ജിദ്ദ: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയതിലൂടെ നരേന്ദ്ര മോദി നഗ്നമായ ഭരണഘടനാലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് ജിദ്ദ നവോദയ വിലയിരുത്തി. മതനിരപേക്ഷതയും ബഹുസ്വരതയും അടിത്തറയായ ഒരു ഭരണഘടന നിലനിൽക്കുന്ന രാജ്യത്താണ് സർക്കാർ ചെലവിൽ ക്ഷേത്രം പണിയുന്നതും പ്രതിഷ്ഠയുമെന്നത് ഏറെ ഗൗരവമുള്ള സംഗതിയാണ്. ഇത് ഹിന്ദുത്വ ഇന്ത്യയുടെ നിർമിതിക്കായുള്ള നീക്കമാണ്.
രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്ത് ഹിന്ദുത്വ വർഗീയതയാണെന്ന് തിരിച്ചറിയുകയും അതിനെ നേരിടാൻ എല്ലാ മനുഷ്യസ്നേഹികളും ഒരുമിച്ച് അണിനിരക്കണമെന്നും ജിദ്ദ നവോദയ ഓർമിപ്പിച്ചു. മോദി സർക്കാർ തികഞ്ഞ പരാജയമാണ്. രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യ കുത്തകകൾക്ക് തീറെഴുതിക്കൊടുത്തു.
ലോക പട്ടിണി സൂചികയിൽ 111ാം സ്ഥാനത്താണ് ഇന്ത്യ. തെക്കെനേഷ്യയിൽ അഫ്ഗാനിസ്താൻ മാത്രമാണ് ഇന്ത്യക്ക് മുകളിലുള്ളത്. സാധാരണക്കാർക്ക് ജീവിക്കാൻ കഴിയാത്ത രാജ്യമായി മോദിക്കാലത്ത് ഇന്ത്യ മാറിക്കഴിഞ്ഞു. ഭരണ പരാജയത്തിൽനിന്ന് ശ്രദ്ധതിരിക്കാൻ ശ്രീരാമനെയും അയോധ്യയെയും ഹിന്ദുമതത്തെയും പരിചയാക്കി ഉപയോഗിക്കുകയാണ് രാജ്യം ഭരിക്കുന്നവർ.
മനുഷ്യരെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് ഭരണം നടത്തിയിരുന്ന ബ്രിട്ടീഷുകാരുടെ പാതയാണ് മോദി സർക്കാർ പിന്തുടരുന്നത്. മത, ഭാഷാ ന്യൂനപക്ഷങ്ങളോടും ദലിത്, ആദിവാസി സമൂഹത്തോടും കടുത്ത അവജ്ഞയോടെയാണ് ഭരണകൂടം പെരുമാറുന്നത്. തങ്ങളുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ കഴിയാത്ത കേരളംപോലുള്ള പ്രദേശങ്ങളെ അർഹമായ കേന്ദ്രവിഹിതം നൽകാതെയും വായ്പപരിധി വെട്ടിക്കുറച്ചും സാമ്പത്തിക ഉപരോധത്തിലേക്ക് തള്ളിവിടുകയാണ് രാജ്യം ഭരിക്കുന്നവർ.
സംഘ്പരിവാരത്തിന്റെ ഹിന്ദുത്വവത്കരണത്തിനെതിരെ അവസാനത്തെ മനുഷ്യനെപോലും അണിനിരത്തി വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലൂടെ കനത്ത തിരിച്ചടി നൽകണമെന്നും നവോദയ കേന്ദ്ര കമ്മിറ്റിക്കുവേണ്ടി ഭാരവാഹികളായ രക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡന്റ് കിസ്മത്ത് മമ്പാട്, ആക്ടിങ് ജനറല്‍ സെക്രട്ടറി ഫിറോസ് മുഴുപ്പിലങ്ങാട്, ട്രഷറർ സി.എം. അബ്ദുറഹിമാൻ എന്നിവർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.