ജിദ്ദ: ജിദ്ദ ഇസ്ലാമിക് തുറമുഖത്ത് ‘മെർസ്കി’ന്റെ ലോജിസ്റ്റിക്സ് ഏരിയ പ്രവർത്തനം ആരംഭിച്ചത് വികസനത്തിന്റെ ഒരു സുപ്രധാന ഘട്ടമാണെന്ന് സൗദി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി സ്വാലിഹ് അൽ ജാസർ പറഞ്ഞു. ഏരിയയുടെ വിസ്തീർണം 2,25,000 ചതുരശ്ര മീറ്ററാണ്. വിവിധ തരം ചരക്കുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി, 25 ഡിഗ്രി സെൽഷ്യസ് വരെ ശീതീകരിച്ച സാധനങ്ങൾ, രാസവസ്തുക്കൾ, മറ്റുള്ളവ സൂക്ഷിക്കാനുള്ള ശേഷി എന്നീ സൗകര്യങ്ങളാണ് ഇവിടെയുള്ളത്.
പുതിയ ഈ മേഖല സമ്പൂർണ ലോജിസ്റ്റിക്സ് സൊല്യൂഷനുകളും സാമ്പത്തിക ഉന്നതിയും വാഗ്ദാനം ചെയ്യും. കിരീടാവകാശി ആരംഭിച്ച ഗതാഗത, ലോജിസ്റ്റിക്സ് സേവനങ്ങൾക്കായുള്ള ദേശീയ തന്ത്രത്തിന് അനുസൃതമാണിത്. ആ പ്രഖ്യാപനത്തിനു ശേഷം രാജ്യത്തെ ഒരു ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമാക്കി മാറ്റുന്നതിനും അതിന്റെ സ്ഥാനം പ്രയോജനപ്പെടുത്തുന്നതിനുമായി ലോജിസ്റ്റിക് മേഖലയിൽ വലിയ പുരോഗതിക്കാണ് സാക്ഷ്യം വഹിച്ചതെന്നും ഗതാഗത മന്ത്രി പറഞ്ഞു.
സ്വകാര്യമേഖലയിൽനിന്നുള്ള 130 കോടി റിയാലിന്റെ മുതൽമുടക്കിൽ 18 മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാൻ കഴിഞ്ഞു. ഇത് രാജ്യത്തിന്റെയും വിദേശ നിക്ഷേപത്തിനായുള്ള ലോജിസ്റ്റിക് മേഖലയുടെയും ആകർഷണീയതയാണ് പ്രതിഫലിപ്പിക്കുന്നത്.
കൂടാതെ ലോജിസ്റ്റിക് മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള ഒരു പൂരകമായി ഇത് വരുന്നു. ജിദ്ദ തുറമുഖത്തുള്ള മെർസ്കിന്റെ ലോജിസ്റ്റിക്സ് ഏരിയ രാജ്യത്തുടനീളം വിതരണം ചെയ്യുന്ന 18 പ്രോജക്ടുകളിൽ ഒന്നാണ്. പദ്ധതികൾ ഒന്നിനുപിറകെ ഒന്നായി തുടരുകയാണ്. 2030ഓടെ ദേശീയ തലത്തിൽ 59 ലോജിസ്റ്റിക് മേഖലകളിലെത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ലോജിസ്റ്റിക്സ് മേഖലകളിലേക്ക് റോഡുകളുമായും വിമാനത്താവളങ്ങളുമായും സംയോജിപ്പിച്ച് മറ്റ് 12 ലോജിസ്റ്റിക് സോണുകൾക്കായുള്ള കരാറുകൾ വരും വർഷങ്ങളിൽ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിലത് കസ്റ്റംസ് വെയർഹൗസ് ഏരിയകളായും ചിലത് പ്രത്യേക മേഖലകളായും മാറ്റും. ലോജിസ്റ്റിക് ജോലികൾക്കുള്ള സംവിധാനം വഴി തുറമുഖങ്ങളെ വിമാനത്താവളങ്ങളുമായി ബന്ധിപ്പിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.