംഖ്യയിൽ 20 ലക്ഷം ഫലസ്തീൻ പൗരന്മാരാണ്. 1948ൽ ഇസ്രായേൽ സ്ഥാപിതമായ ശേഷവും ഇവിടെത്തന്നെ ജീവിച്ചുപോകുന്നവരാണവർ. മുസ്ലിംകളും ക്രിസ്ത്യാനികളും അടങ്ങുന്ന ഫലസ്തീൻ പൗരന്മാർക്ക് ഇപ്പോഴും ഗസ്സയിലും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും കുടുംബബന്ധങ്ങളുണ്ട്. വോട്ടവകാശം ഉൾപ്പെടെ തുല്യ അവകാശമുണ്ടെന്ന് ഇസ്രായേൽ ന്യായീകരിക്കുമ്പോഴും കാലങ്ങളായി തൊഴിലിടങ്ങളിലടക്കം കടുത്ത വിവേചനമാണ് രാജ്യത്തെ ഫലസ്തീൻ പൗരന്മാർ നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.