ദമ്മാം: വിവിധ മതസമൂഹങ്ങള്‍ക്കിടയില്‍ സഹൃദവും പാരസ്പര്യവും കൂടുതല്‍ ശക്തിപ്പെടുന്നതിനും വിശ്വാസവും സ്നേഹവും അറ്റുപോവാതിരിക്കാനും സൗഹൃദ സംവാദങ്ങൾക്ക് സാധിക്കുമെന്ന് ബലിപെരുന്നാളിനോടനുബന്ധിച്ച് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ദമ്മാം സെൻട്രൽ കമ്മിറ്റി സൈഹാത്തിൽ സംഘടിപ്പിച്ച സൗഹൃദ സംഗമം അഭിപ്രായപ്പെട്ടു.
ആധുനിക സമൂഹത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ തെറ്റിദ്ധരിക്കാതിരിക്കാൻ ഇത്തരം സംഗമങ്ങൾ കൊണ്ട് സാധിക്കുമെന്നും നാട്ടിലും പ്രവാസത്തിലും നാം മുറുകെ പിടിക്കുന്ന സൗഹൃദാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ കരുതിയിരിക്കണമെന്നും സംസാരിച്ചവർ ആവശ്യപ്പെട്ടു.
നബി കാണിച്ച മതസഹിഷ്ണുത എല്ലാവരും പിന്തുടർന്നാൽ മതനിന്ദയുടെ ബഹളങ്ങൾ മനുഷ്യമനസ്സുകളിൽനിന്ന് എടുത്തുകളയാൻ പറ്റുമെന്നും ഹജ്ജ് നൽകുന്ന മാനവികതയുടെ സന്ദേശം അതാണെന്നും വിഷയാവതരണം നടത്തിയ ഐ.സി.എഫ് പ്രൊവിൻസ് ദഅവ കാര്യ സെക്രട്ടറി ഹാരിസ് ജൗഹരി പറഞ്ഞു. സെൻട്രൽ പ്രസിഡന്റ് ശംസുദ്ദീൻ സഅദി അധ്യക്ഷത വഹിച്ചു.
ഐ.സി.എഫ് ഇന്റർനാഷനൽ മീഡിയ ആൻഡ് പബ്ലിക്കേഷൻ സെക്രട്ടറി സലിം പാലിച്ചിറ ഉദ്ഘാടനം ചെയ്തു.
രമേശ്, അനിൽകുമാർ ഗംഗാധരൻ, അഹമദ് നിസാമി, മുഹമ്മദ് അമാനി, ടിറ്റോ തോമസ്, ചന്ദ്രകുറുപ്പ്, അബ്ദുല്ല കാന്തപുരം എന്നിവർ സംസാരിച്ചു. ഹംസ ഏളാട് സ്വാഗതവും ഹർഷാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.