ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലിക, സാമൂഹിക പ്രവർത്തകൻ സലാം പറാട്ടി എന്നിവർ രേണുകുമാറിന് യാത്രാരേഖകൾ കൈമാറുന്നു

ജോലിക്കിടെ അപകടത്തിൽ കൈകാലുകളറ്റു; ഉത്തരേന്ത്യൻ യുവാവിന് തുണയായി മലയാളികൾ

ബുറൈദ: ജോലിക്കിടെ വൈദ്യുതാഘാത​മേറ്റ്​ കൈകാലുകൾ നഷ്ടമായ ഉത്തരേന്ത്യൻ യുവാവ് മലയാളി സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ ലഭിച്ച നഷ്ടപരിഹാരവുമായി നാട്ടിലേക്ക്. ഉനൈസയിലെ സ്വകാര്യ മെയിന്റനൻസ് കമ്പനിയിൽ ജോലി ചെയ്യവെ 2019 ഡിസംബറിൽ ഉണ്ടായ അപകടത്തിൽ ദാരുണമായി പരിക്കേറ്റ യു.പി മുസഫർ നഗർ സ്വദേശി രേണുകുമാറിനാണ് (24) സാമൂഹിക പ്രവർത്തകർ താങ്ങായത്.

ഇലക്​ട്രീഷ്യ​െൻറ സഹായിയായി ആദ്യമായി സൗദിയിലെത്തി രണ്ടുമാസം പിന്നിടുമ്പോഴാണ് രേണുകുമാറിന്റെ ജീവിതം താറുമാറാക്കിയ അപകടമുണ്ടായത്. സഹജീവനക്കാരന്റെ സന്ദേശം തെറ്റായി മനസിലാക്കി വൈദ്യുതിപ്രവാഹമുള്ള യന്ത്രത്തിൽ സ്പർശിച്ചതാണ് അപകടകാരണം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈദ്യുതാഘാതത്താൽ കരിഞ്ഞു സാരമായി പരിക്കേറ്റ കൈകാലുകൾ മുറിച്ചുനീക്കുകയല്ലാതെ മർഗമുണ്ടായിരുന്നില്ല.

ഒരു കൊല്ലത്തോളം നീണ്ട ചികിത്സക്കുശേഷം വിധിയിൽ ആശ്വസിച്ച് നാട്ടിലേക്ക് മടങ്ങാൻ തയാറെടുത്തെങ്കിലും ഇൻഷുറൻസ് കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്നങ്ങൾ കാര്യങ്ങൾ വീണ്ടും അവതാളത്തിലാക്കി. അബ്ശിർ പോലുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ബാങ്കുരേഖകൾ ശരിപ്പെടുത്താനും വിരൽമുദ്ര ഇല്ലാതെ വന്നതാണ് പ്രശ്നമായത്.

ഈ ഘട്ടത്തിലാണ് രേണുകുമാർ നേരിടുന്ന പ്രതിസന്ധി ഖസീം പ്രവാസി സംഘത്തിന്റെ ശ്രദ്ധയിൽ പെടുന്നത്. സംഘം ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലിക ബുറൈദയിലെ സാമൂഹികപ്രവർത്തകൻ സലാം പറാട്ടിയുമായി ചേർന്ന് ഇൻഷുറൻസ് കമ്പനി, റിയാദ് ഇന്ത്യൻ എംബസി, നാട്ടിലെ ബാങ്ക്​ അധികൃതർ തുടങ്ങിയവരുമായി പലതവണ ബന്ധപ്പെട്ടു. ഇൻഷുറൻസ് കമ്പനി സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നഷ്ടപരിഹാര വിഷയം അനന്തമായി നീട്ടിക്കൊണ്ടുപോയപ്പോൾ നൈസാമും സലാമും ചേർന്ന് രേണുവിനെ വീൽചെയറിലിരുത്തി ഉനൈസ അമീറിന് മുന്നിലെത്തി സഹായം തേടുകയായിരുന്നു.

തന്റെ ഓഫീസിൽനിന്ന് അടിയന്തര സാമ്പത്തികസഹായം അനുവദിച്ച അമീർ വിഷയത്തിൽ ശക്തമായി ഇടപെട്ടതോടെയാണ് പ്രതിസന്ധി നീങ്ങിയത്. ഇതോടെ വഴങ്ങിയ ഇൻഷുറൻസ് കമ്പനി കഴിഞ്ഞദിവസം കൈമാറിയ 22 ലക്ഷം രൂപ രേണുകുമാറിന്റെ നാട്ടിലെ ബാങ്ക് അ‌ക്കൗണ്ടിൽ നിക്ഷേപിച്ചു. തൊഴിൽ സ്ഥാപനത്തിൽനിന്നുള്ള സാമ്പത്തിക ആനുകൂല്യങ്ങൾകൂടി ലഭിക്കുന്നതോടെ രണ്ടുദിവസത്തിനുള്ളിൽ യുവാവിന് നാടണയാൻ സാധിക്കുമെന്ന് നൈസാം 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.

പ്രയാസഘട്ടത്തിൽ താങ്ങായി നിന്നവർക്ക് വിധി മുറിച്ചുവാങ്ങിയ കൈകൾ കൂപ്പി രേണുകുമാർ നന്ദി പറഞ്ഞു. കമ്പനിയിലെ സഹപ്രവർത്തകർ രേണുകുമാറിനെ അനുഗമിക്കും. കഴിഞ്ഞ ദിവസം യുവാവിന്റെ താമസസ്ഥലത്തെത്തിയ സാമൂഹിക പ്രവർത്തകർ യാത്രാരേഖകൾ കൈമാറി.

Tags:    
News Summary - He lost his limbs in an accident at work; Malayalees came to the aid of the North Indian youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.