റിയാദ്: ഗൾഫ് മാധ്യമലോകത്ത് 25 വർഷം പിന്നിടുന്ന ‘ഗൾഫ് മാധ്യമ’ത്തിന്റെ സിൽവർ ജൂബിലി ആഘോഷമായ ‘ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ്’ വർണാഭമാക്കാൻ കൂടുതൽ മലയാളി സാമൂഹിക സംഘടനകൾ രംഗത്ത്. ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) അംഗങ്ങളും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. റിയാദിന് ഹൃദ്യമായ ഒട്ടേറെ സർഗാത്മക ആഘോഷ പരിപാടികൾ സമ്മാനിച്ച ‘ഗൾഫ് മാധ്യമ’ത്തിന്റെ പുതിയ പരിപാടിയും വളരെ ആകാംക്ഷയോടെയാണ് തങ്ങൾ കാത്തിരിക്കുന്നതെന്ന് ജി.എം.എഫ് ചെയർമാൻ റാഫി പാങ്ങോട് പറഞ്ഞു.
ജി.എം.എഫ് അംഗങ്ങളും അഭ്യുദയകാംക്ഷികളും ഇതിന്റെ വിജയത്തിനു വേണ്ടി പ്രയത്നിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അബ്ദുൽ അസീസ് പവിത്ര, കെ.പി. ഹരികൃഷ്ണൻ, ഷാജി മഠത്തിൽ എന്നിവർ സംസാരിച്ചു. ഗൾഫ് മാധ്യമം റസിഡന്റ് മാനേജർ സലീം മാഹി ചടങ്ങിൽ സന്നിഹിതനായിരുന്നു. ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ് ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ ഒരു സാംസ്കാരിക സംഭവമായി മാറ്റണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഗായികയും അധ്യാപികയുമായ ഹിബ അബ്ദുസ്സലാം ‘ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റി’ന് അഭിവാദ്യം നേർന്നു കൊണ്ട് ഗാനമാലപിച്ചു.
ഒക്ടോബർ നാല്, അഞ്ച് തീയതികളിൽ റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ ബോയ്സ് സ്കൂളിലാണ് പരിപാടി. അഞ്ചിനാണ് കുഞ്ചാക്കോ ബോബനും മലയാളി കലാകാരന്മാരും പങ്കെടുക്കുന്ന ‘വൈബ്സ് ഓഫ് കേരള’ എന്ന പരിപാടി. ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രുചിപ്പെരുമകളുടെ ഫുഡ് കോർണർ, വിവിധ വാണിജ്യ കേന്ദ്രങ്ങളുടെ പ്രൊപ്പർട്ടി ഷോകൾ, എക്സ്പോ എന്നിവയും കുട്ടികൾക്ക് വേണ്ടി കളറിങ് മത്സരം, ഗായകർക്കായി സിങ് ആൻഡ് വിൻ മത്സരങ്ങളും നടക്കും. വൈകീട്ട് 7.30നാണ് സംഗീതത്തിന് പ്രാധാന്യമുള്ള സ്റ്റേജ് ഷോ. ടിക്കറ്റുകൾ ഓൺലൈനിലും റിയാദ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ കേന്ദ്രങ്ങളിലും ഗൾഫ് മാധ്യമം ഓഫിസിലും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.