മക്ക: ഹജ്ജിലെ പ്രധാന ചടങ്ങായ അറഫാ സംഗമത്തിന് തീർഥാടകരെ എത്തിക്കുന്നതിന് വിപുല സംവിധാനങ്ങൾ. 20 ലക്ഷത്തിലധികം വരുന്ന തീർഥാടകരെ നിശ്ചിത സമയത്തിനകം അറഫായിലെത്തിക്കുന്നതിന് ബന്ധപ്പെട്ട സർക്കാർ, ഹജ്ജ് സേവന സ്ഥാപനങ്ങൾ എല്ലാ ഒരുക്കവും നേരത്തേ പൂർത്തിയാക്കിയിട്ടുണ്ട്. 12,000 ബസുകളും മശാഇർ റെയിൽവേക്ക് കീഴിലെ 17 ട്രെയിനുകളും ഉൾപ്പെടെ മികച്ച സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആവശ്യമായ ഡ്രൈവർമാരും ഗൈഡുകളുമുണ്ട്. തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിനും റോഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും എല്ലാവിധ സാേങ്കതിക, ട്രാഫിക് സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ബസുകളുടെ ഗതാഗതം തടസ്സപ്പെടുത്തുകയോ വൈകുകയോ ചെയ്യാതെ തീർഥാടകരെ എത്തിക്കുന്നതിന് കൺട്രോളിങ്, നിരീക്ഷണ വിഭാഗത്തിൽ 5,000ത്തോളം പേർ സേവനത്തിനുണ്ട്. ഉയർന്ന സുരക്ഷ മാനദണ്ഡങ്ങളോടെ അപകടങ്ങൾ തടയുന്നതിന് മെട്രോ ട്രെയിനുകളിലും അതിന്റെ കൺട്രോൾ സ്റ്റേഷനുകളിലും നൂതന സാങ്കേതികവിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നത്. മെട്രോ സ്റ്റേഷനുകളുടെയും റെയിൽ ട്രാക്കുകളുടെയും നിരീക്ഷണത്തിന് 1,500 കാമറകളുണ്ട്.
കാമറ നിരീക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഷനുകൾക്കുള്ളിലെ ടീമുകൾ ട്രെയിനുകൾക്ക് നിർദേശം നൽകുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ഇടപെടുന്നതിന് കൺട്രോൾ ആൻഡ് ഓപറേഷൻ സെൻററിന് കീഴിൽ ദ്രുത ഇടപെടൽ ടീമുകളുമുണ്ട്. മശാഇർ റെയിൽവേക്ക് കീഴിൽ പുണ്യസ്ഥലങ്ങൾക്കിടയിലെ തീർഥാടകരുടെ യാത്ര എളുപ്പമാക്കാൻ വിവിധ ഭാഷകളറിയുന്ന 7,500ത്തോളം പേരെയാണ് സീസണൽ ജോലിക്കാരായി നിയമിച്ചത്. ഇവർക്ക് പുറമെ പുണ്യസ്ഥലങ്ങളിലെ റോഡുകളിൽ ഗതാഗത കുരുക്കൊഴിവാക്കാൻ സുരക്ഷ, ട്രാഫിക് എന്നിവക്ക് കീഴിൽ നൂറുകണക്കിന് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരിക്കുന്നു.
റെഡ്ക്രസൻറ്, ആരോഗ്യ ഉദ്യോഗസ്ഥരുടെ നിരവധി മൊബൈൽ സംഘവും അറഫാ സംഗമത്തിന്റെ വിജയത്തിനായി ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് മുതൽ മിനായിലേക്ക് തീർഥാടകരുടെ പ്രവാഹം ആരംഭിച്ചിട്ടുണ്ട്. പകുതിയിലേറെ തീർഥാടകർ ദുൽഹജ്ജ് എട്ടിന് ‘യൗമു തർവിയ’യിൽ മക്കയിൽ നിന്ന് മിനായിലെത്തിയിട്ടുണ്ട്. അവശേഷിക്കുന്ന തീർഥാടകരെ മിനായിൽനിന്ന് നേരിട്ട് അറഫായിലെത്തിക്കാനാണ് പദ്ധതി. സ്വദേശികളും വിദേശികളുമായി ഇൗ വർഷത്തെ ആഭ്യന്തര തീർഥാടകരുടെ എണ്ണം രണ്ട് ലക്ഷം കവിയും.
135 ഹജ്ജ് സേവന കമ്പനികൾക്ക് കീഴിലാണ് ഇത്രയും പേർ ഹജ്ജിനെത്തിയിരിക്കുന്നത്. വിദേശ തീർഥാടകരുടെ എണ്ണം 18 ലക്ഷമാണ്. 35ഓളം കമ്പനികൾ ഇവരുടെ സേവനത്തിനായുണ്ട്. ബാക്കി തീർഥാടകർ സൗദിയിൽനിന്നാണ്. ഹജ്ജിന് മുമ്പ് 20 ലക്ഷം തീർഥാടകർക്ക് നുസ്ക് സ്മാർട്ട് കൈവളകൾ കൈമാറിയിട്ടുണ്ട്. തീർഥാടകന്റെ ഐഡൻറിറ്റി, രാജ്യം, മക്കയിലെ താമസസ്ഥലം, ഹജ്ജ് ഗ്രൂപ്പിലെ ഉദ്യോഗസ്ഥൻ എന്നിവ ഉൾപ്പെടുന്ന വിവരങ്ങൾ ഒരു സ്മാർട്ട്ഫോണിലൂടെ വായിക്കാൻ കഴിയുന്ന ഒരു കോഡ് സ്മാർട്ട് കൈവളകളിൽ അടങ്ങിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.