റിയാദ്: അറബ് ലോകത്തെ സൈബർ സുരക്ഷയുടെ ആസ്ഥാനം ഇനി സൗദി അറേബ്യൻ തലസ്ഥാനമായ റിയാദ്. കൗൺസിൽ ഓഫ് അറബ് സൈബർ സെക്യൂരിറ്റിയുടെ റിയാദിൽ ചേർന്ന ആദ്യ സമ്മേളനത്തിലാണ് ഈ സുപ്രധാന തീരുമാനമെടുത്തത്. അറബ് രാജ്യങ്ങളുടെ സൈബർ സുരക്ഷ വകുപ്പ് മന്ത്രിമാരെ ഉൾപ്പെടുത്തി അടുത്തിടെയാണ് ഈ സമിതി രൂപവത്കരിച്ചത്. അതിന്റെ പ്രഥമ സമ്മേളനമാണ് റിയാദിൽ ചേർന്നത്. വിവിധ അറബ് രാജ്യങ്ങളുടെ സൈബർ സുരക്ഷ വകുപ്പ് മന്ത്രിമാർ തമ്മിൽ ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു.
കരാർ പ്രകാരം കൗൺസിൽ അതിന്റെ അംഗീകൃത ബോഡികളായ ജനറൽ സെക്രട്ടേറിയറ്റും എക്സിക്യൂട്ടിവ് ഓഫിസും ഉൾപ്പെടെ സ്ഥിരം ആസ്ഥാനം റിയാദായിരിക്കും. സൗദി അറേബ്യ സമർപ്പിച്ച നിർദേശത്തെ അടിസ്ഥാനമാക്കിയാണ് ‘അറബ് സൈബർ സുരക്ഷ വകുപ്പ് മന്ത്രിമാരുടെ സമിതി’ രൂപവത്കരിച്ചത്. സൈബർ സുരക്ഷ കാര്യങ്ങളുടെ ചുമതലയുള്ള അറബ് മന്ത്രിമാർ അടങ്ങുന്ന ഒരു കൗൺസിലാണ് ഇത്. അറബ് ലീഗിന്റെ പരിധിയിലാണിത് വരുക. അറബ് ലീഗിന് കീഴിലെ സൈബർ സെക്യൂരിറ്റി മന്ത്രിമാർ കൗൺസിലിന്റെ കുടക്കീഴിലാണ് പ്രവർത്തിക്കുക. കൂടാതെ സൈബർ സുരക്ഷയിൽ സംയുക്ത അറബ് പ്രവർത്തനം വികസിപ്പിക്കുന്ന പൊതുനയങ്ങൾ രൂപവത്കരിക്കുന്നതിനും തന്ത്രങ്ങളും മുൻഗണനകളും ക്രമീകരിക്കുന്നതിനും കൗൺസിലിന് ഉത്തരവാദിത്തമുണ്ട്. സുരക്ഷ, സാമ്പത്തിക, വികസന, നിയമ നിർമാണതലങ്ങളിൽ സൈബർ സുരക്ഷയിലെ എല്ലാ വിഷയങ്ങളും സംഭവവികാസങ്ങളും പരിഗണിക്കും. കൗൺസിൽ അംഗീകരിച്ച നയങ്ങളും തന്ത്രങ്ങളും നടപ്പാക്കാനായി സൈബർ സുരക്ഷമേഖലയിലെ സംയുക്ത അറബ് പദ്ധതികൾക്ക് അംഗീകാരം നൽകുന്നതും അധികാരപരിധിയിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.