ജിദ്ദ: ഇത്തവണ ഹജ്ജിന് തെരഞ്ഞെടുക്കുന്ന തീർഥാടകരിൽ 70 ശതമാനവും രാജ്യത്തുള്ള വിവിധ രാജ്യക്കാരായ വിദേശികളായിരിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ആകെ തീർഥാടകരിൽ 30 ശതമാനം മാത്രമായിരിക്കും സൗദി പൗരന്മാർ. സ്വദേശികളിൽ കോവിഡ് ബാധിച്ച് രോഗമുക്തരായ ആരോഗ്യ ജീവനക്കാർക്കും സുരക്ഷ ഉദ്യോഗസ്ഥർക്കുമായിരിക്കും ഹജ്ജിനുളള അവസരം നൽകുക.
രോഗമുക്തരായവരുടെ ഡാറ്റാബേസിൽ നിന്നാണ് ഇവരെ തെരഞ്ഞെടുക്കുക. പകർച്ചവ്യാധിയുടെ എല്ലാ ഘട്ടത്തിലും സമൂഹത്തിലെ ആളുകളെ പരിപാലിക്കുന്നതിൽ വഹിച്ച പങ്ക് പരിഗണിച്ച് അവരോടുള്ള ആദരസൂചകമായാണ് ഹജ്ജിന് മുൻഗണന നൽകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തവണ ഹജ്ജ് തെരഞ്ഞെടുപ്പിനുള്ള പ്രധാന മാനദണ്ഡം ആരോഗ്യപരമായ ഘടകങ്ങളാണ്. രാജ്യത്തെ താമസക്കാരായ വിദേശികളിൽ നിന്ന് ഹജ്ജിനു മുൻഗണന നൽകുന്നത് വിട്ടുമാറാത്ത രോഗങ്ങൾ ഇല്ലാത്തവർക്കായിരിക്കും. കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന പി.സി.ആർ സർട്ടിഫിക്കറ്റ് ഉള്ളവർക്കും മുമ്പ് ഹജ്ജ് നിർവഹിക്കാത്തവർക്കും 20നും 50നുമിടയിൽ പ്രായമുള്ളവർക്കുമായിരിക്കും അവസരം. ക്വറൻറീൻ സംബന്ധിച്ച ആരോഗ്യ മന്ത്രാലയ തീരുമാനങ്ങൾ പാലിക്കുമെന്ന് ഇവരിൽ നിന്ന് പ്രതിജ്ഞ എഴുതി വാങ്ങും.
ഇൗ മാനദണ്ഡങ്ങൾ പാലിച്ച രാജ്യത്തെ വിദേശികൾക്ക് ഹജ്ജ് ഉംറ വെബ്സൈറ്റിൽ പ്രവേശിച്ച് ഹജ്ജിന് രജിസ്റ്റർ ചെയ്യാവുന്നതാണ്. ജൂലൈ ആറ് മുതൽ 10 വരെയാണ് (ദുൽഖഅദ് 15 മുതൽ 19 വരെ) അപേക്ഷ നൽകാനുള്ള അവസരം. രജിസ്റ്റർ ചെയ്തവരിൽ നിന്ന് സ്വദേശികളെല്ലാത്തവരെ തെരഞ്ഞെടുക്കുക ഇലക്ട്രോണിക് സംവിധാനം വഴിയായിരിക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു. ഏറ്റവും ഉയർന്ന ആരോഗ്യ മാനദണ്ഡങ്ങളും ശ്രദ്ധാപൂർവമായ മുൻകരുതലും പാലിച്ചായിരിക്കണം ഇത്തവണത്തെ ഹജ്ജ് എന്നാണ് സൗദി ഗവൺമെൻറിെൻറ തീരുമാനം. തീർഥാടകരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണിത്. അതുകൊണ്ട് തന്നെ ആരോഗ്യ രംഗത്ത് മികച്ച സേവനങ്ങൾ ഉറപ്പുവരുത്തി വേറിട്ട ആരോഗ്യ പദ്ധതിയാണ് ഒരുക്കുന്നത്. ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച എല്ലാ ചട്ടങ്ങളും പാലിക്കുമെന്നും അവ വളരെ സുക്ഷ്മമായി നടപ്പാക്കുമെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.