ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാ ദിനാചരണ പരിപാടിയിൽ നിന്ന്.

ഇന്ത്യൻ കോൺസുലേറ്റ് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു

ജിദ്ദ: ‘യോഗ വസുദൈവ കുടുംബകത്തിന്’ എന്ന ശീർഷകത്തിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജിദ്ദയിലെ പാർക്ക് ഹയാത്ത് ഹോട്ടലിലെ അൽ സോഹ്ബ ഗാർഡനിൽ വെച്ചാണ് യോഗാദിന പരിപാടികൾ നടന്നത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കിങ് ഫഹദ് ജലധാരയുടെ മനോഹരമായ പശ്ചാത്തലത്തിൽ നടന്ന അന്താരാഷ്ട്ര യോഗാ ദിന പരിപാടികൾ ഏറെ ആകര്ഷകമായിരുന്നു. കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം മുഖ്യാഥിതി ആയിരുന്നു. മനസ്സിന്റെയും ശരീരത്തിന്റെയും പിരിമുറുക്കം കുറയ്ക്കാൻ യോഗ പരിശീലിച്ചതിന്റെ വ്യക്തിപരമായ അനുഭവം അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. യോഗാ പ്രേമിയായ സൗദി പൗരൻ യഹ്‌യ അൽ ഷരീഫ് യോഗയിലെ തന്റെ അനുഭവം അവതരിപ്പിച്ചു.

അന്താരാഷ്ട്ര യോഗാ ദിനാചരണ പരിപാടിയിൽ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം സംസാരിക്കുന്നു.

 ജിദ്ദയിലെ പ്രശസ്തരായ രണ്ട് യോഗ പരിശീലകരായ സൽവ അൽ മദനി, ഇറം ഖാൻ എന്നിവർ യോഗ പരിശീലിക്കുന്നതിന്റെ ആരോഗ്യ നേട്ടങ്ങളെക്കുറിച്ചുള്ള തങ്ങളുടെ വീക്ഷണങ്ങൾ പങ്കുവെച്ചു. കോൺസുലേറ്റ് ഉദ്യോഗസ്ഥർ, വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രധാന ഇന്ത്യൻ വ്യക്തിത്വങ്ങൾ, മാധ്യമ പ്രവർത്തകർ, ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. യോഗാ പരിശീലകർക്ക് കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, പത്നി ഡോ. ഷക്കീല ഷാഹിദ് എന്നിവർ പ്രശംസാപത്രം സമ്മാനിച്ചു. ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിലും കോൺസുലേറ്റുമായി സഹകരിച്ച് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.

ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ നടന്ന അന്താരാഷ്ട്ര യോഗാ ദിനാചരണ പരിപാടിയിൽ നിന്ന്.


Tags:    
News Summary - Indian Consulate celebrated International Day of Yoga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.