റിയാദ്: മലയാളത്തിന്റെ പ്രിയപ്പെട്ട എം.ടിക്ക് പ്രവാസ മലയാളത്തിന്റെ കണ്ണീർപൂക്കൾ. ക്രിസ്മസ് ദിനത്തിൽ ആഘോഷങ്ങളിലും പരസ്പരം ആശംസകൾ പങ്കുവെക്കലുകളിലും മുഴുകിയിരിക്കെ കടന്നെത്തിയ വിയോഗവാർത്ത പ്രവാസി ഹൃദയങ്ങളെ നൊമ്പരപ്പെടുത്തുന്നതായി. ഒരു മൗനം പെട്ടെന്ന് എല്ലായിടങ്ങളിലും ഉറഞ്ഞു. പിറ്റേന്ന് പകൽ മുഴുവൻ ‘സിതാര’യിൽ തങ്ങിനിന്ന് വൈകുന്നേരം വിലാപയാത്രയിൽ അണിചേർന്ന് സ്മൃതിപഥത്തിലെത്തി അഗ്നിനാവുകൾ ഭൗതികശരീരത്തെ ഏറ്റുവാങ്ങുന്നതുവരെയും കടലിനിക്കരെയിരുന്ന് പ്രവാസി ഹൃദയങ്ങളും ലൈവ് വിഡിയോ കാഴ്ചകളിലൂടെ എം.ടിയോർമകളിൽ തന്നെ മുഴുകിക്കഴിയുകയായിരുന്നു. വിവിധ പ്രവാസി സംഘടനകളും വ്യക്തികളും അനുശോചനങ്ങളർപ്പിച്ചു ഒപ്പംചേർന്നു.
റിയാദ്: വിട പറഞ്ഞ മലയാളത്തിന്റെ മഹാപ്രതിഭ എം.ടി. വാസുദേവൻ നായർക്ക് കേളി കലാസാംസ്കാരിക വേദിയുടെ കണ്ണീർപൂക്കൾ. ഒരുമാസത്തിലധികമായി രോഗബാധിതനായി ചികിത്സയിലായിരുന്ന മലയാളത്തിന്റെ പ്രിയ കഥാകാരന്റെ വിയോഗത്തിൽ കേളി സെക്രട്ടേറിയറ്റ് അനുശോചനം രേഖപ്പെടുത്തി. സ്വതന്ത്ര ഇന്ത്യയിലും ലോകത്തിന്റെ നെറുകയിലും മലയാളത്തിന്റെ ഖ്യാതി വാനോളം ഉയർത്തുന്നതിൽ എം.ടി എന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ വഹിച്ച പങ്ക് വളരെ വലുതാണ്.
അദ്ദേഹത്തിന്റെ ഒരു നോവൽ, കഥ, അല്ലെങ്കിൽ സിനിമ, പ്രഭാഷണം കാണാത്തതായോ കേൾക്കാത്തതായോ ആരുംതന്നെ മലയാളമണ്ണിൽ ഉണ്ടാവില്ല. മലയാള മനസ്സുകളിലെ നിത്യസാന്നിധ്യമായിരുന്ന എം.ടി എന്നും ഹൃദയപക്ഷത്തോട് ചേർന്നു നടക്കാൻ ശ്രദ്ധിച്ചിരുന്നു. സാഹിത്യത്തെ ജനമനസ്സുകളെ തമ്മിൽ യോജിപ്പിക്കാൻ പറ്റിയ ഏറ്റവും വലിയ ഉപാധിയായി അദ്ദേഹം കണ്ടു. എന്നും മതനിരപേക്ഷമായ ഒരു മനസ്സ് കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ മിക്ക രചനകളിലും ഇത്തരം മനുഷ്യത്വത്തിന്റെ സ്നേഹത്തെ പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളായിരുന്നെന്നും പ്രസ്താവനയിൽ പറഞ്ഞു.
നോവൽ, കഥ, തിരക്കഥ, നാടകം, സിനിമ സംവിധാനം, സാഹിത്യ ചിന്തകൾ എന്നിങ്ങനെ ഇടപെട്ട മേഖലകളിൽ എല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അനശ്വര പ്രതിഭയായിരുന്നു. മലയാള ഭാഷയെയും സംസ്കാരത്തെയും ആഴത്തിൽ സ്നേഹിക്കുമ്പോഴും ലോകസാഹിത്യത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അപാര അറിവും ആഴത്തിലുള്ള വായനയും വ്യത്യസ്തനാക്കി. തർജമ ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ കൃതികൾക്ക് വിവിധ ഭാഷകളിൽ ഉണ്ടായ വായനക്കാർക്കും ആരാധകർക്കും മലയാളത്തെയും കേരളത്തെയും കൂടുതൽ അറിയാൻ അദ്ദേഹം വഴിയൊരുക്കിയതായും കേളി സെക്രട്ടേറിയറ്റിന്റെ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
റിയാദ്: മലയാളത്തിന്റെ മഹാപ്രതിഭ എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ സൗദി ഐ.എം.സി.സി അനുശോചിച്ചു. നോവൽ, കഥ, സിനിമാസംവിധാനം, തിരക്കഥ, നാടകം, സാഹിത്യ ചിന്തകൾ എന്നിങ്ങനെ ഇടപെട്ട മേഖലകളിൽ എല്ലാം വ്യത്യസ്തമായ മികവുകൾ ചാർത്തി അനശ്വരതയാർജിച്ച വ്യക്തിത്വമാണ് എം.ടി. കലാസാഹിത്യ രംഗങ്ങളിൽ അരനൂറ്റാണ്ടോളം നിറഞ്ഞുനിന്ന എം.ടിയുടെ വിയോഗം, മലയാള ഭാഷയെയും സംസ്കാരത്തെയും അത്രമേൽ സ്നേഹിക്കുമ്പോഴും ലോകസാഹിത്യത്തെ കുറിച്ച് അപാരമായ അറിവും ആഴത്തിലുള്ള വായനയും അദ്ദേഹത്തിന്റെ സർഗവ്യാപാരത്തെ വിശാലമാക്കി.
തർജമ ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ കൃതികൾക്ക് വിവിധ ഭാഷകളിൽ വായനക്കാരും ആരാധകരുമുണ്ടായി. രോഗശയ്യയിലാവുന്നതുവരെ പൊതുരംഗങ്ങളിൽ സജീവത തുടർന്നു. തിരൂർ തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാനായിരുന്നു. തുഞ്ചൻ ഉത്സവം ജനകീയമാക്കുന്നതിലും സ്മാരകം യാഥാർഥ്യമാക്കുന്നതിലും മുൻനിരയിൽ പ്രവർത്തിച്ചു. മലയാള സാഹിത്യം, സിനിമ, സാംസ്കാരിക രംഗത്തെ മഹാപ്രതിഭയായ എം.ടി. വാസുദേവൻ നായരുടെ ദേഹവിയോഗത്തിൽ സൗദി ഐ.എം.സി.സി പ്രസിഡൻറ് സഈദ് കള്ളിയത്, ജനറൽ സെക്രട്ടറി ഹനീഫ് അറബി എന്നിവർ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
റിയാദ്: നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ മലയാളത്തിന്റെ ഇതിഹാസമായിരുന്നു എം.ടി. വാസുദേവൻ നായർ എന്ന് പ്രവാസി വെൽഫെയർ റിയാദ് ഘടകം അനുശോചിച്ചു. മനുഷ്യന്റെ സ്വപ്നങ്ങളും മനോവ്യഥകളും സംഘർഷങ്ങളും ഭാവതീവ്രതയോടെ തലമുറകൾക്ക് പകർന്നുനൽകിയ വിസ്മയമായിരുന്നു അദ്ദേഹം. സാഹിത്യവും സിനിമയും പത്രപ്രവർത്തനവുമടക്കം തൊട്ടതെല്ലാം പൊന്നാക്കിയ സർഗതീവ്രത നമ്മോട് യാത്രയായി. ഭാഷയെയും സാഹിത്യത്തെയും സിനിമയെയും പ്രണയിക്കുന്നവർക്ക് നിത്യസ്മാരകമാണ് അദ്ദേഹത്തിന്റെ സൃഷ്ടികൾ. പരേതന് നിത്യശാന്തി നേരുന്നതോടൊപ്പം അക്ഷരസ്നേഹികളായ കേരളീയ സമൂഹത്തിന്റെ ദുഃഖത്തിൽ പ്രവാസി വെൽഫെയറും പങ്കു ചേരുന്നു.
റിയാദ്: മലയാള ഭാഷയുടെ ശ്രേഷ്ഠത ദേശാതിരുകൾക്കപ്പുറമെത്തിച്ച മഹാനായ എഴുത്തുകാരനാണ് എം.ടി. വാസുദേവൻ നായരെന്ന് പ്രിയദർശനി പബ്ലിക്കേഷൻ സൗദി ചാപ്റ്റർ അഭിപ്രായപ്പെട്ടു. അപരിഹാര്യമായ നഷ്ടമാണ് ഭാഷക്കും സാഹിത്യത്തിനും സർവോപരി കേരളീയ സാമൂഹിക, സാംസ്കാരിക രംഗത്തിനാകമാനവും ആ മഹാവിയോഗത്തിലൂടെ സംഭവിച്ചതെന്ന് അനുശോചന കുറിപ്പിൽ പറഞ്ഞു. പ്രായം വിരൽത്തുമ്പിൽ തൊടാതെ എല്ലാ തലമുറകളെയും ഒരുപോലെ എഴുത്തിലേക്ക് ആകർഷിച്ച മലയാളത്തിന്റെ മഹാസൗഭാഗ്യം ലോകത്തോട് വിട പറയുമ്പോൾ തിരശ്ശീല വീഴുന്നത് ഒരു യുഗത്തിനാണ്. എം.ടി എന്ന രണ്ടക്ഷരം വാണ മലയാളത്തിന്റെ ആ മഹായുഗം ഓർമയുടെ മഞ്ഞിലേക്ക് വിലയം പ്രാപിക്കുകയാണ്. അപ്പുണ്ണിയും സേതുവും സുമിത്രയും ഗോവിന്ദൻകുട്ടിയും കുട്ട്യേടത്തിയും ലീലയും വിമലയും ഭീമനും ചന്തുവും കോന്തുണ്ണി നായരും സൈതാലിക്കുട്ടിയും യൂസഫ് ഹാജിയും തുടങ്ങി മരണമില്ലാത്ത കഥാപാത്രങ്ങൾക്ക് പറവി നൽകിയ കഥയുടെ പെരുന്തച്ചനായ എം.ടി മലയാളികളുടെ മനസ്സിൽ സർവാദരവോടെ എന്നും ജീവിക്കുമെന്നും അനുശേചാനക്കുറിപ്പിൽ പറഞ്ഞു.
റിയാദ്: നോവൽ, കഥ, സിനിമ സംവിധാനം, തിരക്കഥ, നാടകം, സാഹിത്യ ചിന്തകൾ എന്നിങ്ങനെ ഇടപെട്ട എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച സാഹിത്യ കുലപതിയുടെ നിര്യാണത്തിൽ ചേതന ലിറ്റററി ഫോറം റിയാദ് ഘടകം അനുശോചനം രേഖപ്പെടുത്തി. ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവർഡുകൾ തുടങ്ങിയ എല്ലാ പുരസ്കാരങ്ങളും അദ്ദേഹത്തിന്റെ സർഗസമ്പന്നതയുടെയും ജനപ്രിയതയുടെയും സാക്ഷ്യപത്രങ്ങളാണ്. അക്ഷര പ്രേമികളുടെ ദുഃഖത്തിൽ ചേതന ലിറ്റററി ഫോറവും പങ്ക് ചേരുന്നു.
റിയാദ്: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ നിര്യാണം സാഹിത്യ ലോകത്തിനും കേരള ജനതക്കും ഒരു തീരാ നഷ്ടമാണെന്ന് സൗദി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ പ്രസിഡൻറ് സിഞ്ചു റാന്നി അനുശോചനക്കുറിപ്പിൽ അറിയിച്ചു.
ജിദ്ദ: മലയാളത്തിന്റെ മഹാപ്രതിഭ എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ അക്ഷരം വായനാവേദി ജിദ്ദ അനുശോചിച്ചു. വൈക്കം മുഹമ്മദ് ബഷീറിനു ശേഷം, ജീവിച്ച കാലത്തെയും ചുറ്റുപാടിനെയും അക്ഷരങ്ങളുടെ മാസ്മരികതകൊണ്ട് മലയാള മനസ്സിനെ ഇത്രയേറെ പ്രചോദിപ്പിച്ച സാഹിത്യകാരൻ എം.ടിയെ പോലെ മറ്റാരുമില്ല. നാലുകെട്ട്, രണ്ടാമൂഴം, കാലം, മഞ്ഞ് തുടങ്ങി തന്റെ രചനാവൈഭവത്തിലൂടെ മലയാള സാഹിത്യത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തി എന്നതാണ് എം.ടിയുടെ സവിശേഷത. ഒപ്പം പത്രപ്രവർത്തന, ചലച്ചിത്ര രംഗങ്ങളിൽ മഹത്തായ സംഭാവനകളാണ് അദ്ദേഹം അർപ്പിച്ചത്. ഭരണകൂട ഭീകരതക്കെതിരെയും ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും ഫാഷിസത്തിനെതിരെയുമെല്ലാം ഒരു വിട്ടുവീഴ്ചയുമില്ലാതെ ശക്തമായ രീതിയില്‍ പ്രതികരിക്കാൻ ധൈര്യം കാണിച്ചിരുന്ന അപൂർവം സാഹിത്യകാരന്മാരിൽ മുൻപന്തിയിലുണ്ടായിരുന്നു എം.ടി. അദ്ദേഹത്തിന്റെ വിടവ് മലയാള സാഹിത്യ, സാംസ്കാരിക, സാമൂഹിക രംഗത്ത് നികത്താനാവാത്ത നഷ്ടമാണെന്നും അക്ഷരം വായനാവേദി വിലയിരുത്തി.
ജിദ്ദ: എം.ടി. വാസുദേവൻ നായർ പരമ്പരാഗത വ്യവസ്ഥിതികളോട് കലഹിച്ച സാഹിത്യ കുലപതിയായിരുന്നുവെന്ന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം. മനുഷ്യനന്മക്ക് എതിരെ പ്രവർത്തിക്കുന്ന ആചാര, അനുഷ്ഠാന, വിശ്വാസങ്ങളോട് എം.ടി തന്റെ സാഹിത്യരചനകളിലൂടെ കലഹിക്കുകയും നീതിയിൽ അധിഷ്ഠിതമായ വ്യവസ്ഥിതിക്ക് വേണ്ടി സിനിമകളെ ഉപയോഗപ്പെടുത്തുകയും ചെയ്തു. എം.ടിയുടെ വിയോഗത്തിലൂടെ മലയാള സാഹിത്യത്തിന് അതിന്റെ കിരീടമാണ് നഷ്ടമായത്. രചനകളുടെ പെരുന്തച്ചന്റെ വേർപാടിൽ ദുഃഖിക്കുന്ന മുഴുവനാളുകളുടെയും വേദനയിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രവർത്തകരും പങ്കുചേരുന്നുവെന്ന് ഫോറം പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ അറിയിച്ചു.
ജിദ്ദ: സര്‍ഗാത്മകതയുടെ സമസ്ത മേഖലകളിലും അസാധാരണവും വിസ്മയജനകവുമായ അടയാളപ്പെടുത്തലുകള്‍ നടത്തിയ സൂപ്പര്‍ സ്റ്റാറായിരുന്നു എം.ടി. വാസുദേവന്‍ നായരെന്ന് ഗുഡ്വില് ഗ്ലോബല്‍ ഇനീഷ്യേറ്റിവ് (ജി.ജി.ഐ) അനുസ്മരിച്ചു. മലയാളസാഹിത്യത്തിന്റെ യശസ്സ് ഭൂഗോളത്തിന്റെ അതിരുകള്‍ കടത്തിയ, അറിവിന്റെ സാഗരമായിരുന്ന പ്രതിഭാശാലിയായിരുന്നു അദ്ദേഹമെന്ന് ജി.ജി.ഐ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തീക്ഷ്ണ ജീവിതാനുഭവങ്ങളും മാനവികകാഴ്ചപ്പാടുകളും രചനകളിലെ കാമ്പും കാതലുമായി സ്വീകരിച്ചതിനാല്‍ അദ്ദേഹത്തിന്റെ രചനകള്‍ കാലാതിവര്‍ത്തിയായി മാറി. ആള്‍ക്കൂട്ടത്തില്‍ തനിയെയാവുകയും എന്നാല്‍ ആള്ക്കൂട്ടത്തിന്റേതാവുകയും ചെയ്ത മലയാള കഥാലോകത്തെ ഇതിഹാസ നായകനായിരുന്നു അദ്ദേഹം. ഏതുതരം വായനക്കാരനും പ്രേക്ഷകനും ഹൃദ്യമായ ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങളും മെഗാഹിറ്റ് ചലച്ചിത്രങ്ങളുമായി ആസ്വാദകരുടെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ച അതുല്യപ്രതിഭയായിരുന്നു എം.ടി. ജീവിതത്തിന്റെ തീക്ഷ്ണ യാഥാര്‍ഥ്യങ്ങളിലേക്ക് ശ്രദ്ധതിരിക്കാന്‍ അക്ഷരങ്ങളെ ആയുധമാക്കിയ പ്രതിഭാധനന് ആദരാഞ്ജലി അര്‍പ്പിക്കുന്നതായി ജി.ജി.ഐ വാർത്തക്കുറിപ്പിൽ അറിയിച്ചു.
ജിദ്ദ: വള്ളുവനാടൻ നാട്ടുജീവിത സംസ്കാരത്തിൽ വേരുറപ്പിച്ചുനിന്ന് ലോകത്തിന്റെ സാഹിത്യ ചക്രവാളങ്ങളിലേക്ക് മലയാളത്തെ കൈപിടിച്ച് ഉയര്‍ത്തിയ മഹാനായ സാഹിത്യകാരനായിരുന്നു എം.ടിയെന്ന് ജിദ്ദ നവോദയ അനുശോചന സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം മലയാളിക്കും മലയാള സാഹിത്യത്തിനും നികത്താനാവാത്ത വിടവ് സൃഷ്ടിക്കും. ഏഴു പതിറ്റാണ്ടിലേറെ തന്റെ രചനകളിലൂടെ സാഹിത്യലോകത്തെ വിസ്മയിപ്പിച്ച അതുല്യ പ്രതിഭയെയാണ് മലയാളത്തിന് നഷ്ടമായത്. അക്ഷരങ്ങളുടെ കുലപതി എം.ടി. വാസുദേവന്‍ നായരുടെ വിയോഗത്തിൽ ആദരാഞ്ജലികള്‍ അർപ്പിക്കുന്നതായും ജിദ്ദ നവോദയ കേന്ദ്രകമ്മറ്റി അറിയിച്ചു.
ജിദ്ദ: മലയാള സാഹിത്യ, സാംസ്കാരിക രംഗത്തെ കാലാതീതനായ മഹാപ്രതിഭയാണ് കഥാവശേഷനായതെന്ന് ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി അനുശോചനക്കുറിപ്പിൽ അറിയിച്ചു. നോവൽ, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, പത്രാധിപർ, സിനിമ തുടങ്ങിയ സാഹിത്യ, സാംസ്കാരിക രംഗത്തെ സമസ്ത മേഖലകളിലും അതുല്യനായിരുന്നു സാഹിത്യലോകത്തെ കുലപതിയായ എം.ടി എന്നും അനുശോചനക്കുറിപ്പിൽ കൂട്ടിച്ചേർത്തു.
ജിദ്ദ: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ മൈത്രി ജിദ്ദ അനുശോചനം രേഖപ്പെടുത്തി. തന്റെ രചനകളിലൂടെ കേരളത്തിന് പുറത്തും മലയാളത്തിന്റെ മഹിമ എത്തിച്ച അതുല്യ സാഹിത്യകാരനായിരുന്നു എം.ടി. കാലം മായ്ക്കാത്ത രചനകളാണ് എം.ടിയുടേതെന്ന് ഭാരവാഹികള്‍ വാർത്താക്കുറിപ്പിലൂടെ അനുസ്മരിച്ചു.
ഖോബാർ/ദമ്മാം: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ ദമ്മാം, ഖോബാർ എന്നിവിടങ്ങളിലെ നിരവധി പ്രവാസി സംഘടനകൾ അനുശോചിച്ചു. നവോത്ഥാന കാലത്ത് സാമൂഹിക പ്രശ്നങ്ങളിൽ മാത്രം ഒതുങ്ങിനിന്ന മലയാള കഥയെയും നോവലിനെയും കവിത പോലെ ഭാവാർദ്രമാക്കിയത് എം.ടി ആയിരുന്നുവെന്ന് ഒ.ഐ.സി.സി റീജനൽ പ്രസിഡൻറ് ഇ.കെ. സലിം പറഞ്ഞു. ഏകാന്തതയും ഒറ്റപ്പെടലും കാലത്തെപ്പോലും നിശ്ചലമാക്കുന്ന അവസ്ഥയിലൂടെ കടന്നുപോകുന്ന മനുഷ്യന്റെ വ്യഥകളെ ഇത്രയും ഭാവാർദ്രമായി ആവിഷ്കരിച്ചിട്ടുള്ള എഴുത്തുകാർ എം.ടിയെപോലെ വേറെയില്ലെന്ന് തനിമ കലാസാംസ്കാരിക വേദി രക്ഷാധികാരി എസ്.ടി. ഹിഷാം അറിയിച്ചു.
എഴുത്തുകാരനായിരിക്കെ തന്നെ ഭരണകൂടങ്ങളുടെ തെറ്റായ സമീപനങ്ങൾക്കെതിരെ ശബ്ദമുയർത്താൻ കൂടി ജാഗ്രത കാണിച്ച അദ്ദേഹത്തിന്റെ വിയോഗം സാഹിത്യ, സാംസ്കാരിക കേരളത്തിന് വലിയ നഷ്ടമാണെന്ന് പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി പ്രസിഡൻറ് ഷബീർ ചാത്തമംഗലം പറഞ്ഞു. യുവതലമുറയെ കഥകളെ സ്നേഹിക്കാൻ പഠിപ്പിച്ച കഥകളുടെ പെരുന്തച്ചനായിരുന്നു എം.ടി എന്ന് യൂത്ത് ഇന്ത്യ ഈസറ്റേൺ പ്രൊവിൻസ് പ്രസിഡൻറ് അയ്മൻ സയീദ് അഭിപ്രായപ്പെട്ടു. മലയാള സാഹിത്യത്തിന്റെ അതുല്യ പ്രതിഭയായ എം.ടി. വാസുദേവൻ നായരുടെ വിയോഗം മലയാളികൾക്ക് അനുഭവപ്പെടുന്ന നഷ്ടമാണെന്ന് ഒ.ഐ.സി.സി ഖോബാർ ഏരിയ കമ്മിറ്റി പ്രസിഡൻറ് സാജൂബ് വ്യക്തമാക്കി. തിരുവനന്തപുരം പ്രവാസി അസോസിയേഷൻ പ്രസിഡൻറ് രഞ്ജു രാജ്, ഒ.ഐ.സി.സി ആലപ്പുഴ ജില്ല പ്രസിഡൻറ് ജോണി പുതിയറ, കെ.എം.സി.സി പ്രസിഡൻറ് ഇക്ബാൽ ആനമങ്ങാട് തുടങ്ങിയ സംഘടനനേതാക്കൾ അനുശോചനം അറിയിച്ചു.
അൽ അഹ്സ: മലയാള സാഹിത്യത്തിന്റെ കുലപതി എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ ഒ.ഐ.സി.സി അൽ അഹ്സ ഏരിയകമ്മിറ്റി അനുശോചിച്ചു. നേരിന്റെയും നന്മയുടെയും പര്യായമായി എം.ടി എന്ന രണ്ടക്ഷരം മലയാള സാഹിത്യത്തിൽ ചെലുത്തിയ സ്വാധീനം വിവരണാതീതമാണെന്ന് പ്രസിഡന്റ് ഫൈസൽ വാച്ചാക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന അൽ അഹ്സ ഒ.ഐ.സി.സി നിർവാഹക സമിതി യോഗം വിലയിരുത്തി. ശാഫി കുദിർ, അർശദ് ദേശമംഗലം, റഫീഖ് വയനാട്, നിസാം വടക്കേകോണം, ഷാനി ഓമശ്ശേരി, ലിജു വർഗീസ്, ഹഫ്സൽ മേലേതിൽ, മുരളീധരൻ ചെങ്ങന്നൂർ, സിജോ രാമപുരം, സലീം പോത്തംകോട്, വി.പി. സെബാസ്റ്റ്യൻ, ദിവാകരൻ കാഞ്ഞങ്ങാട് എന്നിവർ എം.ടിയെ അനുസ്മരിച്ച് സംസാരിച്ചു. ഉമർ കോട്ടയിൽ സ്വാഗതവും ഷിബു സുകുമാരൻ നന്ദിയും പറഞ്ഞു.
ദമ്മാം: വിശ്വസാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ ദമ്മാം ഒ.ഐ.സി.സി അനുശോചനം രേഖപ്പെടുത്തി. മലയാള സാഹിത്യത്തിനും സിനിമക്കും അദ്ദേഹം നൽകിയ സംഭാവനകൾ അനശ്വരമാണ്. അദ്ദേഹത്തിന്റെ രചനകൾ നമ്മെ എന്നും പ്രചോദിപ്പിക്കും. എല്ലാ അർഥത്തിലും വിസ്മയമായിരുന്നു, ഇതിഹാസമായിരുന്നു എം.ടി. മനുഷ്യന്റെ മനോവ്യഥയും സംഘർഷവും സമ്മേളിക്കുന്ന അക്ഷരനക്ഷത്രങ്ങളുടെ ഭാവതീവ്രത തലമുറകൾക്ക് പകർന്നുനൽകിയ എഴുത്തിന്റെ പുണ്യമായിരുന്നു മഹനായ എഴുത്തുകാരൻ. അദ്ദേഹത്തിന്റെ ജീവിതവും സൃഷ്ടികളും മലയാളികളുടെ മനസ്സിലെന്നും നിലനിൽക്കും. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം സാധാരണക്കാരുടെ ജീവിതം താറുമാറാക്കി എന്ന് എം.ടി. വാസുദേവന്‍ നായർ മുമ്പ് നടത്തിയ അഭിപ്രായം ജനങ്ങളുടെ യഥാർഥ അവസ്ഥ പ്രതിഫലിപ്പിക്കുന്നതായിരുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കാലാകാലങ്ങളിൽ സത്യസന്ധമായ അഭിപ്രായപ്രകടനം നടത്താൻ എക്കാലത്തും എം.ടി മടിച്ചിരുന്നില്ല എന്ന് ഒ.ഐ.സി.സി നാഷനൽ പ്രസിഡൻറ് ബിജു കല്ലുമല, റീജനൽ പ്രസിഡൻറ് ഇ.കെ. സലിം, റീജനൽ സംഘടന ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, റീജനൽ ട്രഷറർ പ്രമോദ് പൂപ്പാല എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.